
കൊല്ലം: കാർ യാത്രികനായ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ ദേശീയ പാതത്തിൽ ഉമയനല്ലൂരിൽ ദേശീയ പാതക്ക് സമീപത്ത് വെച്ചായിരുന്നു സംഭവം നടന്നത്. തട്ടാമല സ്വദേശി അൽ അമീനെയാണ് പള്ളിമുക്ക് തേജസ് നഗർ ഞാക്കാട് കിഴക്കതിൽ അലി, തട്ടാമല മണ്ണാങ്കുളം വീട്ടിൽ സൽമാൻ ഫാരിസ് എന്നിവർ കൊലപ്പെടുത്താൻ ശ്രമിച്ചത്. യുവാവ് ഓടിച്ചിരുന്ന കാർ പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ തട്ടാൻ ശ്രമിച്ചെന്നും പ്രതികളുടെ വാഹനം കടന്നു പോകാൻ വശം നൽകിയില്ലെന്നും ആരോപിച്ചായിരുന്നു തർക്കം. വാക്കുതർക്കം പിന്നീട് കത്തിക്കുത്തിൽ കലാശിച്ചു. കൃത്യത്തിന് ശേഷം ഓടി രക്ഷപെട്ട പ്രതികളെ സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തിരിച്ചറിഞ്ഞത്. രണ്ടിടത്തായി ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ. സംഭവം ദിവസം തന്നെ സൽമാൻ ഫാരിസിനെ അറസ്റ്റ് ചെയ്തു. പിന്നീടാണ് രണ്ടാം പ്രതി അലിയെ പിടികൂടിയത്. കുത്താൻ ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.