
തൃശൂർ: വലപ്പാട് എടമുട്ടത്ത് വാഹനപരിശോധനയ്ക്കിടെ വനിതാ സബ് ഇൻസ്‌പെക്ടറുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് യുവാവ് അറസ്റ്റിൽ. വധശ്രമ കേസിൽ പ്രതിയായ നാട്ടിക പള്ളം ബീച്ച് സ്വദേശി ഉണ്ണിയാരം പുരയ്ക്കൽ കൈലാസൻ (38) നെയാണ് വലപ്പാട് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 8.15-ഓടെ എടമുട്ടം - കഴിമ്പ്രം റോഡിലാണ് സംഭവം.
വലപ്പാട് എസ്ഐ മൗഷ്മിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം വാഹനപരിശോധന നടത്തുകയായിരുന്നു. കിഴക്കുഭാഗത്തുനിന്ന് അമിതവേഗതയിലും അശ്രദ്ധമായും ബൈക്കോടിച്ച് എത്തിയ പ്രതിയോട് വാഹനം നിർത്താൻ എസ്ഐ കൈകാണിച്ചു. എന്നാൽ, ബലം പ്രയോഗിച്ച് വനിതാ എസ്ഐയുടെ കൈ മനഃപൂർവം തട്ടിമാറ്റി ഇയാൾ വാഹനം നിർത്താതെ വേഗത്തിൽ ഓടിച്ചുപോവുകയായിരുന്നു.
പൊലീസ് ഉദ്യോഗസ്ഥയുടെ ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസമുണ്ടാക്കിയ സംഭവത്തിലാണ് കൈലാസനെ പൊലീസ് അറസ്റ്റ് ചെയ്തത്. കൈലാസൻ വലപ്പാട് പോലീസ് സ്റ്റേഷനിൽ രണ്ട് വധശ്രമ കേസിലും ഒരു അടിപിടി കേസിലും അടക്കം മൂന്ന് ക്രിമിനൽ കേസുകളിലെ പ്രതിയാണ്. വലപ്പാട് സി ഐ പത്മരാജൻ , ജി എ എസ് ഐ പ്രജീഷ് , എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam