മയക്കുമരുന്ന് വാങ്ങാൻ ബൈക്കിൽ കറങ്ങി നടന്ന് മോഷണം, രണ്ട് യുവാക്കളെ പിടികൂടി പൊലീസ്

Published : Aug 03, 2022, 04:35 PM IST
മയക്കുമരുന്ന് വാങ്ങാൻ ബൈക്കിൽ കറങ്ങി നടന്ന് മോഷണം, രണ്ട് യുവാക്കളെ പിടികൂടി പൊലീസ്

Synopsis

മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ സംഘം മയക്കുമരുന്ന് വാങ്ങുന്നതിനാണ് രാത്രികാലങ്ങളില്‍ ബൈക്കില്‍ സഞ്ചരിച്ച് മോഷണം നടത്തിയതെന്ന് പൊലീസ്

മലപ്പുറം : മയക്കുമരുന്ന് വാങ്ങാൻ ബൈക്കിൽ കറങ്ങി നടന്ന് മോഷണം നടത്തിയ രണ്ട് യുവാക്കള്‍ പൊലീസിന്റെ പിടിയിലായി. മമ്പാട് പള്ളിക്കുന്ന് സ്വദേശി കോക്കാടന്‍ ലാസിം (25), കൂട്ടാളി ചെമ്പങ്കാട് സ്വദേശി പുതുമാളിയേക്കല്‍ ഖാലിദ് (23) എന്നിവരെയാണ് നിലമ്പൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മമ്പാടും പരിസരങ്ങളിലും ഒരാഴ്ചയോളമായി രാത്രികാലങ്ങളില്‍ ബൈക്കില്‍ കറങ്ങി നടന്ന ഒരു സംഘം യുവാക്കൾ നാട്ടുകാര്‍ക്ക് ശല്യമായിരുന്നു. പൊലീസില്‍ പരാതിപ്പെട്ടെങ്കിലും പ്രതികളെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. 

ഇതിനിടെ മമ്പാട് സ്വദേശിയും കര്‍ഷകനുമായ തോട്ടഞ്ചേരി അഹമ്മദ്‌കോയ എന്ന ടി സി കോയയുടെ പുള്ളിപ്പാടം ഉതിരകുളത്തുള്ള റബര്‍ തോട്ടത്തിലെ റാട്ടപ്പുരയില്‍ നിന്ന് ഏതാനും ദിവസം മുമ്പ് രാത്രിയില്‍ വാതില്‍ കുത്തി തുറന്ന് ഒന്നര ക്വിന്റല്‍ ഒട്ട്പാലും റാട്ടപ്പുരയില്‍ ഉപയോഗിക്കുന്ന റബര്‍ റോളറിന്റെ 15,000 രൂപ വില വരുന്ന ഉരുക്ക് ചക്രങ്ങളും മോഷണം പോയിരുന്നു. ഈ പരാതിയില്‍ നിലമ്പൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാക്കളുടെ പങ്ക് വ്യക്തമായത്.

മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ സംഘം മയക്കുമരുന്ന് വാങ്ങുന്നതിനാണ് രാത്രികാലങ്ങളില്‍ ബൈക്കില്‍ സഞ്ചരിച്ച് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച രാത്രി പുള്ളിപ്പാടം മാടം കോളനിയിലെ കുളത്തിങ്കല്‍ ബാബു ജോസഫിന്റെ തോട്ടത്തില്‍ നിന്ന് ഉണക്കാനിട്ട റബര്‍ഷീറ്റുകള്‍ മോഷണം പോയെന്ന പരാതിയില്‍ നിലമ്പൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ സംഘം ഉപയോ​ഗിച്ച ഒരു ബൈക്കിന്റെ നമ്പര്‍ തിരിച്ചറിഞ്ഞതോടെയാണ് യുവാക്കള്‍ പിടിയിലായത്.

ബൈക്ക് ഉടമയായ ലാസിമിനെ പിടികൂടിയതോടെയാണ് സംഘം ചേര്‍ന്ന് നടത്തിയ മോഷണങ്ങളുടെയും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും ചുരുളഴിഞ്ഞത്. സംഘത്തില്‍പ്പെട്ട മറ്റ് യുവാക്കളെയും മോഷണങ്ങളെയും കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എല്ലാവരും കഞ്ചാവിനും മയക്കുമരുന്നിനും അടിമകളാണെന്ന് പൊലീസ് പറഞ്ഞു. തൊണ്ടിമുതലുകള്‍ പൊലീസ് കണ്ടെടുത്തു.
എസ് ഐ എ വി സന്തോഷ്, സി പി ഒ സജീഷ്, നിലമ്പൂര്‍ ഡന്‍സാഫ് അംഗങ്ങളായ എസ് ഐ  എം അസൈനാര്‍, എസ് പി സി ഒ എന്‍ പി സുനില്‍, അഭിലാഷ്, ആസിഫ്, സി പി ഒമാരായ ടി നിബിന്‍ ദാസ്, ജിയോ ജേക്കബ് എന്നിവരാണ് കേസന്വേഷണത്തിന് നേതൃത്വം നല്‍കിയത്.

PREV
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ