
കണ്ണൂർ: തലശ്ശേരിയിൽ മദ്യലഹരിയിൽ എസ്ഐയെ ആക്രമിച്ച റസീനക്കെതിരെ വിവിധ സ്റ്റേഷനുകളിലായി അഞ്ചിലധികം കേസുകൾ. കഴിഞ്ഞ ദിവസം മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ റസീനയെ ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോഴാണ് എസ്ഐയെ ചവിട്ടിയത്. ശുചിമുറിയിലേക്ക് പോകാൻ സഹായിച്ചപ്പോഴും ഉദ്യോഗസ്ഥയെ ഇവർ ആക്രമിച്ചു. കഴിഞ്ഞ വർഷം നവംബർ 30ന് മാഹി പന്തക്കലിൽ മദ്യപിച്ച് വാഹനാപകടമുണ്ടാക്കിയ ശേഷമുള്ള റസീനയുടെ പ്രകടനം അന്ന് വലിയ വാർത്തയായിരുന്നു.
നാട്ടുകാരെ അസഭ്യം പറഞ്ഞതും ചോദ്യം ചെയ്ത യുവാവിൻറെ ഫോൺ എറിഞ്ഞുടച്ചതുമെല്ലാം വീഡിയോ സഹിതം പുറത്ത് വന്നിരുന്നു. ലഹരിയിൽ റസീനയുടെ തല്ലുമാല എപ്പിസോഡുകൾ ഒരുപാടുണ്ട്. തലശ്ശേരി, ന്യൂമാഹി, പിണറായി, കണ്ണൂർ സിറ്റി, മട്ടന്നൂർ സ്റ്റേഷനുകളിലായി വിവിധ കേസുകൾ ഇവർക്കെതിരെയുണ്ട്. മിക്കതും മദ്യപിച്ച് പ്രശ്നമുണ്ടാക്കിയത് തന്നെയാണ്. കഴിഞ്ഞ ദിവസം സുഹൃത്തിനൊപ്പം കാറിൽ കീഴ്വന്തിമുക്കിലെത്തി ബഹളമുണ്ടാക്കി.
നാട്ടുകാരുമായി കോർത്തു. ഒരാളെ ചവിട്ടി. പൊലീസ് നോക്കിനിൽക്കെയായിരുന്നു സംഭവം. പിന്നീട് തലശ്ശേരി എസ്ഐ ദീപ്തി സ്ഥലത്തെത്തി. റസീനയെ കസ്റ്റഡിയിലെടുത്തു. തലശ്ശേരി ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചു. ജീപ്പിൽ നിന്ന് ഇറക്കുമ്പോൾ റസീന എസ്ഐക്ക് നേരെ തിരിഞ്ഞു. മുഖത്തടിച്ചു. ചവിട്ടി. ബലം പ്രയോഗിച്ച് റസീനയെ കീഴ്പ്പെടുത്തി എസ്ഐയും രണ്ട് പൊലീസുകാരും ആശുപത്രി മുറിയിലാക്കി. കുറച്ചുനേരം കഴിഞ്ഞപ്പോൾ ശുചിമുറിയിൽ പോകണമെന്ന് റസീന ആവശ്യപ്പെട്ടു.
എസ്ഐ ദീപ്തി സഹായിക്കാനെത്തി. ശുചിമുറിയിലേക്ക് കൊണ്ടുപോകും വഴി വീണ്ടും എസ്ഐയെ ചവിട്ടി. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥയെ മർദിച്ചതിനും കേസെടുത്ത് റസീനയെ അറസ്റ്റ് ചെയ്തു. 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. നേരത്തെയുളള കേസുകളിൽ സ്റ്റേഷൻ ജാമ്യത്തിൽ എളുപ്പം ഇറങ്ങിയിരുന്നു റസീന. പരാതിയുമായി ആളുകൾ അധികം എത്തിയതുമില്ല. എന്നാൽ വനിതാ എസ്ഐയെ ആക്രമിച്ചതോടെ ഇത്തവണ പെട്ടു, ജയിലിലുമായി. സ്ഥിരം പ്രശ്നക്കാരിയെന്ന കുപ്രസിദ്ധിയാണ് കൂളിബസാർ സ്വദേശിയായ റസീനക്ക് തലശ്ശേരിയിൽ ഉള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam