വീടിന് മുന്നിൽ അശാസ്ത്രീയമായ റോഡ് നിർമ്മാണം, ആറ് മാസമായി ആശുപത്രിയിൽ പോകാനാകാതെ ശരീരം തളർന്ന യുവാവ്

By Web TeamFirst Published Apr 29, 2022, 3:53 PM IST
Highlights

മഴവെള്ളത്തില്‍ മണ്ണ് കുത്തിയൊലിച്ച് പോയ പാതയിലൂടെ ആരോഗ്യമുള്ളവര്‍ പോലും നടക്കാന്‍ ഭയപ്പെടുമ്പോള്‍ വീല്‍ ചെയറില്‍ കഴിയുന്ന താന്‍ എങ്ങനെ പുറത്തിറങ്ങുമെന്നാണ് ടിബിന്‍ ചോദിക്കുന്നത്.

ഇടുക്കി: ആറ് മാസത്തിലധികമായി വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാവാതെ വിഷമിക്കുകയാണ് നെടുങ്കണ്ടം സ്വദേശിയായ ടിബിന്‍. ആശുപത്രിയില്‍ പോകാന്‍ പോലും മാര്‍ഗമില്ലാത്ത അവസ്ഥയിലാണ് ഈ യുവാവ് കഴിയുന്നത്. വീടിന്റെ മുന്നിലൂടെ പുതിയ റോഡ് നിര്‍മ്മിച്ചപ്പോള്‍ നിത്യ രോഗിയായ യുവാവിന്റെ വീട്ടിലേയ്ക്കുള്ള വഴി ഇല്ലാതാകുകയായിരുന്നു.

മസ്‌കുലര്‍ ഡിസ്‌ട്രോഫി ബാധിതനായ ടിബിന്, സ്വയം എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിക്കില്ല. വീല്‍ ചെയറിലാണ് ജീവിതം. ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം ആറാം ക്ലാസില്‍ പഠനം നിര്‍ത്തി. കൂലിവേലക്കാരിയായ അമ്മ ഗ്രേസി, മകനെ വീല്‍ ചെയറില്‍ ഇരുത്തിയ ശേഷം പണിക്ക് പോകും. ഭക്ഷണം മേശപുറത്ത് എടുത്ത് വെയ്ക്കും. പകല്‍ സമയങ്ങളില്‍ വീട്ടിനുള്ളില്‍ ഒറ്റയ്ക്കാണ് ടിബിന്‍ കഴിയുന്നത്. മുമ്പ് സുഹൃത്തുക്കളും അയല്‍വാസികളുമൊക്കെ എടുത്തും വീല്‍ ചെയര്‍ ഉന്തിയും ടിബിനെ പുറത്തേയ്ക്ക് കൊണ്ടുപോകുമായിരുന്നു. 

എന്നാല്‍ ആറ് മാസം മുന്‍പ് നെടുങ്കണ്ടം - കവുന്തി റോഡിന്റെ ഭാഗമായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ഇവരുടെ വീട്ടിലേയ്ക്കുള്ള വഴി അടഞ്ഞു. വഴി സഞ്ചാര യോഗ്യമാക്കി നല്‍കാമെന്ന ഉറപ്പിലാണ് റോഡിന്റെ നിര്‍മ്മാണത്തോടനുബന്ധിച്ച് ഇവരുടെ വഴിയില്‍ കല്‍കെട്ട് നിര്‍മ്മിയ്ക്കുകയും മണ്ണ് നിക്ഷേപിയ്ക്കുകയും ചെയ്തത്. കല്‍കെട്ട് ഇടിഞ്ഞതിനെ തുടര്‍ന്ന് മണ്ണും കല്ലും വീടിന് സമീപം വരെ ഒഴുകിയെത്തി.

കനത്ത മഴയില്‍ മണ്ണിടിഞ്ഞാല്‍ വന്‍ ദുരന്തം സംഭവിക്കാന്‍ സാധ്യതയുണ്ട്. സന്നദ്ധ പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച് നല്‍കിയ വീട്ടിലാണ് ടിബിനും അമ്മയും കഴിയുന്നത്. മഴവെള്ളത്തില്‍ മണ്ണ് കുത്തിയൊലിച്ച് പോയ പാതയിലൂടെ ആരോഗ്യമുള്ളവര്‍ പോലും നടക്കാന്‍ ഭയപ്പെടുമ്പോള്‍ വീല്‍ ചെയറില്‍ കഴിയുന്ന താന്‍ എങ്ങനെ പുറത്തിറങ്ങുമെന്നാണ് ടിബിന്‍ ചോദിക്കുന്നത്.

click me!