വീട്ടിലെ രഹസ്യ അറയിൽനിന്ന് ബ്ലാക്ക് വിൽപ്പനയ്ക്കായി കരുതിയിരുന്ന 25.5 ലിറ്റർ ജവാൻ ബ്രാൻ്റ് ഉൾപ്പെട്ട ഇന്ത്യൻ നിർമിത വിദേശമദ്യമാണ് പിടികൂടിയത്.
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള ഡ്രൈ ഡേ കണക്കാക്കി അനധികൃതമായി മദ്യവിൽപ്പന നടത്തിയയാൾ വാമനപുരം എക്സൈസിന്റെ പിടിയിലായി. പാങ്ങോട് ചന്തക്കുന്ന് സ്വദേശി നൗഷാദ് (51) ആണ് പിടിയിലായത്. പാങ്ങോട് ചന്തക്കുന്നിലുള്ള വീട്ടിലെ രഹസ്യ അറയിൽനിന്ന് ബ്ലാക്ക് വിൽപ്പനയ്ക്കായി കരുതിയിരുന്ന 25.5 ലിറ്റർ ജവാൻ ബ്രാൻ്റ് ഉൾപ്പെട്ട ഇന്ത്യൻ നിർമിത വിദേശമദ്യമാണ് പിടികൂടിയത്. മദ്യവിൽപ്പന നടക്കുന്നുവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വാമനപുരം എക്സൈസ് ഇൻസ്പെക്ടർ ശ്രാവൺ സി.എസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. ക്രിമിനൽ കേസുകളിലും അബ്കാരി കേസുകളിലും ശിക്ഷയനുഭവിച്ചയാളാണ് പിടിയിലായ നൗഷാദ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


