
തൃശ്ശൂർ: മലയാളികളെ ചിരിപ്പിച്ച 'കിലുക്കം' സിനിമയിലെ ഒരു ഡയലോഗുണ്ട്. ആന ഇവളെ കണ്ട് ഓടിക്കാണും എന്ന രേവതിയെ ചൂണ്ടിക്കാണിച്ചുള്ള ഹാസ്യ സമ്രാട്ട് ജഗതിയുടെ ഡയലോഗ്. അതേ ഡയലോഗ് വേണമെങ്കിൽ ചെറിയൊരു മാറ്റം വരുത്തി, മാള അന്നമനട കല്ലൂര്‍ സ്വദേശി ഡാറ്റ്സനെ ചൂണ്ടിക്കാണിച്ചും പറയാം. അതേ, ഡാറ്റ്സണാണ് താരം. സന്ധ്യാ നേരത്ത് മലക്കപ്പാറ-അതിരപ്പള്ളി റൂട്ടിൽ ആനയുടെ മുന്നിൽ നെഞ്ച് വിരിച്ച് നിന്ന ഡാറ്റ്സൺ.
പ്രകൃതിമനോഹരമായ പാതയിലെ ഒരു വളവിലാണ് ഡാറ്റ്സണ് മുന്നിൽ കാട്ടാന എത്തിയത്. മറ്റൊന്നും ചെയ്യാൻ ഇല്ലാത്തതിനാൽ എഞ്ചിൻ ഓഫ് ചെയ്ത് അനങ്ങാതെ നിന്നു. സാധാരണ തന്നെ കണ്ടാൽ നിലവിളിച്ച് ഓടാറുള്ളവരിൽ നിന്ന് വ്യത്യസ്തനായി നിന്നത് കൊണ്ടാകാം, ആന ഡാറ്റ്സണെ ഒന്നും ചെയ്തില്ല. മുന്നോട്ടുവന്ന് ടയറിൽ കൊമ്പ് കൊണ്ട് തട്ടി. തുമ്പിക്കൈ കൊണ്ട് ശരീരത്തിലും. ഉപദ്രവിച്ചില്ല. പുതുക്കെ പിന്നാക്കം നടന്നു.
Read more: വിവാഹ സൽക്കാരത്തിനിടെ വാക്കേറ്റം; യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസില്‍ ഒരാള്‍ പിടിയില്‍
ആനയെ കണ്ടാൽ ജീവനുംകൊണ്ട് ഓടുന്നവരാണ് പലരും. എന്നാൽ നിശബ്ദമായി നിന്ന് ആനയെ പ്രകോപിപ്പിക്കാത്തതാകാം ആനയിൽ നിന്ന് രക്ഷപ്പെടാൻ കാരണമെന്നാണ് ഡാറ്റ്സൺ കരുതുന്നത്. പിറകില്‍ വന്നിരുന്ന ബൈക്ക് യാത്രക്കാരാണ് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങൾ പകര്‍ത്തിയത്. ആലപ്പുഴ സ്വദേശികളായിരുന്നു അവർ ആന പോയതിന് പിന്നാലെ ദൃശ്യങ്ങൾ കൈമാറി. വാല്‍പ്പാറയിലെ ഗേറ്റ് ഹോട്ടല്‍ ഉടമ ഷെജിന്‍ മേത്തര്‍ റിസോര്‍ട്ടുടമകളുടെ വാട്സാപ്പ് ഗ്രൂപ്പില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തു. പിന്നാലെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ദൃശ്യങ്ങൾ വൈറലാവുകയായിരുന്നു.
Read more: പടയപ്പേ... എന്തിനീ ക്രൂരത? പെട്ടിക്കട തകര്‍ത്തത് രണ്ടാം വട്ടം, ബ്രഡും മിഠായിയും അകത്താക്കി കാട്ടാന
കാട്ടാന ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യാണെന്ന് ഡാറ്റ്സൺ കരുതുന്നു. നൈനയാണ് ഡാറ്റ്സന്റെ ഭാര്യ. മൂന്ന് മക്കളുണ്ട്. വീഡിയോ കണ്ടതിന്റെ ഞെട്ടലിൽ നിന്ന് ഇനിയും മുക്തരായിട്ടില്ല ഭാര്യയും മക്കളും. കൊടുംകാടിന് നടുവിലൂടെയുള്ള മലക്കപ്പാറ-അതിരപ്പള്ളി പാത എന്നും സഞ്ചാരികളുടെ പറുദ്ദീസയാണ്. പ്രദേശത്തേക്ക് നിരവധി സഞ്ചാരികൾ എത്താറുണ്ട്. എന്നാൽ ജീവികളെ ഉപദ്രവിക്കാതെ കടന്നുപോയാൽ അപകടങ്ങളുണ്ടാകില്ലെന്ന് തെളിയിക്കുന്നതാണ് ഡാറ്റ്സന്റെ അനുഭവം.