
ആര്യങ്കാവ്: മുന്നറിയിപ്പ് ലംഘിച്ച് അതിക്രമിച്ചു കടന്ന യുവാക്കൾ വനത്തിനുളളിൽ കുടുങ്ങി. ബൈക്കിൽ ട്രക്കിങ്ങിനെത്തിയ യുവാക്കളാണ് വഴി തെറ്റി വനത്തിൽ കുടുങ്ങിയത്. യുവാക്കളെ വനപാലക സംഘം രക്ഷപെടുത്തി. കൊല്ലം അഞ്ചാലുംമൂട് സ്വദേശികളായ ജയേഷ് (30), രോഹിത് (30) എന്നിവരാണ് വനത്തിൽ അകപ്പെട്ടത്. ആര്യങ്കാവ് വനത്തിനുള്ളിലെ രാജാത്തോട്ടത്തിലാണ് ഇരുവരും കുടുങ്ങിയത്. ശനിയാഴ്ച വൈകിട്ട് നാല് മണിയോടെ കാട് കയറിയ ശേഷം തിരിച്ചിറങ്ങുമ്പോഴാണ് വഴി തെറ്റി ഉൾവനത്തിൽ പെട്ടു പോയത്. മൊബൈൽ ഫോണിലൂടെ വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചതോടെ മൊബൈൽ ടവർ സിഗ്നൽ ലക്ഷ്യമാക്കി നടത്തിയ തിരച്ചിലിൽ ഇരുവരെയും കണ്ടെത്തി. രാത്രി ഒമ്പത് മണിയോടെ പുറത്തെത്തിച്ചു. റിസർവ് വനമേഖലയിൽ പ്രവേശിക്കരുതെന്നും അനധികൃതമായി പ്രവേശിച്ചാൽ ശിക്ഷാർഹമാണെന്നുമുള്ള അറിയിപ്പ് അവഗണിച്ചാണ് ഇവർ വനത്തിൽ കയറിയത്. മുന്നറിയിപ്പ് ബോർഡിന്റെ മുന്നിലൂടെയാണ് കടന്നത്. അനധികൃതമായി റിസർവ് വനത്തിൽ പ്രവേശിച്ചതിന് ഇരുവർക്കും എതിരെ നടപടിയെടുക്കുമെന്ന് വനം അധികൃതർ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam