
ആലപ്പുഴ : വീയപുരം പൊലീസ് സ്റ്റേഷനിൽ എത്തിയ യുവാവിനെ എസ് ഐ മർദ്ദിച്ചുവെന്ന് പരാതി. മേൽപ്പാടം പീടികയിൽ ഗീവർഗീസിൻ്റെ മകൻ അജിത് പി വർഗ്ഗീസാണ് വീയപുരം പൊലിസ് സ്റ്റേഷനിൽ മർദ്ദനത്തിനിരയായി ഹരിപ്പാട് താലൂക്കാശുപത്രിയിൽ ചികിത്സയിലായത്. 24 ന് വൈകിട്ട് അഞ്ചരയോടെ തൻ്റെ പിതൃസഹോദരനെ അയൽവാസി മർദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട പരാതി നൽകിയിരുന്നു.
25 ന് രാവിലെ 10 മണിയ്ക്ക് വീയപുരം പൊലീസ് സ്റ്റേഷനിലെത്തി പരാതിയുടെ കൈപ്പറ്റ് രസീത് ചോദിച്ച തൻ്റെ കഴുത്തിൽ വീയപുരം എസ്ഐ സാമുവേൽ അഞ്ചു മിനിറ്റോളം ഞെക്കി പിടിക്കുകയും ഷർട്ടിൻ്റെ കോളറിൽ പിടിച്ച് ഞെരുക്കുകയും ചെയ്തു. തലയ്ക്ക് അടിയ്ക്കാൻ ശ്രമിക്കുന്നതിനിടെ മറ്റ് പൊലീസുകാർ പിടിച്ച് മാറ്റുകയുമായിരുന്നുവെന്നുമാണ് ഇയാൾ പറയുന്നത്.
തുടർന്ന് അസഭ്യം പറഞ്ഞുവെന്നും അജിത്ത് പറഞ്ഞു. സംഭവത്തിൽ വീയപുരം എസ് ഐ സാമുവലിനെതിരെ അജിത്ത് കായംകുളം ഡി വൈ എസ് പിക്ക് പരാതി നൽകി. എന്നാൽ വാദിയും പ്രതിയുമല്ലാത്ത ആളാണ് സ്‌റ്റേഷനിലെത്തിയതെന്നും അദ്ദേഹത്തോട് അപമര്യാദയായി പെരുമാറേണ്ട ആവശ്യമില്ലന്നും എസ്.ഐ. മർദ്ദിച്ചു എന്നു പറയുന്നത് വാസ്തവ വിരുദ്ധമാണെന്ന് വീയപുരം പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam