
പാലക്കാട്: പക്ഷിക്കൂട്ടിൽ തീറ്റ നൽകാൻ കൈകടത്തിയ യുവതി മുർഖൻ്റെ കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്. കപ്പൂർ പഞ്ചായത്തിലെ കാഞ്ഞിരത്താണിയിലാണ് സംഭവം. പിലാക്കൽ ഉമ്മറിൻ്റെ വീട്ടിലെ ലൗ ബേർഡ്സിൻ്റെ കൂട്ടിലാണ് മുർഖർ പാമ്പ് കയറിയത്. പക്ഷികളിലൊന്നിനെ അകത്താക്കി കൂട്ടിൽ വിശ്രമിക്കുകയായിരുന്നു മൂർഖൻ. ഇതിനിടെ ഉമ്മറിൻ്റെ മരുമകൾ ഫർഹാന രാവിലെ പത്ത് മണിയോടെ പക്ഷികൾക്ക് തീറ്റ നൽകാൻ കൂടിനടുത്തെത്തി. ശേഷം കൂട്ടിൽ കൈ കടത്തി എന്നും തീറ്റ നൽകുന്ന പാത്രം എടുക്കാൻ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ട് ശ്രദ്ധിച്ചപ്പോഴാണ് പത്തിവിരിച്ച് നിൽക്കുന്ന മുർഖൻ കണ്ണിൽ പെടുന്നത്. തലനാരിഴക്കാണ് ഫർഹാന പാമ്പിൻ്റെ കടിയേൽക്കാതെ രക്ഷപ്പെട്ടത്. തുടർന്ന് വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പ് പിടുത്ത വിദഗ്ദൻ കൈപ്പുറം അബ്ബാസ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. ഒരു മീറ്ററിലധികം നീളം വരുന്ന മൂർഖനെയാണ് പക്ഷിക്കൂട്ടിൽ നിന്ന് പുറത്തിറക്കി കാട്ടിൽ വിട്ടയച്ചത്.