കോടതിയിൽ ബഹളം വച്ചതിന് കസ്റ്റഡിയിലായി, വനിതാ എസ്ഐയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് സ്ത്രീയുടെ പരാക്രമം; അറസ്റ്റ്

By Web TeamFirst Published Feb 1, 2023, 5:24 PM IST
Highlights

തൃശൂർ ഈസ്റ്റ്  സ്‌റ്റേഷനിലെ വനിതാ എസ് ഐ  ഗിതുമോൾ , എ എസ് ഐ സുധീപ് എന്നിവരുടെ കണ്ണിലേക്കാണ് സൗദാമിനി മുളക് പൊടിയെറിഞ്ഞത്

തൃശൂർ: കോടതിയിൽ ബഹളം വച്ചതിന് കസ്റ്റഡിയിലെടുത്ത സ്ത്രീ പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞു. വനിതാ എസ് ഐ അടക്കമുള്ളവരുടെ കണ്ണിലേക്കാണ്  സ്ത്രീ മുളകുപൊടി എറിഞ്ഞ് അക്രമം നടത്തിയത്. വെളപ്പായ സ്വദേശിനി സൗദാമിനിയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞത്. തൃശൂർ ഈസ്റ്റ്  സ്‌റ്റേഷനിലെ വനിതാ എസ് ഐ  ഗിതുമോൾ , എ എസ് ഐ സുധീപ് എന്നിവരുടെ കണ്ണിലേക്കാണ് സൗദാമിനി മുളക് പൊടിയെറിഞ്ഞത്. തൃശൂർ വിജിലൻസ് കോടതിയിൽ ബഹളം വച്ചതിനെത്തുടർന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലേക്ക് കൊണ്ടുവരും വഴിയാണ് ഇവർ പൊലീസ് ഉദ്യോഗസ്ഥർക്കു നേരെ മുളക് പൊടി എറിഞ്ഞത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് സൗദാമിനിയെന്നാണ് റിപ്പോർട്ടുകൾ.

സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ അനധിക‍ൃത മദ്യവിൽപ്പന, എക്സൈസ് കണ്ടെത്തി, അറസ്റ്റ്; മദ്യശേഖരവും പിടികൂടി

അതേസമയം കൊച്ചിയിൽ നിന്ന് ഇന്നലെ പുറത്തുവന്ന മറ്റൊരു വാർത്ത സ്ത്രീകളുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് സ്വർണ്ണം കവരുന്ന മോഷ്ടാവ് പിടിയിലായി എന്നതാണ്. പാലക്കാട് ആലത്തൂർ സ്വദേശി രതീഷാണ് കൊച്ചി എളമക്കര പൊലീസിന്‍റെ പിടിയിലായത്. പാലക്കാടും ഇയാൾക്കെതിരെ കേസുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പുലർച്ചെ ആരാധനാലയങ്ങളിൽ പോകുന്ന സ്ത്രീകളെ ലക്ഷ്യം വച്ചായിരുന്നു ഇയാൾ ആക്രമണവും മോഷണവും നടത്തിവന്നിരുന്നത്. വഴിയരികിൽ കാത്ത് നിന്ന് മുളകുപൊടിയെറിഞ്ഞ് സ്വർണ്ണം മോഷ്ടിക്കുക എന്നതാണ് ഇയാളുടെ ശൈലി.

പാലക്കാട് ആലത്തൂർ സ്വദേശി രതീഷ് ഒരു മാസമായി മുളകുപൊടി എറിഞ്ഞ് കവർച്ച നടത്തുകയായിരുന്നു. 18 ാം തിയതി പൊണെക്കരയിലും 25 ാം  തീയതി ഇടപ്പള്ളിയിലും മോഷണം നടത്തിയിരുന്നു. എളമക്കര ഭാഗത്ത് മോഷണം നടത്താൻ മുളകുപൊടിയുമായി സഞ്ചരിക്കുമ്പോഴാണ് എളമക്കര പൊലീസ് രതീഷിനെ പിടികൂടുന്നത്. ഡിസംബറിൽ പാലക്കാട് പാട വരമ്പത്ത് കൂടി നടന്നുപോയ വൃദ്ധയെ  വെള്ളത്തിൽ തള്ളിയിട്ട് മുക്കിപിടിച്ചാണ് മാല മോഷ്ടിച്ചത്. ഈ കേസിന്‍റെ അന്വേഷണത്തിനിടയിൽ പാലക്കാട് പൊലീസിന്‍റെ കണ്ണുവെട്ടിച്ചാണ് എറണാകുളത്ത് എത്തിയത്. ആലുവയിലെ വാടക വീട്ടിൽ താമസിച്ചാണ് ഇയാൾ ജില്ലയിൽ മോഷണങ്ങൾ നടത്തി വന്നിരുന്നത്. 2012ൽ കൊച്ചിയിലെ വിവിധ മോഷണക്കേസുകളിൽ രതീഷ് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

click me!