Accident Death : ഇളയ മകന്റെ ഒന്നാം പിറന്നാളിന് ദിവസങ്ങൾ മാത്രം, നൊമ്പരമായി രഞ്ജിത്തിൻ്റെ വിയോഗം

Published : Dec 15, 2021, 10:51 AM IST
Accident Death : ഇളയ മകന്റെ ഒന്നാം പിറന്നാളിന് ദിവസങ്ങൾ മാത്രം, നൊമ്പരമായി രഞ്ജിത്തിൻ്റെ വിയോഗം

Synopsis

ബൈക്ക് എതിർദിശയിൽ വീഴുകയും ര‌ഞ്ജിത് ബസിന്റെ പുറകിലത്തെ ടയറിന് അടിയിൽ പെടുകയുമായിരുന്നു. ടയറിനടിയിൽ കുരുങ്ങിയ രഞ്ജിത്തിനെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്.

തിരുവനന്തപുരം: ഇളയ മകന്റെ ഒന്നാം പിറന്നാളിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബസ്സിടിച്ച് (Accident) യുവാവിന് ദാരുണാന്ത്യം (Death). റോഡ് വശത്ത് ബൈക്ക് നിറുത്തി മൊബൈലിൽ സംസാരിക്കവെ കെ.എസ്.ആർ.ടി.സി ബസിടിച്ചാണ് (KSRTC Bus) 36 കാരനായ രഞ്ജിത്ത് മരിച്ചത്. മലയിൻകീഴ് ശാന്തമ്മൂല പുലരിനഗർ സ്വദേശിആണ് രഞ്ജിത്ത്. ജനുവരി 23ന് ആണ് രഞ്ജിത്തിൻ്റെ രണ്ടാമത്തെ മകൻ ആരിഷിന്റെ ജന്മദിനം. തിരുവനന്തപുരം ടെക്നോപാർക്കിലെ ഐഡയനാമിക് സോഫ്റ്റ് വെയർ കമ്പനിയിലെ ടീം ലീഡറായിരുന്നു രഞ്ജിത്ത്. 

തിങ്കളാഴ്ച രാത്രി 8.30 മണിയോടെ മലയിൻകീഴ്-പാപ്പനംകോട് റോഡിൽ ചൂഴാറ്റുകോട്ട പമ്പ് ഹൗസിന് സമീപത്താണ് അപകടമുണ്ടായത്. നൈറ്റ് ഡ്യൂട്ടിയ്ക്ക് ബൈക്കിൽ പോവുകയായിരുന്ന രഞ്ജിത് മൊബൈൽ ഫോൺ ബെൽ കേട്ട് ബൈക്ക് നിറുത്തി സംസാരിക്കുന്നതിനിടെ അതേ ദിശയിൽ അമിതവേഗത്തിൽ വരുകയായിരുന്ന കെ.എസ്.ആർ.ടി.സി.ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ബൈക്ക് എതിർദിശയിൽ വീഴുകയും ര‌ഞ്ജിത് ബസിന്റെ പുറകിലത്തെ ടയറിന് അടിയിൽ പെടുകയുമായിരുന്നു. ടയറിനടിയിൽ കുരുങ്ങിയ രഞ്ജിത്തിനെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സുപ്രസിദ്ധ പിന്നണി ഗായകൻ ബ്രഹ്മാനന്ദന്റെ അനുജൻ പരേതനായ പരമാനന്ദന്റെ മകനാണ് രഞ്ജിത്ത്. 

മണക്കാട് വാടകയ്ക്ക് താമസിച്ചിരുന്ന രഞ്ജിത് കുടുംബസമേതം മൂന്ന് വർഷം മുൻപാണ് മലയിൻകീഴ് പുലരിനഗറിൽ സ്ഥലം വാങ്ങി വീട് നിർമ്മിച്ച് താമസമാക്കിയത്. മൃതദേഹം മെഡിക്കൽകോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം മാറനല്ലൂർ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു. മാതാവ് : വസന്തകുമാരി. ഭാര്യ. എൽ.ശ്രുതി. മക്കൾ. ആർ.എസ്.ആഗ്നേയ്, ആർ.എസ്.ആരിഷ്, സഹോദരി :രജനിപരമാനന്ദൻ
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോയമ്പത്തൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസ്: കൊച്ചി പൊലീസ് പിടികൂടിയ മരട് അനീഷിനെ തമിഴ്നാട് പൊലീസിന് കൈമാറി
പാലക്കാട് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം, രണ്ടാമത്തെയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ