
ഇടുക്കി: ജില്ലാ അശുപത്രിയിലെ എക്സ്റേ യൂണിറ്റും അൾട്രാ സൗണ്ട് സ്കാനിങ്ങ് യന്ത്രവും തകരാറിൽ ആയിട്ടും അധികൃതരുടെ അവഗണന. നാലിരട്ടി തുക മുടക്കി എക്സറേയും സ്കാനിങ്ങും നടത്തേണ്ട ഗതികേടിലാണ് പാവപ്പെട്ട രോഗികൾ. രണ്ടാഴ്ചയായി തൊടുപുഴയിലുള്ള ജില്ല ആശുപത്രിയില്‍ എക്സ്റേ എടുക്കാൻ വരുന്നവരുടെ പരാതിയാണിത്. ബിപിഎൽ വിഭാഗത്തിലുള്ളവർക്ക് 60 രൂപ മുതൽ 120 രൂപ വരെ മാത്രമാണ് ഇവിടെ എക്സ്റേ എടുക്കുന്നതിന് ചാർജ്ജ്. പ്രവർത്തനം നിലച്ചതോടെ എക്സ്റേ എടുക്കേണ്ടവർ വൻതുക മുടക്കി മറ്റ് സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുകയാണിപ്പോൾ.
അൾട്രാ സൗണ്ട് സ്‍കാനിങ്ങ് യന്ത്രം തകരാറിലായിട്ട് ഒരു മാസത്തിലധികമായി. സ്കാനിങ്ങില്‍ കൃത്യമായ വിവരം ലഭിക്കാത്തതിനാൽ വളരെ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമാണ് ഈ യന്ത്രം ഇപ്പോൾ ഉപയോഗിക്കുന്നത്. ഗർഭിണികൾ ഉൾപ്പെടെ ഉള്ളവർ വൻ തുക മുടക്കി സ്കാനിങ്ങ് സെന്‍ററുകളെ ആശ്രയിക്കേണ്ട ഗതികേടിലാണിപ്പോൾ. കിർലോസ്ക്കർ എന്ന കമ്പനിക്കാണ് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലുള്ള യന്ത്രങ്ങൾ നന്നാക്കാൻ കരാർ നൽകിയിരിക്കുന്നത്. ഇവർ യഥാസമയം നന്നാക്കാത്തതാണ് ഇതിനു കാരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. സർക്കാർ തലത്തിൽ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ആശുപത്രി യന്ത്രങ്ങളുടെ കേടുപാടുകൾ തീർക്കുന്നത് അനന്തമായി നീണ്ടു പോകും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam