
ഹരിപ്പാട്: പൊലീസിന് ഫോൺ വിളിച്ച ശേഷം ട്രെയിന് മുന്നിൽ ചാടാൻ ഒരുങ്ങി നിന്ന സ്ത്രീയെ ജീവൻ പണയപ്പെടുത്തി രക്ഷപെടുത്തി. ചെറുതന ആയാപറമ്പിലാണ് സംഭവം. ഹരിപ്പാട് പൊലീസിനെ ഫോണിൽ വിളിച്ചാണ് ഹരിപ്പാട് സ്വദേശിനിയായ യുവതി ട്രെയിന് മുന്നിൽ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് പറഞ്ഞത്. ആരെങ്കിലും പറ്റിക്കാൻ വിളിച്ചതാണെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാൽ നമ്പരെടുത്ത് സാറ്റലൈറ്റ് ലൊക്കേഷൻ പരിശോധിച്ചപ്പോൾ റെയിൽവേ ട്രാക്കിനടുത്തു നിന്നാണെന്ന സൂചന ലഭിക്കുന്നത്. ഇതോടെ പൊലീസ് ഉണർന്ന് പ്രവർത്തിച്ചതിന് പിന്നാലെ രക്ഷിക്കാനായത് യുവതിയുടെ ജീവനാണ്.
ഫോൺ ലൊക്കേഷൻ ലഭിച്ച ചെറുതന ആയാപറമ്പ് ഭാഗത്തേക്ക് പുറപ്പെട്ട പൊലീസ് വന്ന വഴിയുള്ള ട്രാക്കുകളിലൊക്കെ പരിശോധിച്ചെങ്കിലും ആരേയും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെയാണ് പല തവണ ഫോൺ വിളി വന്ന നമ്പരിലേക്ക് പൊലീസ് തിരികെ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്. ഇതിനിടെ ഒരു ട്രെയിൻ കടന്നു പോകുന്ന ശബ്ദവും കേൾക്കുന്നുണ്ടായിരുന്നു. ഇതോടെ യുവതി ആത്മഹത്യ ചെയ്തിരിക്കാം എന്ന ആശങ്കയും പൊലീസിനുണ്ടായി. കരുവാറ്റ മങ്കുഴി പാലത്തിന് സമീപം ജീപ്പ് നിർത്തിയിട്ട സമയത്ത് സിവിൽ പോലിസ് ഓഫിസർ നിഷാദ് മങ്കുഴി പാലത്തിന് മുകളിൽ കയറി നോക്കിയത.
അപ്പോഴാണ് മറുവശത്ത് ഒരു സ്ത്രീ ട്രാക്കിനരികിൽ ആത്മഹത്യക്ക് ഒരുങ്ങി നിൽക്കുന്നതായി കണ്ടത്. ഈ സമയം ദൂരെ നിന്നും ട്രെയിൻ വരുന്നതും കാണാമായിരുന്നു. ചാടരുത് എന്ന് നിഷാദ് വിളിച്ചു പറഞ്ഞപ്പോൾ ചാടും എന്ന മറുപടിയാണ് ലഭിച്ചത്. പിന്നെ ഒട്ടും താമസിച്ചില്ല മിന്നൽ വേഗതയിൽ ട്രാക്ക് മറികടന്ന നിഷാദ് യുവതിയെ പിടിച്ച് ട്രാക്കിന് പുറത്തേക്ക് വലിച്ചിടുകയായിരുന്നു. സെക്കന്റുകൾക്കുള്ളിൽ ട്രെയിനും കടന്നു പോയി. ഈ സംഭവങ്ങളൊന്നും താഴെ കാത്തു നിന്ന പൊലീസ് സംഘം അറിഞ്ഞിരുന്നില്ല. ട്രെയിൻ കടന്നു പോയതിന് ശേഷം ഇവർ പാലത്തിന് മുകളിൽ കയറിയപ്പോഴാണ് കാര്യങ്ങൾ അറിയുന്നത്. സാമ്പത്തിക പ്രശ്നമാണ് ആത്മഹത്യയ്ക്ക് ഒരുങ്ങാൻ കാരണമായതെന്നാണ് യുവതി പൊലീസിനോട് വിശദമാക്കിയത്. പൊലീസ് അറിയിച്ചതിനെ തുടർന്ന് ബന്ധുക്കളത്തി യുവതിയെ കൂട്ടിക്കൊണ്ടുപോയി.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam