ഇത് 'ഹൈ വോള്‍ട്ടേജ് ശാക്തീകരണം'; 25,000 വോള്‍ട്ട് വൈദ്യുതി ലൈനില്‍ അറ്റകുറ്റപ്പണി നടത്തി വനിതാ ജീവനക്കാര്‍

By Web TeamFirst Published Mar 6, 2020, 5:44 PM IST
Highlights

റെയില്‍വേ സ്റ്റേഷനിലെ വൈദ്യുത ലൈനില്‍ അറ്റകുറ്റപ്പണി നടത്തി വനിതാ ജീവനക്കാര്‍. 

കായംകുളം: ട്രെയിനുകള്‍ക്ക് വൈദ്യുതി നല്‍കുന്ന ഓവര്‍ഹെഡ് ലൈനിലെ അറ്റകുറ്റപ്പണി നടത്തി കായംകുളം യൂണിറ്റിലെ വനിതാ ജീവനക്കാര്‍. 25,000 വോള്‍ട്ട് വൈദ്യുതി പ്രവഹിക്കുന്ന ലൈനാണിത്. എട്ട് മീറ്റര്‍ ഉയരത്തില്‍ കെട്ടിയ കമ്പിയില്‍ ചവിട്ടിയാണ് പൊരിവെയിലത്ത് ഇവര്‍ ജോലി ചെയ്തത്. 

വനിതാദിനത്തോടനുബന്ധിച്ചാണ് വാര്‍ഷിക അറ്റകുറ്റപ്പണി നടത്താന്‍ സ്ത്രീകള്‍ക്ക് മാത്രമായി അവസരമൊരുക്കിയത്. സാധാരണയായി പുരുഷ ജീവനക്കാര്‍ മാത്രമാണ് വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. സഹായികളായാണ് സ്ത്രീജീവനക്കാര്‍ എത്തുക. കായംകുളം സ്റ്റേഷനിലെ അഞ്ചാം നമ്പര്‍ പ്ലാറ്റ‍‍്ഫോമിലെ വൈദ്യുതി ലൈന്‍ വാര്‍ഷിക അറ്റകുറ്റപ്പണിയാണ് വനിതകള്‍ മാത്രം ഉള്‍പ്പെട്ട യൂണിറ്റ് പൂര്‍ത്തീകരിച്ചത്. തിരുവനന്തപുരം ഡിവിഷന്‍റെ കീഴില്‍ കായംകുളം റെയില്‍വേ സ്റ്റേഷന്‍ പരിധിയിലാണ് 11 അംഗ സംഘം വൈദ്യുതി ലൈനിലെ ജോലികളില്‍ ഏര്‍പ്പെട്ടത്.

കായംകുളം യൂണിറ്റില്‍ മതിയായ വനിതാ ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ കായംകുളം, കൊല്ലം യൂണിറ്റുകളിലെ വനിതാ ജീവനക്കാരെയാണ് ഇതിനായി നിയോഗിച്ചത്. ജൂനിയര്‍ എഞ്ചിനീയര്‍ ബ്രിജി, സീനിയര്‍ ടെക്നീഷ്യന്‍ കൃഷ്ണകുമാരി, ടെക്നീഷ്യന്‍മാരായ ശാന്തമ്മ, മായ, ശുഭ സഹായികളായ ഷീബ, സുജിത, സജിത, നിത, സന്ധ്യ, രാജി എന്നിവര്‍ ചേര്‍ന്നാണ് അറ്റകുറ്റപ്പണികള്‍ നടത്തിയത്. ലൈനിലെ വൈദ്യുതിബന്ധം ഓഫാക്കിയ ശേഷം തീവണ്ടി എഞ്ചിനു മുകളില്‍ നിന്ന് ഇവര്‍ ജോലികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. 

click me!