
കോഴിക്കോട്: പൂനൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. അത്തായക്കുന്നുമ്മല്‍ സുബൈര്‍ (40) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ പൂനൂര്‍ പുഴയുടെ ആലപ്പടി കടവിലാണ് അപകടം. തെങ്ങുകയറ്റ തൊഴിലാളിയാണ് സുബൈര്‍. ജോലി കഴിഞ്ഞെത്തിയ സുബൈര്‍ പുഴക്കരയില്‍ നിന്ന് കുളിക്കുന്നതിനിടെ അബദ്ധത്തില്‍ വെള്ളത്തില്‍ വീഴുകയായിരുന്നു.
സുബൈര്‍ പുഴയില്‍ മുങ്ങിത്താഴുന്നത് കണ്ട് പ്രദേശവാസികള്‍ ചേര്‍ന്ന് വെള്ളത്തിൽ നിന്നും എടുത്ത് പൂനൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ചേക്കുവിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: ഷാഹിന.മക്കള്‍: അമീര്‍, അമീന്‍, ഫാത്തിമ മിന്‍ഹ. ഖബറടക്കം ചൊവ്വാഴ്ച ഞാറപ്പൊയില്‍ ജുമാമസ്ജിദില്‍ നടക്കും.
Read More : വയനാട്ടില്‍ ഇരുപതുകാരന്‍ തൂങ്ങിമരിച്ച നിലയില്‍
കോഴിക്കോട്: വയോധികനെയും ഭാര്യയേയും മകന്‍ വീട്ടില്‍ നിന്ന് ഇറക്കി വിട്ടതായ വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ മാധ്യമ പ്രവര്‍ത്തകനെ മര്‍ദ്ധിച്ച മൂന്നുപേര്‍ അറസ്റ്റില്‍. താമരശ്ശേരി ചുടലമുക്ക് കൂടത്തിങ്കല്‍ ചന്ദ്രനേയും ഭാര്യയേയും മകനും ബന്ധുക്കളും ചേര്‍ന്ന് രാത്രിയില്‍ വീട്ടില്‍ നിന്നും ഇറക്കിവിട്ടു എന്ന വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ മാധ്യമ പ്രവര്‍ത്തകന്‍ മജീദ് താമരശ്ശേരിയെ അക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്.
ചന്ദ്രന്റെ മക്കളായ സായികുമാര്‍, സനൂപ്, സായികുമാറിന്റെ ഭാര്യാ പിതാവ് രാധാകൃഷ്ണന്‍ എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഏട്ട് പേരടങ്ങിയ സംഘമാണ് മജീദിനെ അക്രമിച്ചത്. ചന്ദ്രനില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിയുന്നതിനിടെ പ്രകോപനമില്ലാതെ അക്രമിക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് വലിച്ചെറിയുകയും സ്‌കൂട്ടര്‍ മറിച്ചിടുകയും ചെയ്തു. ചന്ദ്രന്റെ പിതാവിന്റെ പേരിലുള്ള വീടും സ്ഥലവും മകന്‍ സായികുമാറിന്റെ പേരിലേക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഈ വീട്ടിലാണ് ചന്ദ്രനും ഭാര്യയും താമസിച്ചിരുന്നത്. ചന്ദ്രന്റെ പേരിലുള്ള സ്ഥലത്തിന്റെ വിഹിതം നല്‍കണമെന്നാവശ്യപ്പെട്ട് മകന്‍ സായികുമാര്‍ ഇവരെ ഇറക്കി വിട്ട് വീട് പൂട്ടി പോവുകയായിരുന്നു. ചന്ദ്രന്റെ രണ്ടാമത്തെ ഭാര്യയിലുള്ള മകന്‍ വിദേശത്ത് നിന്ന് വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് താമരശ്ശേരി പോലീസ് സ്ഥലത്തെത്തുകയും സായികുമാറിനെ വിളിച്ചു വരുത്തി രാത്രിയില്‍ വീട് തുറന്ന് ചന്ദ്രന്റെ വീട്ടുപകരണങ്ങള്‍ പുറത്തെടുക്കാന്‍ അനുവദിക്കുകയുമായിരുന്നു. ഈ വിവരം അറിഞ്ഞാണ് മാധ്യമപ്രവര്‍ത്തകനായ മജീദ് സ്ഥലത്തെത്തിയത്. നാട്ടുകാര്‍ ഇടപെട്ടാണ് മജീദിനെ അക്രമികളില്‍ നിന്ന് രക്ഷപ്പെടുത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam