തൊണ്ടി മുതൽ കേസ്:  'മന്ത്രി ആന്റണി രാജു രാജിവെക്കണം', യുവമോർച്ച പ്രവർത്തകരുടെ മാര്‍ച്ച് 

By Web TeamFirst Published Jul 21, 2022, 6:15 PM IST
Highlights

ബാരിക്കേഡുകള്‍ തള്ളിമാറ്റി ഔദ്യോഗിക വസതിയിലേക്ക് പോകാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകർക്ക് നേരെ പൊലീസ് മൂന്നു പ്രാവശ്യം ജലപീരങ്കിയും പ്രയോഗിച്ചു. 

തിരുവനന്തപുരം : തൊണ്ടി മുതൽ കേസിൽ പ്രതിയായ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം. യുവമോർച്ച പ്രവർത്തകർ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്തി. മാ‍ർച്ച് മന്ത്രിയുടെ വസതിക്ക് മുന്നിൽ വെച്ച്  പൊലീസ് തടഞ്ഞു. ബാരിക്കേഡുകള്‍ തള്ളിമാറ്റി ഔദ്യോഗിക വസതിയിലേക്ക് പോകാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകർക്ക് നേരെ പൊലീസ് മൂന്നു പ്രാവശ്യം ജലപീരങ്കിയും പ്രയോഗിച്ചു. 

അതേ സമയം, മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടി മുതൽ കേസിൽ മൂന്ന് മാസത്തിനകം വിചാരണ പൂർത്തിയാക്കുമെന്ന്  തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് ഹൈക്കോടതി രജിസ്ട്രാർക്ക് റിപ്പോർട്ട് നൽകി. 16 വർഷമായി തുടരുന്ന കേസിന്റെ വിചാരണ പൂർത്തിയാകാത്തത് നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് ഹൈക്കോടതി രജിസ്ട്രാറർ വിചാരണ കോടതിയോട് റിപ്പോർട്ട് തേടുകയായിരുന്നു. ഇതിന് മറുപടിയായാണ്  മൂന്ന് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കുമെന്ന് ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് അറിയിച്ചത്. 

ലഹരികേസ് പ്രതിയെ രക്ഷിക്കാന്‍ വേണ്ടി തൊണ്ടിമുതലില്‍ അന്ന് അഡ്വക്കേറ്റ് ആയിരുന്ന ആന്‍റണി രാജു കൃത്രിമത്വം കാണിച്ചുവെന്നാണ് കേസ്.16 വർഷം മുമ്പാണ് ആന്‍റണി രാജുവിനെതിരെ കുറ്റപത്രം സമർപ്പിച്ചത്. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നും തൊണ്ടി മുതൽ വാങ്ങിയതും നൽകിയതും ആന്‍റണി രാജുവാണ്. 

തൊണ്ടി മുതല്‍ മോഷണ കേസ്, ആരോപണം തള്ളി ആന്‍റണി രാജു:'കാള പെറ്റു എന്നു കേട്ട് കയർ എടുക്കരുത് '

ഇഴഞ്ഞു നീങ്ങി വിചാരണ നടപടികൾ

മയക്ക് മരുന്ന കേസിലെ പ്രതിയായ വിദേശിയെ രക്ഷിക്കുന്നതിന് ഗൂഢാലോചന നടന്നതിയതായി തെളിഞ്ഞ ആന്‍റണി രാജു മന്ത്രിസഭയിൽ അംഗമായിക്കുമ്പോള്‍ വിചാരണ നടപടികളും അനന്തമായി നീളുകയാണ്. അടിവസ്ത്രത്തിൽ ഹാഷിഷുമായി സാൽവാദോർ സാർലി എന്ന ഓസ്ട്രേലിയൻ സ്വദേശിയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിൽ ആകുന്നത്. ഈ വിദേശിയെ കേസിൽ നിന്നും രക്ഷിക്കാനാണ് വഞ്ചിയൂർ കോടതിയിലെ അഭിഭാഷനായിരുന്ന ആന്‍റണി രാജു തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചത്. ആന്‍റണി രാജുവിന്‍റെ സീനിയറായി അഭിഭാഷക സെലിൻ വിൽഫ്രണ്ടാണ് വിദേശിക്ക് വേണ്ടി കോടതിയിൽ ഹാജരായത്. മയക്കുമരുന്ന്  കേസിൽ വിദേശിയെ തിരുവനന്തപുരം സെഷൻസ് കോടതി 10 വര്‍ഷത്തേക്ക് ശിക്ഷിച്ചു. പക്ഷെ ഹൈക്കോടതി സാർലിയെ വെറുതെ വിട്ടു.

പ്രധാന തൊണ്ടിമുതലായ വിദേശി ധരിച്ചിരുന്ന അടിവസ്ത്രം വിദേശിക്ക് പാകമാകില്ലെന്നും ഇത് വ്യാജ തൊണ്ടിയാണെന്നുമുള്ള പ്രതിഭാഗത്തിന്‍റെ വാദം കണക്കിലെടുത്താണ് വെറുതെവിട്ടത്. തൊണ്ടിമുതലിൽ കൃത്രിമുണ്ടായെന്ന സംശയിച്ച അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ ജയമോഹൻ ഹൈക്കോടതിയിൽ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം തുടങ്ങുന്നത്. 1994 ലാണ് വഞ്ചിയൂർ പൊലീസ് ഇത് സംബന്ധിച്ച് കേസെടുക്കുന്നത്. തിരുവനന്തപുരം കോടതിയിലെ തൊണ്ടിക്ലർക്കായ ജോസും അഭിഭാഷകനായ ആൻറണി രാജുവും ചേർന്നാണ് തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചു എന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ.

 

click me!