
കല്‍പ്പറ്റ: വയനാട് ജില്ലിയിലെ പനമരം ദാസനക്കര കൂടല്‍കടവ് ചെക്ഡാമിന് സമീപം മീന്‍പിടിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട യുവാവ് മുങ്ങി മരിച്ചു. പനമരം കരിമ്പുമ്മല്‍ ചുണ്ടക്കുന്ന് പൂക്കോട്ടില്‍ പാത്തൂട്ടിയുടെ മകന്‍ നാസര്‍ (36) ആണ് മരിച്ചത്. മീൻ പിടിക്കുന്നതിനിടെ അബദ്ധത്തില്‍ പുഴയില്‍ വീണതാണെന്നാണ് നിഗമനം. നല്ല ഒഴുക്കുള്ള ഭാഗത്തായിരുന്നു മീന്‍പിടുത്തം. കൈയ്യില്‍ വീശുവലയുടെ കയര്‍ ചുറ്റി നിലയിലായിരുന്നു മൃതദേഹം.
വലയുടെ കയർ കൈയ്യിൽ ചുറ്റിയതിനാലാകാം നാസറിന് നീന്താന്‍ കഴിയാതിരുന്നത് എന്നാണ് നിഗമനം. മാനന്തവാടിയില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങള്‍ മൂന്ന് മണിക്കൂര്‍ തെരച്ചില്‍ നടത്തിയതിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. സ്‌കൂബാഡൈവിങിലൂടെ ആളെ പുറത്തെടുത്തത്. പൊലീസ് നടപടികള്‍ക്ക് ശേഷം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റുമാര്‍ട്ടത്തിന് ശേഷം പിന്നീട് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മാനന്തവാടി എസ്.ഐ. സോബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ പി.വി വിശ്വാസ്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാരായ എം. രാജന്‍, സെബാസ്റ്റ്യന്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ എം.ബി. വിനു, കെ. അജീഷ് എന്നിവരാണ് വെള്ളത്തില്‍ നിന്നും നാസറിനെ മുങ്ങി എടുത്തത്.
അതേസമയം വയനാട്ടില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം ഇനിയും തിരിച്ചറിയാനായില്ല. പനമരം മാത്തൂര്‍ പുഴയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹമാണ് ബന്ധുക്കള്‍ ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയില്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. അന്ന് തന്നെ ഇക്കാര്യം മാധ്യമങ്ങളിലും മറ്റും നല്‍കിയിരുന്നെങ്കിലും ബന്ധുക്കളോ മറ്റോ ഇതുവരെ എത്തിയിട്ടില്ല.
ഏകദേശം 35 വയസ് പ്രായം തോന്നിക്കുന്ന പുരുഷനാണ് മരിച്ചത്. ചുരുണ്ട മുടിയാണ്. 176 സെന്റീമീറ്ററാണ് ഉയരം. ഇടതു കൈയില്‍ മഞ്ഞ, കറുപ്പ് നിറങ്ങളില്‍ ചരട് കെട്ടിയിട്ടുണ്ട്. കഴുത്തില്‍ കുരിശുമാലയുമുണ്ട്. അരയില്‍ തിരുകിയ നിലയില്‍ പച്ചനിറത്തിലുള്ള ടോര്‍ച്ചും മൃതദേഹത്തില്‍ നിന്ന് കണ്ടെടുത്തിരുന്നു. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നവര്‍ പനമരം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam