
മാന്നാർ: വൈദ്യുത തൂണുകളിൽ കൂടി കടന്നു പോകുന്ന ഒപ്റ്റിക്കൽ ഫൈബർ കേബിളുകളിൽ തീ പടർന്ന് പിടിച്ചു. സമയോചിത ഇടപെടലിലൂടെ വന്‍ദുരന്തം ഒഴിവാക്കി യുവാവ്. ചെങ്ങന്നൂർ അഗ്നി ശമനസേനയുടെ കേരള സിവിൽഡിഫൻസ് അംഗമായ അൻഷാദ് മാന്നാർ ആണ് നാടിനെ വൻ ദുരന്തത്തിൽ നിന്നും കാത്തത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരമണിയോടെ നിരവധി വാഹനങ്ങൾ കടന്നു പോകുന്ന മാന്നാർ-മാവേലിക്കര സംസ്ഥാന പാതയിലെ സ്റ്റോർ ജംഗ്ഷനിലാണ് വൈദ്യുത പോസ്റ്റിലുണ്ടായ തീപ്പൊരിവീണ് റോഡിനു കുറുകെയുള്ള കേബിള്‍ ചാനലുകളുടെയും ബി.എസ് .എൻ.എൽ അടക്കമുള്ള ടെലികോം കമ്പനികളുടെയും ഒപ്റ്റിക്കൽ ഫൈബർ കേബിളുകളിൽ തീ പടർന്നത്.
തീ പടർന്ന് പിടിക്കുന്ന വിവരം തൊട്ടടുത്ത ബേക്കറിയിലെ ജീവനക്കാരൻ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ അൻഷാദ് ഉണർന്നു പ്രവർത്തിച്ചതോടെ വൻ ദുരന്തമാണ് ഒഴിവായത്. മാന്നാർ വൈദ്യുതി ഓഫീസിൽ വിളിച്ച് വൈദ്യുതിബന്ധം വിച്ഛേദിപ്പിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുകയും തുടർന്ന് അഗ്നി ശമന സേനയെയും പൊലീസിനെയും വിവരം അറിയിച്ച അൻഷാദ് വാഹനങ്ങൾ നിയന്ത്രിച്ച് വിടുകയും ചെയ്തു. ആ സമയം അതുവഴിയെത്തിയ മാന്നാർ എസ്ഐ അഭിരാം, സിവിൽ പൊലീസ് ഓഫീസർ സിദ്ധിക്ക് ഉൽ അക്ബർ എന്നിവരും സിവിൽ ഡിഫൻസ് ഗ്രൂപ്പിൽ കൂടി വിവരം അറിഞ്ഞ അംഗങ്ങളായ സ്റ്റീഫൻ, ജോമോൻ എന്നിവരും സഹായത്തിനായി കൂടെ ചേർന്നു.
കൂടുതൽ പൊലീസും അഗ്നി ശമനസേനയും സ്ഥലത്ത് എത്തുകയും കത്തിക്കൊണ്ടിരുന്ന ഒപ്റ്റിക്കൽ ഫൈബർ കേബിൾ വൈദ്യുത ജീവനക്കാർ അറുത്ത് താഴെ ഇട്ടതോടെയാണ് ഭീതി ഒഴിഞ്ഞത്. മാന്നാർ എമർജൻസി റെസ്ക്യൂടീം സെക്രട്ടറി, മാന്നാർടൗൺക്ലബ്ബ് ട്രഷറർ, കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവും കൂടിയാണ് അന്‍ഷാദ്. അൻഷാദ് ഇതിനു മുമ്പും അപകടങ്ങൾ നടക്കുമ്പോൾ രക്ഷാപ്രവർത്തനത്തിനും അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കുന്നതിനും ഓടിയെത്തിയിരുന്നു. രക്ഷാ പ്രവർത്തനങ്ങൾക്ക് അൻഷാദിന് ജില്ലാ പൊലീസ് മേധാവിയുടെ അനുമോദനം ലഭിച്ചിട്ടുണ്ട്.
Read More : ആള്‍താമാസമില്ലാത്ത ഷെഡ്ഡില്‍ ചാരായം വാറ്റ്; കോടയും വാറ്റുപകരങ്ങളുമായി രണ്ടുപേർ പിടിയില്‍
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam