
കോഴിക്കോട്: മണിക്കൂറുകളുടെ ഇടവേളയിൽ ഭർത്താവും ഭാര്യയും മരിച്ചു. കുന്ദമംഗലം പെരിങ്ങളം തമ്പലങ്ങോട്ട് സീതാലയം വീട്ടിൽ മുടവങ്ങാട്ട് മാധവൻ (69), ഭാര്യ തങ്കം (56) എന്നിവരാണ് മരണപ്പെട്ടത്. ഒരു ശസ്ത്രക്രിയയ്ക്കായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മാധവൻ ചൊവാഴ്ച്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നത്.
വൈകുന്നേരം നാലു മണിയോടെ മൃതദേഹം വീട്ടിലെത്തിക്കുകയും ചടങ്ങുകൾക്ക് ശേഷം രാത്രി 11 മണിയോടെ വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്കരിക്കാൻ ബന്ധുക്കൾ കൊണ്ടു പോവുകയും ചെയ്തു. ഇതിനിടെ ബുധനാഴ്ച രാത്രി 11.45 ഓടെ വീട്ടിൽ വെച്ച് ശ്വാസംമുട്ടൽ അനുഭവപ്പെട്ട മാധവന്റെ ഭാര്യ തങ്കത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണമടയുകയായിരുന്നു.
മാധവന്റെ സംസ്കാരം കഴിഞ്ഞ് വെസ്റ്റ്ഹില്ലിൽ നിന്ന് തിരിച്ചു വരികയായിരുന്ന ബന്ധുക്കൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് രാത്രി തങ്കയുടെ മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന് വീട്ടിലെത്തിച്ച് ചടങ്ങുകൾ പൂർത്തിയാക്കി വ്യാഴാഴ്ച പുലർച്ചെ 2.30 ഓടെ വെസ്റ്റ്ഹിൽ ശ്മശാനത്തിലെത്തിച്ച് സംസ്കരിച്ചു. അസുഖബാധിതയായിരുന്ന തങ്കത്തെ സഹായങ്ങളെല്ലാം ചെയ്ത് പരിചരിച്ച് വന്നിരുന്ന ഭർത്താവിൻ്റെ പെട്ടെന്നുള്ള വേർപാട് തങ്കത്തെ വല്ലാതെ തളർത്തിയിരുന്നു. മണിക്കൂറുകളുടെ വ്യത്യാസത്തിലുണ്ടായ ദമ്പതികളുടെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലാണ് ബന്ധുക്കളും നാട്ടുകാരും. ശനിയാഴ്ച.യാണ് സഞ്ചയനം.
മാനന്തവാടി ആർടിഒ ഓഫീസ് ഉദ്യോഗസ്ഥ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
മാനന്തവാടി: വയനാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി സബ് ആര്‍.ടി.ഒ ഓഫീസിലെ ജീവനക്കാരിയായ എടവക എള്ളുമന്ദം പുളിയാര്‍മറ്റത്തില്‍ സിന്ധു (42) ആണ് ജീവനൊടുക്കിയത്. സബ് ആര്‍.ടി.ഒ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്കാണ് സിന്ധു. ഒന്‍പത് വർഷമായി മാനന്തവാടി സബ് ആർടിഒ ഓഫീസിൽ ജീവനക്കാരിയാണ്,
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സിന്ധുവിനെ സഹോദരന്‍റെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭിന്നശേഷിയുള്ളയാളും അവിവാഹിതയുമാണ് സിന്ധു. മരണകാരണം ഇതുവരെ വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. അതേസമയം സിന്ധുവിന്റെ ആത്മഹത്യക്ക് പിന്നിൽ ദുരൂഹതയെന്ന് കുടുംബം ആരോപിച്ചു. മാനന്തവാടി സബ് ആർടിഒ ഓഫിസിലെ ഉദ്യോഗസ്ഥരുടെ മാനസിക പീഡനം കാരണമാണ് ആത്മഹത്യയെന്ന് സഹോദരൻ നോബിൾ പറയുന്നു. ഓഫീസിൽ കൈക്കൂലി വാങ്ങാൻ കൂട്ടുനിൽക്കാത്തത് ഉദ്യോഗസ്ഥരുടെ പകയ്ക്ക് കാരണമെന്നും തന്നെ ഒറ്റെപ്പെടുത്താൻ ഉദ്യോഗസ്ഥർ ശ്രമിച്ചതായി സിന്ധു പറഞ്ഞിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.
ജോലി നഷ്ടപ്പെടുമെന്ന് സിന്ധു ഭയപ്പെട്ടിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ ഓഫീസിൽ സിന്ധുവുമായി പ്രശ്നങ്ങളോ തർക്കങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് മാനന്തവാടി ജോയിന്‍റ് ആർടിഒ പ്രതികരിച്ചത്. പിതാവ് : ആഗസ്തി മാതാവ് : പരേതയായ ആലീസ്. സഹോദരങ്ങള്‍ : ജോസ്, ഷൈനി, ബിന്ദു, നോബിള്‍.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam