
കണ്ണൂർ: കണ്ണൂരിലെ കുപ്രസിദ്ധ ലഹരിവിൽപനക്കാരി 'ബുള്ളറ്റ് ലേഡി' എന്നറിയപ്പെടുന്ന പയ്യന്നൂർ സ്വദേശിനി നിഖിലയെ കരുതൽ തടങ്കലിലെടുത്ത് എക്സൈസ്. ബെംഗളൂരുവിൽ നിന്നാണ് തളിപ്പറമ്പ് എക്സൈസ് നിഖിലയെ അറസ്റ്റ് ചെയ്തത്. എൻഡിപിഎസ് അഥവാ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്‌സ്റ്റന്‍സസ് ആക്ട്(ഇന്ത്യ) കേസുകളിൽ തുടർച്ചയായി ഉൾപ്പെട്ട സാഹചര്യത്തിലാണ് എക്സൈസിൻ്റെ നടപടി. പിറ്റ് എൻ ഡി പി എസ് നിയമപ്രകാരം സംസ്ഥാനത്ത് കരുതൽ തടങ്കലിലാകുന്ന ആദ്യ വനിതയാണ് നിഖില.
സംസ്ഥാനങ്ങൾ താണ്ടി ബുള്ളറ്റ് യാത്ര, യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങളിൽ നിന്ന് ലഹരി ഉപയോഗവും വിൽപനയും. ഒടുവിൽ പയ്യന്നൂരുകാരി ബുള്ളറ്റ് ലേഡിയെ തളിപറമ്പ് എക്സൈസ് സംഘം ബെംഗളൂരുവിൽ വെച്ചാണ് പൂട്ടിയത്. പിറ്റ് എൻഡിപിഎസ് നിയമ പ്രകാരമാണ് മുപ്പതുകാരിയെ അറസ്റ്റ് ചെയ്തത്. തുടർച്ചയായി ലഹരി മരുന്ന് കടത്തിയയെന്ന് കണ്ടെത്തിയതോടെയാണ് എക്സൈസിന്റെ കടുത്ത നടപടി. കഴിഞ്ഞ ഫെബ്രുവരിയിൽ നാല് ഗ്രാം മെത്താഫിറ്റമിനുമായി നിഖിലയെ വീട്ടിൽ നിന്ന് പിടികൂടിയിരുന്നു. രണ്ട് വർഷം മുൻപ് രണ്ടു കിലോ കഞ്ചാവുമായും പിടിയിലായി.
ഇതോടെ എക്സൈസിന്‍റെ നോട്ടപ്പുള്ളിയായി മാറി ‘ബുളളറ്റ് ലേഡി’. കേരളാ എടിഎസും ബെംഗളൂരു പൊലീസും എക്സൈസിനൊപ്പം വലവിരിച്ചു. അറസ്റ്റിന് വഴങ്ങാതെ ഉദ്യോഗസ്ഥരോട് തർക്കിച്ചെങ്കിലും പിടികൊടുത്തു. കണ്ണൂരിൽ നിന്നും തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലേക്കാകും നിഖിലയെ മാറ്റുക. പിറ്റ് എൻ ഡി പി എസ് നിയമപ്രകാരം ആറുമാസം വരെ കരുതൽ തടങ്കലിൽ വെക്കാം. ഇപ്രകാരം സംസ്ഥാനത്ത് തടങ്കലിലാകുന്ന ആദ്യ വനിതയാണ് ‘ബുള്ളറ്റ് ലേഡി’.
ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ട് തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.