M. A. Yusuff Ali : യൂസഫലി വാക്ക് പാലിച്ചു; കിടപ്പാടം തിരിച്ചു കിട്ടി ആമിനയും കുടുംബവും

By Web TeamFirst Published Dec 7, 2021, 6:54 AM IST
Highlights

അടുത്ത കാലം വരെ കുറഞ്ഞ വരുമാനത്തിൽ നിന്നും വായ്പ തിരിച്ചടച്ചുകൊണ്ടിരുന്നു. എന്നാല്‍ സെയ്ത് മുഹമ്മദ് അസുഖബാധിതനായതോടെ അത് മുടങ്ങുവാന്‍ തുടങ്ങി. ഇതോടെ പലിശയും മുതലും വലിയ ബാധ്യതയായി കുന്നുകൂടി.

കാഞ്ഞിരമറ്റം: എംഎ യൂസഫലിയുടെ ഇടപെടലില്‍ ബാങ്ക് ജപ്തി നോട്ടിസ് നൽകിയ കിടപ്പാടം തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തില്‍ ദമ്പതികൾ. 6 വർഷം മുൻപ് ഇളയ മകളുടെ വിവാഹം നടത്താനാണ് ഇവർ വീടിരുന്ന 9 സെന്റ് ഈടു വച്ചാണ് ആമിനയും സെയ്ത് മുഹമ്മദും കീച്ചേരി സഹകരണ ബാങ്കിൽ നിന്നു 2 ലക്ഷം രൂപ വായ്പയെടുത്തത്. 

അടുത്ത കാലം വരെ കുറഞ്ഞ വരുമാനത്തിൽ നിന്നും വായ്പ തിരിച്ചടച്ചുകൊണ്ടിരുന്നു. എന്നാല്‍ സെയ്ത് മുഹമ്മദ് അസുഖബാധിതനായതോടെ അത് മുടങ്ങുവാന്‍ തുടങ്ങി. ഇതോടെ പലിശയും മുതലും വലിയ ബാധ്യതയായി കുന്നുകൂടി. തിരിച്ചടവു മുടങ്ങി ബാങ്കിൽ നിന്നു ജപ്തി നോട്ടീസ് ലഭിച്ചതോടെ കുടുംബം എന്ത് ചെയ്യണം എന്നറിയാതെ ആശങ്കയിലായി. ഈ സമയമാണ് ആമിനയ്ക്കു ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയെ കാണാൻ അവസരം ലഭിച്ചത്.

സെയ്ത് മുഹമ്മദിന്റെ ചികിത്സയ്ക്കായി ലേക‍്ഷോർ ആശുപത്രിയിൽ പോകാനായി നെട്ടൂരിലെ മൂത്ത മകളുടെ വീട്ടിലെത്തിയതാണ്. ഹെലികോപ്റ്റർ അപകടം  ഉണ്ടായപ്പോൾ തന്നെ സഹായിച്ചവരെ കാണാൻ ഞായറാഴ്ച എം.എ. യൂസഫലി എത്തിയതറിഞ്ഞാണ് മകളുടെ വീട്ടിൽ നിന്ന് ആമിന അവിടേക്ക് ചെന്നത്. 

മടങ്ങിപ്പോകാനായി കാറിലേക്കു കയറുമ്പോഴാണ് ആമിന തന്റെ വിഷമം യൂസഫലിയെ അറിയിച്ചത്. ആമിന കയ്യിലെ തുണ്ടുകടലാസിൽ കുറിച്ച സങ്കടവുമായി വിവരങ്ങൾ ചോദിച്ചറിഞ്ഞ എം.എ. യൂസഫലി ജപ്തി ചെയ്യില്ലെന്നും വേണ്ടത് ചെയ്യാമെന്നും ഉറപ്പു നൽകി.

ഇന്നലെ തന്നെ ലുലു ഗ്രൂപ്പ് അധികൃതർ കീച്ചേരി സഹകരണ ബാങ്കുമായി ബന്ധപ്പെട്ടു പലിശ അടക്കം 3,81,160 രൂപ അടച്ചു വായ്പ തീർത്തു. ശേഷം ആമിനയുടെ വീട്ടിലെത്തിയ അധികൃതർ 50,000 രൂപയും ബാങ്കിൽ പണം അടച്ചതിന്റെ രസീതും കൈമാറി.

click me!