
ആലപ്പുഴ: കാപ്പ ചുമത്തിയതിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ മാരാരിക്കുളം പൊലീസ് പിടികൂടി. ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്തിലെ ലൂഥർ സ്കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന പുഞ്ചിരി അനൂപ് എന്ന അനൂപിനെ(26)യാണ് അന്വേഷണ സംഘം കർണാടകയിൽ നിന്ന് പിടികൂടിയത്.
നിരവധി കേസുകളിലെ പ്രതിയായ അനൂപ് കാപ്പ ചുമത്തിയതോടെ നാട് വിടുകയായിരുന്നു. ഏറെ കാലം ഒളിവിലായിരുന്ന ഇയാളെ കർണാടകയിലെ സൊള്ളിയാൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സൊള്ളിയാലിലെ ഒരു കോഴി വളർത്തൽ കേന്ദ്രത്തിൽ ജോലി ചെയ്യുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു. മാരാരിക്കുളം ഇൻസ്പെക്ടർ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ മാരാരിക്കുളം പ്രിൻസിപ്പൽ എസ് ഐ പ്രദീപ് കുമാർ, സിപിഒ മാരായ ഉല്ലാസ്, സുജിത്ത്, ദീപു കുമാർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
അതേസമയം മലപ്പുറത്ത് മന്ത്രവാദത്തിന്‍റെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. മലപ്പുറം മുന്നിയൂരിന് സമീപം പാറേക്കാവ് സ്വദേശി സുബ്രഹ്മണ്യനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാരമ്പര്യ ചികിത്സയും മന്ത്രവാദവും വശമുണ്ടെന്ന് അവകാശപ്പെട്ടാണ് ഇയാൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. ചികിത്സയ്ക്കെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ച് വരുത്തിയ ശേഷം അതിക്രമം നടത്തുകയായിരുന്നു.
Read More : നാല് ഡോസ് അനസ്തേഷ്യ മരുന്ന് സ്വയം കുത്തി വെച്ചു; വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം, അന്വേഷണം