
കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലം ജവഹര്‍ നഗറില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസില്‍ പെണ്‍ സുഹൃത്ത് ഉള്‍പ്പെടെ 9 പേര്‍ അറസ്റ്റില്‍. സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായവരെ പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്.
ഇന്ന് പുലര്‍ച്ചെ ജവഹര്‍ നഗറിന് സമീപം വെച്ചാണ് കാറിലെത്തിയ സംഘം വയനാട് പടിഞ്ഞാറത്തറ സ്വദേശി റയീസിനെ തട്ടിക്കൊണ്ട് പോയത്. റയീസിന്‍റെ കാറും സംഘം തട്ടിയെടുത്തു. പെണ്‍ സുഹൃത്തിനെ കൊണ്ട് റയീസിനെ വിളിച്ചു വരുത്തിയാണ് തട്ടിക്കൊണ്ട് പോകല്‍. ഇതിന്‍റെ അടിസ്ഥാനത്തില്‍ റയീസിന്‍റെ പെണ്‍ സുഹൃത്തിനെയും കേസില്‍ പ്രതി ചേര്‍ത്തു. ഇവര്‍ വയനാട് പടിഞ്ഞാറത്തറ സ്വദേശിയാണ്. അഭിരാം, സിനാന്‍, അബു താഹിര്‍ എന്നിരടങ്ങുന്ന എട്ടംഗ സംഘമാണ് തട്ടിക്കൊണ്ട് പോയത്. സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.
അഭിറാമിന് റയീസ് 45 ലക്ഷം രൂപയും അബൂ താഹിറിന് 19 ലക്ഷവും നല്‍കാനുണ്ടെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. പലതവണ പണം ആവശ്യപ്പെട്ടിട്ടും കിട്ടാത്തതിനാലാണ് തട്ടിക്കൊണ്ട് പോയതെന്നാണ് പ്രതികള്‍ പറയുന്നത്. ദുബായില്‍ സര്‍ക്കാര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന റയീസ് ഐഫോണ്‍ നല്‍കാമെന്ന് പറഞ്ഞാണ് പ്രതികളില്‍ നിന്ന് പണം തട്ടിയതെന്നാണ് പൊലീസിന് കിട്ടിയ വിവരം. നാട്ടില്‍ ഇയാള്‍ക്ക് ഐ ഫോണ്‍ റയീസ് എന്ന വിളിപ്പേരുമുണ്ട്. ഇക്കാര്യങ്ങള്‍ എല്ലാം പൊലീസ് അന്വേഷിച്ച് വരികയാണ്. സംഘത്തിലെ അഭിരാം എന്നയാള്‍ കേസില്‍ പെട്ടപ്പോള്‍ ഇക്കാര്യം പുറത്ത് പറഞ്ഞതിനാണ് തന്നെ തട്ടിക്കൊണ്ട് പോയതെന്നാണ് റയീസിന്‍റെ മൊഴി. റയീസിന്‍റെ മൊഴികളില്‍ ഉള്‍പ്പെടെ പൊരുത്തക്കേട് ഉണ്ട്. വിശദമായ അന്വേഷണത്തിന് ശേഷമേ കേസിന്‍റെ യഥാര്‍ത്ഥ ചിത്രം വ്യക്തമാകൂ.
പുലര്‍ച്ചെ ഒരു മണിയോടെ നടന്ന സംഭവത്തില്‍ രാവിലെ ആറരയോടെ തന്നെ കോഴിക്കോട് -മലപ്പുറം അതിര്‍ത്തിയായ കക്കാംടംപൊയിലില്‍ വെച്ച് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തിരുന്നു. റയീസിന്‍റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പെട്ടെന്ന് പ്രതികളിലെത്താന്‍ പൊലീസിന് സഹായമായത്. നിലവില്‍ ബിഎന്‍എസ് 138 പ്രകാരം തട്ടിക്കൊണ്ടുപോകലിനാണ് നടക്കാവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.