
മലപ്പുറം: മലപ്പുറം വെട്ടിച്ചിറയിൽ എസ് ഐ ആറിന്‍റെ പേരിൽ വീട്ടിലെത്തി കവര്‍ച്ച. കരിങ്കപ്പാറ ഹംസ ഹാജിയുടെ വീട്ടിലാണ് മോഷണം. പ്രതി എത്തിയത് സാരിയുടുത്ത് സ്ത്രീ വേഷത്തിലെന്ന് വീട്ടുകാര്‍ പറഞ്ഞു. വെള്ളിയാഴ്ച നട്ടുച്ചയ്ക്ക് വീട്ടിൽ കയറിയുള്ള മോഷണത്തിന്‍റെ നടുക്കത്തിലാണ് നാട്ടുകാർ. എസ് ഐ ആറിന്‍റെ പേരിൽ വീട്ടിലെത്തിയ പ്രതി വീട്ടമ്മയായ നഫീസയെ മര്‍ദിച്ച ശേഷമാണ് സ്വര്‍ണം കവര്‍ന്നത്. എസ് ഐ ആർ പരിശോധനക്കായി ആവശ്യപ്പെട്ട ആധാര്‍ കാര്‍ഡ് എടുക്കാനായി നഫീസ അകത്തേക്ക് കയറിയ തക്കം നോക്കിയായിരുന്നു ആക്രമണവും കവർച്ചയും. സംഭവത്തിൽ കൽപകഞ്ചേരി പൊലീസ് കേസെടുത്തു. പ്രദേശത്തെ സി സി ടി വികൾ കേന്ദ്രീകരിച്ചുള്ള വിശദമായ അന്വേഷണത്തിലാണ് പൊലീസ്.
വെള്ളിയാഴ്ച ഉച്ചയ്ക് പന്ത്രണ്ടര സമയത്താണ് നടുക്കുന്ന സംഭവമുണ്ടായത്. കരിങ്കപ്പാറ ഹംസ ഹാജിയുടെ വീട്ടിലെ ആണുങ്ങൾ പള്ളിയിൽ പോയ നേരം നോക്കിയാണ് അക്രമി എത്തിയത്. വീട്ടിൽ ഹംസയുടെ ഭാര്യ നഫീസ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ സമയത്ത് എത്തിയ പ്രതി, എസ് ഐ ആർ പരിശോധിക്കാൻ എന്ന വ്യാജേനെയാണ് നഫീസയെ സമീപിച്ചത്. ആദ്യം തന്നെ ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടു. ഇതെടുക്കാൻ നഫീസ അകത്ത് കയറിയ തക്കം നോക്കി പ്രതി വീട്ടിനകത്തേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. വീട്ടമ്മയെ മര്‍ദിച്ച ശേഷം കഴുത്തിൽ നിന്ന് സ്വര്‍ണ മാലയും കയ്യിൽ ഉണ്ടായിരുന്ന സ്വര്‍ണ വളയും കവര്‍ന്ന ശേഷം അതിവേഗം കടന്നു കളഞ്ഞു. നഫീസയുടെ കഴുത്തിനും കൈക്കും പരിക്കുണ്ട്. വീട്ടുകാരുടെ പരാതിയിൽ കൽപകഞ്ചേരി പൊലീസ് കേസെടുത്തു. കള്ളനെ കുറിച്ച് നിലവിൽ സൂചനകളില്ല. പ്രദേശത്ത് ഇത്തരമൊരു സംഭവവും ആദ്യമാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രദേശത്തെ സി സി ടി വികൾ കേന്ദ്രീകരിച്ച് തെരയാൻ പൊലീസ് ശ്രമിച്ചെങ്കിലും പ്രദേശത്ത് സി സി ടി വി വ്യാപകമല്ലെന്നത് വെല്ലുവിളിയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam