
തൃശൂർ: മുല്ലശ്ശേരിയിൽ വാഹന പരിശോധനയ്ക്കിടെ എം ഡി എം എയുമായി യുവാവ് പിടിയിൽ. ബൈക്കിൽ കറങ്ങി സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന യുവാവാണ് എക്സെസിന്‍റെ പരിശോധനയിൽ പിടിയിലായത്. പെരുവല്ലൂർ സ്വദേശി വടക്കുംചേരി വീട്ടിൽ അക്ഷയ് ലാലിനെ (24) യാണ് വാടാനപ്പള്ളി റേഞ്ച് എക്സൈസ് സംഘം പിടികൂടിയത്. ഇയാളുടെ ബൈക്കിൽ സൂക്ഷിച്ച 5.65 ഗ്രാം എം ഡി എം എയും പരിശോധന സംഘം കണ്ടെടുത്തു. എക്സൈസ് ഇൻസ്‌പെക്ടർ എസ് എസ് സച്ചിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ടെത്തിച്ച മയക്കുമരുന്നെന്നാണ് പിടികൂടിയതെന്ന് എക്സെസ് വ്യക്തമാക്കി.
അതേസമയം ഇതിന് പിന്നാലെ തിരുവനന്തപുരത്ത് നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത നെയ്യാറ്റിന്‍കര ആര്യങ്കോടില്‍ എം ഡി എം എയുമായി രണ്ടുപേര്‍ പിടിയിലായി എന്നതാണ്. കാട്ടാക്കട സ്വദേശിയായ ഇന്‍ഫര്‍ മുഹമ്മദ് (27) പാപ്പനംകോട് സ്വദേശി സുധി (33) എന്നിവരാണ് എം ഡി എം എയുമായി പിടിയിലായത്. ആന്റി നെര്‍ക്കോട്ടിക് സെലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ബംഗളൂരില്‍ നിന്നും എത്തിക്കുന്ന ലഹരിവസ്തുക്കള്‍ തിരുവനന്തപുരം, കൊല്ലം ജില്ലയില്‍ വിതരണം നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവര്‍ എന്നും ഇവര്‍ക്കെതിരെ മുമ്പും സമാനമായ കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. ഈരാറ്റുപുറത്ത് ഇടനിലക്കാര്‍ക്ക് ലഹരിവസ്തു വിതരണം ചെയ്യാന്‍ കാത്തു നില്‍ക്കുമ്പോഴായിരുന്നു ഇവര്‍ പിടിയിലായത്. ഇവരില്‍നിന്ന് ലഹരി വസ്തുവിന് പുറമേ നൂറോളം സിറിഞ്ചുകള്‍, ഇലക്ട്രോണിക്‌സ് ത്രാസ് എന്നിവയും പൊലീസ് കണ്ടെടുത്തു. പിടിച്ചെടുത്ത എം ഡി എം എക്ക് വിപണിയില്‍ ലക്ഷങ്ങള്‍ വില വരുമെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.