ഭര്‍ത്താവ് ആത്മഹത്യ ചെയ്ത് ഒരു വര്‍ഷം, ഭാര്യയും ആത്മഹത്യ ചെയ്തു; ഒന്നര വയസുള്ള കുഞ്ഞ് ഗുരുതരാവസ്ഥയില്‍

By Web TeamFirst Published Dec 6, 2022, 2:50 PM IST
Highlights

. ഭർത്താവ് അനീഷ് കഴിഞ്ഞ വര്‍ഷം സെപ്തംബറിൽ ആത്മഹത്യ ചെയ്തിരുന്നു. ഇതിന്‍റെ മനോവിഷമത്തിലായിരുന്നു ഇവരെന്ന് ബന്ധുക്കൾ പറഞ്ഞു. 

തിരുവനന്തപുരം: ഭർത്താവിന്‍റെ മരണത്തെ തുടർന്നുള്ള മനോവിഷമത്തിൽ കഴിഞ്ഞ യുവതി ഒന്നര വയസുള്ള മകനുമൊത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമ്മ മരിച്ചെങ്കിലും ഒന്നരവയസുള്ള മകനെ അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് എസ് എ ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാസ്തമംഗലം കൊച്ചാർ റോഡിൽ കെ പി 119 (എ)​,​ വസന്തശ്രീയിൽ വാടകയ്ക്ക് താമസിച്ചിരുന്ന നന്ദനയെയാണ് (21) ഇന്നലെ വൈകിട്ട് നാലോടെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നന്ദനയുടെ മകൻ റയാന്‍ എസ് എ ടി ആശുപത്രിയിൽ ചികിത്സയിലാണ്. 

കൊച്ചാർ റോഡ് സ്വദേശികളായ ഓട്ടോ ഡ്രൈവർ മണികണ്ഠന്‍റെയും കനറാ ബാങ്ക് ഉള്ളൂർ ശാഖയിലെ ക്ലർക്ക് വിദ്യയുടെയും മകളാണ് നന്ദന. ഭർത്താവ് അനീഷ് കഴിഞ്ഞ സെപ്തംബറിൽ ആത്മഹത്യ ചെയ്തിരുന്നു. ഇതിന്‍റെ മനോവിഷമത്തിലായിരുന്നു ഇവരെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്നലെ രാവിലെ 11 ന് അമ്മയുമായി നന്ദന ഫോണില്‍ സംസാരിച്ചിരുന്നു. ഇതിന് ശേഷമാകാം ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഉച്ചയ്ക്ക് രണ്ടോടെ അച്ഛന്‍ മണികണ്ഠൻ നന്ദന താമസിക്കുന്ന വീട്ടിലെത്തിയെങ്കിലും വീട് പുറത്ത് നിന്ന് പൂട്ടി കണ്ടതിനാല്‍ തിരിച്ച് പോയി. 

വൈകീട്ട് നാല് മണിയോടെ നന്ദനയുടെ സഹോദരി ശാരിക, നന്ദനയുടെ വീട്ടിലെത്തിയപ്പോഴും വീട് പുട്ടിയ നിലയിലായിരുന്നു. സംശയം തോന്നിയ ശാരിക അയല്‍വാസികളെ വിവരമറിയിച്ചു. ഇതേ തുടര്‍ന്ന് അയല്‍വാസികളും ബന്ധുക്കളും ബാല്‍ക്കണി വാതില്‍ തുറന്ന് അകത്ത് കടന്നപ്പോഴാണ് നന്ദിനി ആത്മഹത്യ ചെയ്ത വിവരം അറിഞ്ഞത്. ഈ സമയത്തും കുട്ടിയുടെ ശരീരത്തില്‍ ഹൃദയമിടിപ്പ് കണ്ടതിനാല്‍ കുട്ടിയ അപ്പോള്‍ തന്നെ ആശുപത്രയിലെത്തിച്ചു. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. 

 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

click me!