സൗദിയിൽ നിന്നെത്തി ലഹരി വിൽപ്പന; ബ്രൗണ്‍ ഷുഗറും കഞ്ചാവുമടക്കം യുവാവ് പിടിയില്‍

By Web TeamFirst Published Jan 6, 2020, 11:05 PM IST
Highlights

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി ലഹരി വിൽപ്പന നടത്തിയ യുവാവിനെ എക്സൈസ് സംഘം പിടികൂടി. 

കൊണ്ടോട്ടി: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി ലഹരി വിൽപ്പന ആരംഭിച്ച യുവാവ് പിടിയിൽ. കൊണ്ടോട്ടി ഒഴുകൂർ മലയത്തോട്ടത്തിൽ സ്വദേശി കച്ചേരിക്കൽ വീട്ടിൽ ഷഫീക്കി (33)നെയാണ് മഞ്ചേരി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ഇ ജിനീഷും സംഘവും അറസ്റ്റ് ചെയ്തത്. വിൽപ്പനക്ക് തയാറാക്കി വീട്ടിൽ സൂക്ഷിച്ച ബ്രൗൺഷുഗർ, എംഡിഎംഎ, കഞ്ചാവ് എന്നിവയും എക്‌സൈസ് പിടികൂടി.

എക്‌സൈസ് ഇന്റലിജൻസ് വിഭാഗത്തിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു വീട്ടിൽ പരിശോധന. എക്‌സൈസ് സംഘമെത്തുമ്പോൾ വിൽപ്പനയ്ക്കായി മയക്കുമരുന്നുകൾ ചെറു പൊതികളിലാക്കുന്ന തിരക്കിലായിരുന്നു ഷഫീക്ക്. 50 ഗ്രാം ബ്രൗൺ ഷുഗറും 13.270  ഗ്രാം എംഡിഎംഎയും ഒന്നര കിലോയോളം കഞ്ചാവും വീട്ടിൽ നിന്ന് കണ്ടെത്തി.  പുതുവർഷം പ്രമാണിച്ച് മേഖലയിൽ പാർട്ടി ഡ്രഗ് എന്നറിയപ്പെടുന്ന എംഡിഎംഎ വ്യാപകമായി വിറ്റഴിച്ചതായി ഇയാൾ മൊഴി നൽകി. ബെംഗളൂരു കലാസിപാളയത്ത് നിന്നാണ് മയക്കുമരുന്നുകൾ ശേഖരിക്കുന്നത്. കൊണ്ടോട്ടിയിൽ നിരവധി ചെറുകിട ഏജന്റുമാർ മുഖേനയായിരുന്നു വിൽപ്പന. ബൈക്കിൽ കറങ്ങി നടന്ന് വിൽപ്പന നടത്തുന്ന നിരവധി ഡെലിവറി ബോയ്‌സ് ഇയാൾക്ക് സഹായികളായി ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ട്.

Read More: ഇരുപത്തി മൂന്നുകാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

click me!