
തിരുവനന്തപുരം: നെയ്യാർ ഡാം റിസർവോയറിൽ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. അമ്പൂരി പന്തപ്ലാംമൂടിന് സമീപമാണ് യുവാക്കൾ മുങ്ങി മരിച്ചത്. കാട്ടാക്കട തൂങ്ങാംപറ സ്വദേശി ദുർഗാദാസ്, അമ്പൂരി പൂച്ചമുക്ക് കല്ലുമ്മക്കല്‍ വീട്ടില്‍ അര്‍ജുന്‍ (20) എന്നിവരാണ് മുങ്ങി മരിച്ചത്.
ഇന്നലെ വൈകുന്നേരമാണ് ഇവരെ കാണാതായത്. തുടർന്ന് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി അർധരാത്രിവരെ പരിശോധന നടത്തിയെങ്കിലും വെളിച്ചമില്ലാതായതോടെ തെരച്ചിൽ അവസാനിപ്പിച്ച് മടങ്ങി. തുടർന്ന് തിരുവനന്തപുരം ഫയർഫോഴ്സ് യൂണിറ്റിൽ നിന്നും സ്കൂബാടീം ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
സമീപത്തെ പാറയിൽ ഇരുന്ന മദ്യപിച്ച യുവാക്കളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാലുപേരടങ്ങിയ സംഘം വൈകുന്നേരത്തോടെ സമീപത്ത് മദ്യപിക്കാനെത്തിയെന്നും നാട്ടുകാരോട് ഉള്‍പ്പെടെ ബഹളുമുണ്ടാക്കിയാണ് ഇവർ ഇവിടെ എത്താറുള്ളതെന്നും സമീപവാസികൾ പറഞ്ഞു. രണ്ടുപേർ മദ്യപിച്ചശേഷം മടങ്ങി. പിന്നീട് ഇവിടെയെത്തിയ നാട്ടുകാരാണ് ചെരിപ്പുകൾ കണ്ടത്.
തുടർന്ന് സംശയം തോന്നി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. ഒരാൾ ട്രാക്ക് പാന്‍റും മറ്റൊരാൾ പാന്‍റും ഷർട്ടും ധരിച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരാളുടെ പോക്കറ്റിൽ മൊബൈൽ ഫോണടക്കമുണ്ടായിരുന്നെന്നും ഫയർഫോഴ്സ് പറഞ്ഞു. സംഭവത്തിൽ നെയ്യാർഡാം പൊലീസ് അന്വേഷണം തുടങ്ങി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam