
തൃശൂര്‍: റോഡില്‍ കാലനെ കണ്ട് വഴിയാത്രക്കാരും വാഹന യാത്രക്കാരും നാട്ടുകാരും ആദ്യം ഒന്ന് ഞെട്ടി. കഥകളിൽ കേട്ട് മാത്രം പരിചയിച്ച കാലന്‍ ഇതാ റോഡില്‍ നില്‍ക്കുന്നു. ആരെ കൊണ്ടു പോകാനാണ് നേരിട്ട് എഴുന്നള്ളിയതെന്ന് ചിലര്‍ അടക്കം പറഞ്ഞു, ചിലര്‍ കാലന്‍റെ പോത്ത് എവിടെ എന്ന് നോക്കി. ഇരിങ്ങാലക്കുടയിലെ റോഡിലാണ് 'കാലന്‍' നിന്നത്. ആരുടെ 'ഉയിര്' എടുക്കാനാണ് കാലന്‍ നേരിട്ട് ഇറങ്ങിയത് എന്ന ചിന്തയിലായിരുന്നു എല്ലാവരും. പിന്നീടാണ് തങ്ങളുടെ 'ഉയിര്' എപ്പോള്‍ വേണമെങ്കിലും പോകാന്‍ പാകത്തില്‍ റോഡുകളില്‍ നിറഞ്ഞിരിക്കുന്ന കുഴികള്‍ക്കെതിരേയുള്ള പ്രതിഷേധമാണ് കാലന്‍റെ വേഷത്തില്‍ എന്ന് മനസിലായത്.
ഇരിങ്ങാലക്കുട നഗരസഭയിലെ റോഡുകള്‍ എല്ലാംതന്നെ കാലങ്ങളായി തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാത്ത സ്ഥിതിയിലാണ്. ഇതില്‍ പ്രതിഷേധിച്ചാണ് പൊതുപ്രവര്‍ത്തകനായ ഷിയാസ് പാളയംകോട്ട് വേറിട്ടൊരു പ്രതിഷേധവുമായി രംഗത്ത് എത്തിയത്. കാലന്‍റെ വേഷത്തില്‍ റോഡിലെ കുഴികളിൽ നിന്നാണ് ഷിയാസ് പ്രതിഷേധം നടത്തിയത്. റോഡിലെ കുഴികള്‍ അടയ്ക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ ഷിയാസ് നഗരസഭാ അധികൃതര്‍ക്കും വിജിലന്‍സിനും പരാതികള്‍ നല്‍കിയിട്ടുണ്ട്.
എന്നാല്‍, യാതൊരു നടപടിയും ഇല്ലാത്തതിനെ തുടര്‍ന്ന് കാലന്‍റെ രൂപത്തില്‍ വേഷം ധരിച്ച് ഷിയാസ് ആദ്യം എത്തിയത് നഗരസഭ ഓഫീസില്‍ തന്നെയാണ്. ആ വേഷത്തില്‍ തന്നെ പരാതി എഴുതി തയാറാക്കി നഗരസഭ അധികൃതര്‍ക്ക് കൈമാറി. തുടര്‍ന്ന് ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ്, സണ്ണി സില്‍ക്ക്‌സ് തുടങ്ങിയ ഇടങ്ങളിലെ കുഴികളില്‍ ഇറങ്ങിനിന്ന് പ്രതിഷേധിച്ചു.
സംസ്ഥാന പാതയില്‍ കോണ്‍ക്രീറ്റ് റോഡ് നിര്‍മാണം നടക്കുന്നതിനാല്‍ നഗരത്തിലെ മറ്റു റോഡുകളിലൂടെയാണ് ഗതാഗതം തിരിച്ച് വിടുന്നത്. ഈ റോഡുകള്‍ എല്ലാംതന്നെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിനാല്‍ ഗതാഗത കുരുക്ക് അതിരൂക്ഷമാണ്. കുഴികളില്‍ വീണ് പരുക്ക് പറ്റുന്ന യാത്രികരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ച് വരികയും ചെയ്യുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam