
കോഴിക്കോട്: കൊവിഡ് കാലത്തെ ഓൺലൈൻ പഠനത്തിന് ലാപ്ടോപ് വാങ്ങാൻ തൊഴിലുറപ്പ് ജോലിക്കിറങ്ങിയ എൽഎൽബി വിദ്യാർത്ഥിനിക്ക് സഹായമെത്തി. ഏഷ്യാനെറ്റ് ന്യൂസ് വാർത്ത കണ്ട യൂത്ത് കോൺഗ്രസ് നേതൃത്വം ശ്രീനിത്യയ്ക്ക് ലാപ്ടോപ് വാങ്ങിനൽകി. എന്നാല്‍ തൊഴിലുറപ്പിലൂടെ കിട്ടിയ പണം കൊണ്ട് അഞ്ചാം ക്ലാസുകാരിക്ക് ടിവി വാങ്ങി നൽകി ശ്രീനിത്യ വീണ്ടും നാട്ടുകാരെ അമ്പരപ്പിച്ചിരിക്കുകയാണ്.
കണ്ണൂർ പാലയാട് ക്യാംപസിലെ ഏഴാം സെമസ്റ്റർ എൽഎൽബി വിദ്യാർത്ഥി ശ്രീനിത്യയാണ് ലാപ്ടോപ്പ് വാങ്ങാന്‍ പണം കണ്ടെത്താന്‍ തൊഴിലുറപ്പ് ജോലിക്കിറങ്ങിയത് . ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ ഈ വാർത്ത ശ്രദ്ധിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റിയാണ് പ്രാദേശിക നേതൃത്വത്തോട് ലാപ്ടോപ് വാങ്ങിനൽകാൻ നിർദ്ദേശിച്ചത്.
കോഴിക്കോട് അഴിയൂരിലെ പ്രാദേശിക നേതാക്കൾ സ്പോൺസർമാരെ കണ്ടെത്തി. കെ മുരളീധരൻ എംപി മിടുക്കിക്ക് ലാപ്ടോപ്പ് സമ്മാനിച്ചു. എന്നാല്‍ അതേ ചടങ്ങിൽ വച്ച് ശ്രീനിത്യ നല്‍കിയ സമ്മാനമാണ് എല്ലാവരേയും അമ്പരപ്പിച്ചത്. കല്ലാമല യുപി സ്കൂളിലെ അഞ്ചാം ക്ലാസുകാരിക്ക് ഒരു ടിവി വാങ്ങി നൽകി. ചെറു സഹായമായി കിട്ടിയ തുകയും തൊഴിലുറപ്പ് ജോലിയിലൂടെ കിട്ടിയ പണവും ചേർത്ത് വച്ചായിരുന്നു ഇത്.
ഇപ്പോൾ ഒരു മാസത്തിലേറെയായി കൈക്കോട്ടുമെടുത്ത് പറമ്പിലിറങ്ങുന്നുണ്ട് ശ്രീനിത്യ. ലാപ്ടോപ് സ്വന്തമായെങ്കിലും നാട്ടിലെ അമ്മമാരോടൊപ്പമുള്ള ഊ ജോലി തുടരാനാണ് നിയമ വിദ്യാർത്ഥിയുടെ തീരുമാനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam