അപകടത്തെ തുടര്‍ന്ന് നിര്‍ത്താതെ പോയ വാഹനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ചേര്‍ത്തല പൊലീസ് വയര്‍ലെസ് സംവിധാനത്തിലൂടെ കൈമാറിയിരുന്നു. 

ചേര്‍ത്തല: ദേശീയപാതയില്‍ പട്ടണക്കാടും ചേര്‍ത്തല പൊലീസ് സ്‌റ്റേഷന് സമീപത്തും ഉണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ടു പേര്‍ മരിച്ചു. ദേശീയപാതയില്‍ പട്ടണക്കാട് മില്‍മ കാലിത്തീറ്റ ഫാക്ടറിക്ക് സമീപം സൈക്കിളില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ഷാപ്പ് ജീവനക്കാരനായ പട്ടണക്കാട് ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ നീലകണ്ണാട്ട് നികര്‍ത്തില്‍ മനോഹരനാണ് (62) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറോടെയായിരുന്നു അപകടം. തുറവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഭാര്യ: ശശികല. മക്കള്‍: ആശ, മഞ്ജു, ഐശ്വര്യ. മരുമകന്‍: സിലന്‍, സുരേഷ്.

ചേര്‍ത്തല പോലീസ് സ്റ്റേഷന് സമീപം കാല്‍ നടയാത്രക്കാരന്‍ വാഹനമിടിച്ച് മരിച്ചു. നിര്‍ത്താതെ പോയ വാഹനം ആലപ്പുഴ ബൈപാസിന് സമീപത്ത് വെച്ച് പൊലീസ് പിടികൂടി. തണ്ണീര്‍മുക്കം പഞ്ചായത്ത് 20-ാം വാര്‍ഡ് മണവേലി തെക്ക് ദീപു നിവാസില്‍ വിശ്വനാഥന്‍ (78) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. ഇന്‍സലേറ്റഡ് വാനാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വിശ്വനാഥന്‍ റോഡരികിലേക്ക് തെറിച്ചുവീണു. 

അപകടത്തെ തുടര്‍ന്ന് നിര്‍ത്താതെ പോയ വാഹനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ചേര്‍ത്തല പൊലീസ് വയര്‍ലെസ് സംവിധാനത്തിലൂടെ കൈമാറിയിരുന്നു. ഇതേത്തുടര്‍ന്ന് വാഹനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ബൈപാസിന് സമീപത്ത് വെച്ച് അപകടമുണ്ടാക്കിയ വാഹനം പിടികൂടി. കര്‍ണാടക സ്വദേശിയായിരുന്നു വാഹനം ഓടിച്ചിരുന്നത്. ചേര്‍ത്തല പൊലീസ് കെസെടുത്തു. തുടര്‍ന്ന് വാഹനം കസ്റ്റഡിയിലെടുത്തു. ഭാര്യ തങ്കമണി മരിച്ച് പത്താം ദിവസത്തിലാണ് വിശ്വനാഥന്‍ അപകടത്തില്‍ മരിച്ചത്. മക്കള്‍: ദീപ, ദിപു. മരുമക്കള്‍: ഷാജി, സോണി. സഞ്ചയനം ശനിയാഴ്ച രാവിലെ പത്തിന്.