
ചേർത്തല: ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങൾ ലക്ഷ്യമിട്ട് ജില്ലയിലേക്ക് കടത്താൻ ശ്രമിച്ച 13 കിലോയോളം കഞ്ചാവുമായി യൂത്ത് കോൺഗ്രസ് നേതാവടക്കം എട്ടംഗ സംഘം പൂച്ചാക്കലിൽ പിടിയിലായി. മണപ്പുറം വേളംവേലി വീട് സ്വദേശിയും യൂത്ത് കോൺഗ്രസ് നേതാവുമായ ഷമീർ (38) ഉൾപ്പെടുന്ന സംഘത്തെയാണ് പൊലീസ് വലയിലാക്കിയത്. ശനിയാഴ്ച വൈകിട്ടും രാത്രിയിലുമായി 'തൂഫാൻ' ഓപ്പറേഷന്‍റെ ഭാഗമായി ജില്ലാ ഡാൻസാഫ് ടീമും പൂച്ചാക്കൽ പൊലീസും സംയുക്തമായി രണ്ടിടങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ വൻ ലഹരിശേഖരവും കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു.
പിടിയിലായവരിൽ ഭൂരിഭാഗവും 20-നും 25-നും ഇടയിൽ പ്രായമുള്ള യുവാക്കളാണ്. ചേർത്തല മേഖലയിൽ സമീപകാലത്ത് നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. ശനിയാഴ്ച വൈകിട്ട് നാലോടെ പള്ളിവെളി കവലയ്ക്ക് സമീപം നടത്തിയ പരിശോധനയിൽ 1.270 കിലോഗ്രാം കഞ്ചാവുമായി പൂച്ചാക്കൽ സ്വദേശികളായ ജിതിൻ, അരുൺ കുമാർ, അലൻ വർഗീസ് എന്നിവരാണ് ആദ്യം പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽനിന്നാണ് വൻ ലഹരിശേഖരത്തെക്കുറിച്ച് പൊലീസിന് നിർണായക വിവരം ലഭിച്ചത്. തുടർന്ന് രാത്രി പത്തോടെ മാക്കേക്കടവ് ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ സംശയാസ്പദമായി കണ്ട കാർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് പൊതികളിലാക്കി സൂക്ഷിച്ചിരുന്ന 11 കിലോ 600 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്.
കാറിലുണ്ടായിരുന്ന മണപ്പുറം ദാറുൽ സലാം സ്വദേശി അലി ജൗഹർ (24), പൂച്ചാക്കൽ തെക്കേക്കുന്നം ചേരിയിൽ സലാഹുദ്ദീൻ അയ്യൂബ് (24), മണപ്പുറം നികത്തിൽ കൃഷ്ണകുമാർ (23), പൂച്ചാക്കൽ തസ്നീം മൻസിൽ മുഹമ്മദ് അസ്ലം (23), ഷമീർ (38) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ഐപിഎസിന്റെ മേൽനോട്ടത്തിൽ ചേർത്തല ഡിവൈഎസ്‌പിയുടെ കീഴിലുള്ള ഡാൻസാഫ് ടീമും പൂച്ചാക്കൽ പൊലീസും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്. കുത്തിയതോട് സിഐ ജിജിൻ ജോസഫ്, പൂച്ചാക്കൽ എസ്എച്ച്ഒ ലിജിമോൾ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരായ പ്രവീഷ്, അരുൺ, ഗിരീഷ്, അനൂപ്, ശ്യാം, മനു, അമൽരാജ്, കിരൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
അറസ്റ്റിലായ എട്ടുപേരെയും മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവർക്ക് കഞ്ചാവ് എത്തിച്ചുനൽകിയ ഉറവിടത്തെക്കുറിച്ചും ഇതിനു പിന്നിലെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചും വ്യക്തത വരുത്താൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്ന് ചേർത്തല ഡിവൈഎസ്‌പി എസ് മഞ്ചുലാൽ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam