
കണ്ണൂർ: കുട്ടികളെ കബളിപ്പിച്ച അടിച്ചുമാറ്റിയ സൈക്കിള്‍ പൊലീസ് കണ്ടെത്തി. കണ്ണൂര്‍ ജില്ലയിലെ പുന്നാടാണ് സംഭവം. ഒക്ടോബര്‍ 21നാണ് കളിച്ചു കൊണ്ടിരുന്ന കുട്ടികളെ കബളിപ്പിച്ച് യുവാവ് സൈക്കിള്‍ കവര്‍ന്നത്. വഴിയരികിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ കയ്യിൽ നിന്നും ഓടിക്കുവാൻ എന്ന വ്യാജേന സൈക്കിൾ വാങ്ങി പ്രതി കടന്നുകളയുകയായിരുന്നു.
എന്നാല്‍ പ്രതീക്ഷിച്ച പോലെ സൈക്കിള്‍ വില്‍ക്കാന്‍ സാധിക്കാതെ വന്നതോടെ സൈക്കിള്‍ മോഷ്ടാവിന് വയ്യാവേലി ആവുകയായിരുന്നു. ഉദ്ദേശിച്ച വില ലഭിക്കാതെ വന്നതോടെ മട്ടന്നൂരില്‍ വച്ച് സൈക്കിള്‍ വില്‍ക്കാനുള്ള ശ്രമമാണ് പാളിപ്പോയത്. മറ്റ് വഴിയില്ലാതെ വന്നതോടെ സൈക്കിള്‍ കടക്കാരനെ ഏല്‍പ്പിച്ച് യുവാവ് കടന്നുകളയുകയായിരുന്നു. ഇതിനിടെ സൈക്കിള്‍ അടിച്ചുമാറ്റിയെന്ന പരാതിയുമായി സൈക്കിള്‍ ഉടമയായ കുട്ടിയുടെ അമ്മ പൊലീസില്‍ പരാതിയുമായി എത്തുകയായിരുന്നു.
ഈ പരാതിയില്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് പൊലീസ് പാലോട്ടുപള്ളിയിലെ സൈക്കിൾ ഷോപ്പിൽ എത്തിയത്. കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചതായാണ് പൊലീസ് വിശദമാക്കുന്നത്.
സമാനമായ മറ്റൊരു സംഭവത്തില്‍ മലപ്പുറത്തും സമീപ ജില്ലകളിലും ആഡംബര ബൈക്കുകള്‍ മോഷ്ടിക്കുന്ന സംഘം ഇന്നലെ പിടിയിലായിരുന്നു. പാലക്കാട് ചളവറ സ്വദേശി മുഹമ്മദ് ബിലാൽ, മലപ്പുറം വട്ടത്താണി സ്വദേശി മുഹമ്മദ് ഫസലു, കോട്ടയം അറനൂറ്റിമംഗലം സ്വദേശി അനന്തു എന്നിവരാണ് അറസ്റ്റിൽ ആയത്. വീടുകളിലും റോഡരികിലും നിർത്തിയിടുന്ന ബൈക്കുകളാണ് സംഘം മോഷ്ടിക്കുക. തുടർന്ന് വ്യാജ നമ്പർ പ്ലേറ്റുകൾ പിടിപ്പിച്ചും രൂപ ഘടന മാറ്റിയും ഇതേ ബൈക്കുകളിൽ കറങ്ങുന്നതായിരുന്നു ഇവരുടെ രീതി. പെട്രോൾ അടിച്ച ശേഷം പമ്പുകളിൽ പണം നൽകാതെ മുങ്ങിയെന്ന പരാതിയും ഇവർക്ക് എതിരെയുണ്ട്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam