'രക്ഷിക്കാനെത്തിയപ്പോള്‍ ചീത്തവിളി'; ബൈക്ക് അപകടത്തില്‍ പരിക്കേറ്റ യുവാവ് ആംബുലന്‍സ് ജീവനക്കാരെ ആക്രമിച്ചു

By Web TeamFirst Published Dec 9, 2022, 8:44 AM IST
Highlights

ആംബുലൻസില്‍ നിന്നും ജീവനക്കാർ പുറത്തിറങ്ങാൻ ശ്രമിക്കവേ അപകട ശേഷം അക്രമാസക്തനായ തൗഫീഖ് വാഹനത്തിന്‍റെ ഡോർ പിടിച്ചടക്കുകയും ജീവനക്കാർക്ക് നേരെ അസഭ്യം വിളിക്കുകയും ചെയ്തുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. 

തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്ക് പറ്റിയ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ട് പോകാൻ വന്ന 108 ആംബുലൻസ് ജീവനക്കാർക്ക് നേരെ ആക്രമണം. സംഭവത്തിൽ ആംബുലൻസ് ഡ്രൈവർക്കും നേഴ്സിനും പരിക്ക്. വ്യാഴാഴ്ച ഉച്ചയോടെയാണ് വെങ്ങാനൂർ പനങ്ങോട് റോഡിലാണ് സംഭവം. അമിതവേഗത്തിൽ വന്ന യുവാക്കൾ സഞ്ചരിച്ച ബൈക്ക്, വെങ്ങാനൂർ പനങ്ങോട് റോഡിന് സമീപത്തെ ഓടയിലേക്ക് മറിഞ്ഞു. സംഭവത്തിൽ ബാലരാമപുരം എരുത്താവൂർ സ്വദേശികളായ തൗഫീഖ് (22) ശ്രീനന്ദൻ (19) എന്നിവർക്ക് പരിക്കുപറ്റി. സംഭവ സമയം തൗഫീഖിക്കാണ് ബൈക്ക് ഓടിച്ചിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. 

അപകടം കണ്ടുനിന്ന നാട്ടുകാർ ഉടൻ തന്നെ 108 ആംബുലൻസിന്‍റെ സേവനം തേടി. തുടര്‍ന്ന് നേമം താലൂക്ക് ആശുപത്രിയിലെ 108 ആംബുലൻസ് സ്ഥലത്തെത്തി. എന്നാൽ, ആംബുലൻസില്‍ നിന്നും ജീവനക്കാർ പുറത്തിറങ്ങാൻ ശ്രമിക്കവേ അപകട ശേഷം അക്രമാസക്തനായ തൗഫീഖ് വാഹനത്തിന്‍റെ ഡോർ പിടിച്ചടക്കുകയും ജീവനക്കാർക്ക് നേരെ അസഭ്യം വിളിക്കുകയും ചെയ്തുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇതിനിടെ അപകടത്തിൽ പരിക്കുപറ്റി ഓടയിൽ കിടന്ന ശ്രീനന്ദനെ ആംബുലൻസ് ജീവനക്കാർ പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. എന്നാല്‍, ഈ സമയം ആംബുലൻസിനുള്ളിൽ കയറിയ തൗഫീഖ് പരിക്ക് പറ്റിയ ശ്രീനന്ദനെ മർദ്ദിക്കുകയും ഇത് തടയാൻ ശ്രമിച്ച 108 ആംബുലൻസിലെ നേഴ്സ് വിഷ്ണുവിനെയും ആക്രമിക്കുകയായിരുന്നെന്ന് 108 ആംബുലൻസ് ജീവനക്കാർ പറയുന്നു. തൗഫീഖ് കൈയിലുണ്ടായിരുന്ന ഹെൽമറ്റ് ആംബുലൻസിനുള്ളിലേക്ക് വലിച്ചെറിഞ്ഞു. ഇത് തടയാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ രാഹുലിനെ ആംബുലൻസിലെ ഡോറില്‍ നിന്നും പൊട്ടിച്ചെടുത്ത കമ്പി കൊണ്ട് ആക്രമിച്ചു.

തുടർന്ന് ചുറ്റും കൂടിയ നാട്ടുകാർക്ക് നേരെ അസഭ്യം വിളിച്ച് ആക്രമണം നടത്താൻ തൗഫീഖ് ശ്രമിച്ചെങ്കിലും നാട്ടുകാർ തടയുകയും തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് നേരെയും തൗഫീഖ് അസഭ്യം വിളി തുടര്‍ന്നു. പൊലീസ് അകമ്പടിയിൽ തൗഫീഖിനെയും ശ്രീനന്ദനെയും 108 ആംബുലൻസിൽ വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. ഇവിടെയും അക്രമാസക്തനായ തൗഫീഖ്, ഡോക്ടറെ അസഭ്യം വിളിക്കുകയും ആംബുലൻസ് ജീവനക്കാരെയും ആശുപത്രി ജീവനക്കാരെയും ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് ആശുപത്രി അധികൃതർ വിവരമറിയിച്ചത് അനുസരിച്ച് കോവളം പൊലീസ് സ്ഥലത്തെത്തി തൗഫീഖിനെ കസ്റ്റഡിയിൽ എടുത്തു. തൗഫീഖിന്‍റെ ആക്രമണത്തിൽ പരിക്കുപറ്റിയ 108 ആംബുലൻസ് ജീവനക്കാർ വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. സംഭവത്തിൽ ഇവർ വിഴിഞ്ഞം പൊലീസിൽ പരാതി നൽകി. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് ഡോക്ടർ സോണിയ നൽകിയ പരാതിയിൽ ആരോഗ്യപ്രവർത്തകർക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയുന്ന വകുപ്പുകൾ ഉൾപ്പടെ ചുമത്തിയ കോവളം പൊലീസ്, തൗഫീഖിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായി സംശയമുണ്ടെന്ന് കോവളം പൊലീസ് പറഞ്ഞു.

click me!