
മീനങ്ങാടി: വയനാട് മീനങ്ങാടി ടൗണിൽ വെച്ച് പൊലീസുകാർ യുവാവിനെ വളഞ്ഞിട്ട് മർദിച്ചെന്ന് പരാതി. മീനങ്ങാടി മലക്കാട് സ്വദേശി സിബി തോമസാണ് മുഖ്യമന്ത്രി പിണറായി വിജയനും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയത്. അ്ച് ദിവസം മുൻപാണ് സംഭവം. മീനങ്ങാടിയിൽ പന്നിഫാം നടത്തുന്ന സിബി തോമസിനെ ടൗണിലെ ബാറിന് സമീപം വെച്ച് പൊലീസുകാർ ലാത്തി ഉപയോഗിച്ച് തല്ലിയെന്നാണ് പരാതി.
മീനങ്ങാടി പൊലീസ് സ്റ്റേഷനിലെ മുൻപരിചയമുള്ള നാല് പൊലീസുകാരാണ് തന്നെ യാതോരു പ്രകോപനമൊന്നുമില്ലാതെ രാത്രി വളഞ്ഞിട്ട് ആക്രമിച്ചതെന്ന് സിബി തോമസ് പറയുന്നു. പന്നി ഫാം നടത്തുന്നതുമായി ബന്ധപ്പെട്ട് അയൽവാസികളുമായി തർക്കങ്ങൾ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മീനങ്ങാടി പോലീസ് സ്റ്റേഷനിലെ ചിലർക്ക് തന്നോട് വൈരാഗ്യം ഉണ്ട്. ഇത് ആക്രമണത്തിലേക്ക് നയിച്ചെന്നാണ് പരാതി. ഇതിനും മുൻപും പൊലീസ് കള്ളകേസിൽ കുടുക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം.
എന്നാൽ വധശ്രമം ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് പരാതിക്കാരനെന്നാണ് സംഭവത്തില്‍ മീനങ്ങാടി പൊലീസ് നല്‍കുന്ന വിശദീകരണം. സിബി തോമസിനെ പൊലീസുകാർ മർദിച്ചിട്ടില്ല. മീനങ്ങാടി ബാറിന് സമീപം സ്ഥിരമായി സംഘർഷങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ആ പരിസരത്ത് കൂട്ടം കൂടി നിൽക്കുന്നവരെ പിരിച്ചുവിടുക മാത്രമാണ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.
Read More : കൊയിലാണ്ടിയില്‍ ബസിനടിയിൽ പെട്ട് വീട്ടമ്മക്ക് ദാരുണാന്ത്യം; സംഭവം പുതുവർഷദിനത്തിൽ രാവിലെ