
കോഴിക്കോട്: വാടകയ്‌ക്കെടുത്ത കാറുകളില്‍ കറങ്ങി ലാപ്‌ടോപ്പും ഐഫോണും ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ മോഷ്ടിക്കുന്ന യുവാവിനെ പിടികൂടി പൊലീസ്. കൊടുവള്ളി കിഴക്കോത്ത് സ്വദേശി മഖ്സൂസ് ഹാനൂകി(35)നെ സിറ്റി ക്രൈം സ്‌ക്വാഡും ഇന്‍സ്‌പെക്ടര്‍ ബൈജു കെ. ജോസിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം കോവൂരിലെ ഒരു ഫ്‌ളാറ്റില്‍ മടവൂര്‍ സ്വദേശിയുടെ ലാപ്‌ടോപ്പും ടാബും മോഷണം നടത്തിയ കേസ് അന്വേഷിക്കുന്നതിനിടയിലാണ് ഹാനൂക് വലയിലായത്.
സിസിടിവി പരിശോധനയില്‍ പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും മോഷ്ടിച്ച ലാപ്‌ടോപ്പും ടാബും വില്‍പ്പന നടത്തി ഇയാള്‍ ചെന്നൈയിലേക്ക് കടന്നിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ ചെന്നൈയില്‍ നിന്നു കാര്‍ വാടകയ്‌ക്കെടുത്ത്, തമിഴ്‌നാട്ടില്‍ നിന്നു മോഷ്ടിച്ച ഫോണും പാലക്കാട് കൊപ്പത്ത് നിന്ന് മോഷ്ടിച്ച ഐഫോണും മറ്റൊരു ഫോണുമായി നഗരത്തില്‍ വില്‍പ്പന നടത്താന്‍ വരികയായിരുന്നു.
രഹസ്യ വിവരം ലഭിച്ചതോടെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയും മോഷ്ടിച്ച ഫോണുകള്‍ കണ്ടെടുക്കുകയും ചെയ്തു. രണ്ട് മാസം മുന്‍പ് ഇയാള്‍ ഫറോക്കില്‍ നിന്ന് ലാപ്‌ടോപ്പ് മോഷ്ടിച്ച കേസില്‍ ജയിലില്‍ ആയിരുന്നു. പിന്നീട് ജാമ്യത്തില്‍ ഇറങ്ങി. ഹാനൂക്കിനെതിരേ മുക്കം, കാക്കൂര്‍ സ്റ്റേഷനുകളില്‍ പോക്‌സോ കേസുകളും ഫറോക്ക്, പന്നിയങ്കര സ്റ്റേഷനുകളില്‍ മോഷണത്തിനും കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam