തിരുവനന്തപുരം നഗരത്തിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് 20 മിനിറ്റോളം റോഡില്‍ കിടന്ന സ്ത്രീ മരിച്ചു

By Web TeamFirst Published Oct 26, 2022, 2:26 PM IST
Highlights

 ഇന്നലെ രാവിലെ പനവിള ജംഗ്ഷന് സമീപമുണ്ടായ അപകടത്തിൽ പരിക്ക് പറ്റി 20 മിനിറ്റോളം റോഡിൽ കിടന്ന ഇവരെ മറ്റൊരു ബസിൽ വന്ന യാത്രക്കാരാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.


തിരുവനന്തപുരം: ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ പോകുകയായിരുന്ന കെ എസ് എഫ് ഇ ബ്രാഞ്ച് മാനേജര്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് മരിച്ചു. ഇന്നലെ രാവിലെ പനവിള ജംഗ്ഷന് സമീപമുണ്ടായ അപകടത്തിൽ പരിക്ക് പറ്റി 20 മിനിറ്റോളം റോഡിൽ കിടന്ന ഇവരെ മറ്റൊരു ബസിൽ വന്ന യാത്രക്കാരാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഉള്ളൂര്‍ ഭാസി നഗര്‍ സ്വദേശിനി കുമാരി ഗീത (52) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെ തിരുവനന്തപുരം തമ്പാനൂരിന് സമീപം പനവിള ജങ്ഷനിലായിരുന്നു അപകടം. 

കാസര്‍കോട് ജില്ലയിലെ ചിറ്റാരിക്കല്‍ കെ എസ് എഫ് ഇ ബ്രാഞ്ച് മാനേജരായ കുമാരി ഗീത ദീപാവലി അവധിക്ക് വീട്ടിലെത്തിയ ശേഷം തിരികെ ചിറ്റാരിക്കലിലേക്ക് മടങ്ങാന്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുമ്പോഴായിരുന്നു അപകടം. സ്കൂട്ടർ ഓടിച്ചിരുന്ന കുമാരി ഗീതയുടെ ഭർത്താവും ആംഡ് പൊലീസ് ഇന്‍സ്‌പെക്ടറുമായ പരമേശ്വരന്‍ നായര്‍ക്ക് അപകടത്തിൽ നിസാര പരിക്കേറ്റു. 

അപകടത്തില്‍പ്പെട്ട് റോഡില്‍ വീണ് കിടന്ന കുമാരി ഗീതയെ 20 മിനിറ്റിന് ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്ന് ആക്ഷേപമുയര്‍ന്നു. അപകടത്തെ തുടര്‍ന്ന് ഇരുപത് മിനിറ്റോളം റോഡില്‍ കിടന്നതിനെ തുടര്‍ന്ന് ഏറെ രക്തം നഷ്ടമായിരുന്നു. പിന്നാലെ വന്ന മറ്റൊരു ബസിലെ യാത്രക്കാര്‍ ഇവരെ സ്വകാര്യ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.  കുമാരി ഗീതയുടെ ഭര്‍ത്താവ് പരമേശ്വരന്‍ നായര്‍ ദീര്‍ഘകാലം മുന്‍ മുഖ്യമന്ത്രി കെ.കരുണകരന്‍റെ ഗണ്‍മാനായിരുന്നു. മക്കള്‍: ഗൗരി, ഋഷികേശ്. മരുമകന്‍: കിരണ്‍ (കെ എസ് ഇ ബി).
 

കൂടുതല്‍ വായനയ്ക്ക്: ചേര്‍ത്തല ദേശീയപാതയിലുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ട് മരണം

click me!