മരണത്തിനും പിരിക്കാനായില്ല; 70 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം അവര്‍ മരിച്ചതും ഒരുമിച്ച്

By Web TeamFirst Published Jan 28, 2019, 7:06 PM IST
Highlights

വിവാഹത്തിന്റെ ഗോൾഡൻ, ഡയമണ്ട്  ആനിവേഴ്‌സറികളൊക്കെ അനായാസം കടന്നു പോയി അവരൊന്നിച്ച്. അടുത്തമാസം പ്ലാറ്റിനം ആനിവേഴ്‌സറി ആഘോഷിക്കാനിരുന്നതായിരുന്നു. അതിനിടയ്ക്കാണ് വാർദ്ധക്യം ഇടം കോലിടുന്നത്. എന്നാലും ദൈവം അവരുടെ കൈ പിടിച്ചു കടത്തി വിട്ടു എന്നുതന്നെ ഞാൻ കരുതുന്നു, ഒരു ലോകത്തിൽ നിന്നും മറ്റൊന്നിലേക്ക്, ഒന്നിച്ച്‌ തന്നെ..

നോർമാ ജൂൺ പ്ലാറ്റെൽ(90), ഫ്രാൻസിസ് ഏണസ്റ്റ് പ്ലാറ്റെൽ(92) ഈ ദമ്പതികള്‍ മരിച്ചത് വെറും മിനുട്ടുകളുടെ മാത്രം വ്യത്യാസത്തിലാണ്. അതും എഴുപത് വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം. ഇരുവരുടെയും മരണത്തിന് ശേഷം മകള്‍ AMANDA PLATELL എഴുതിയ കുറിപ്പ്. ഡെയ്ലി മെയില്‍ പ്രസിദ്ധീകരിച്ചത്. 

ഒരാഴ്ച മുമ്പ്, ആസ്ട്രേലിയയിലെ ഒരു തണുത്ത വെളുപ്പാൻ കാലത്ത്, പതിറ്റാണ്ടുകളായി ഞങ്ങളുടെ കുടുംബം കുർബാന കൂടിയിരുന്ന ഇടവകപ്പള്ളിയ്ക്കുള്ളിലേക്ക് പതിഞ്ഞ കാൽവെപ്പുകളോടെ ഞാൻ നടന്നു ചെന്നു. അവിടെ ആർഭാടങ്ങളൊന്നുമില്ലാത്ത അൾത്താരയ്ക്കു സമീപം ഫാദർ പീറ്റർ നിൽപ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ തൊട്ടരികിലായി രണ്ടു ശവപ്പെട്ടികളും. 

മമ്മയുടേത് ഏതെന്ന് ഞാൻ ഒറ്റനോട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞു. എന്നപ്പോലെ തന്നെ മമ്മയ്ക്കും കുറിയ ശരീരമാണ്. സാൻഡലിട്ടാൽപ്പോലും ഏറിയാൽ ഒരു അഞ്ചടി നാലിഞ്ച് ഉയരം വരും മമ്മയ്ക്ക്. പപ്പ പക്ഷേ, ആജാനുബാഹുവാണ്. ആറടിപ്പൊക്കത്തിൽ മമ്മയെ അടക്കിപ്പിടിച്ചുകൊണ്ടങ്ങനെ നിൽക്കുന്നതു കാണാൻ തന്നെ എന്തൊരു രസമായിരുന്നു. പപ്പയുടെ പെട്ടി മമ്മയുടേതിന്റെ ഇടതുവശത്താണ് വെച്ചിരുന്നത്. ഹൃദയം പൊട്ടിപ്പോവുക എന്നൊക്കെ നമ്മൾ പറയാറില്ലേ..?  ശരിക്കും അപ്പോൾ ആ നിമിഷം... എഴുപതു വർഷങ്ങൾ ഒന്നിച്ചു കഴിച്ചുകൂട്ടിയ അവരെ അവസാനമായി അടുത്തടുത്തങ്ങനെ കിടക്കുന്ന കണ്ടപ്പോൾ, എന്റെ ഹൃദയം പൊട്ടിപ്പോയി..  

മരിപ്പിൽ അടക്കോടെ എല്ലാം തീർന്നെന്നാണല്ലോ പറയുക. എനിക്കാണെങ്കിൽ പെട്ടെന്ന് സങ്കടത്തിന്റെ ഒരു മേഘം നെഞ്ചത്ത് വീണുടഞ്ഞപോലെയാണ് തോന്നിയത്. പിന്നെ മരിച്ചപ്പോഴും അവർ ഒന്നിച്ചായിരുന്നല്ലോ എന്നൊരു ആശ്വാസം മാത്രമുണ്ടായിരുന്നു. 

പപ്പ ഇടതും മമ്മ വലതും.. അവർ മെത്തയിലും എന്നും അങ്ങനെയായിരുന്നു കിടന്നിരുന്നത്. ഒരു ആനിവേഴ്‌സറിക്ക് മമ്മ ശമ്പളം സ്വരുക്കൂട്ടിവെച്ച് വാങ്ങിച്ചതായിരുന്നു അവരുടെ മെത്ത. 

വിവാഹത്തിന്റെ ഗോൾഡൻ, ഡയമണ്ട്  ആനിവേഴ്‌സറികളൊക്കെ അനായാസം കടന്നു പോയി അവരൊന്നിച്ച്. അടുത്തമാസം പ്ലാറ്റിനം ആനിവേഴ്‌സറി ആഘോഷിക്കാനിരുന്നതായിരുന്നു. അതിനിടയ്ക്കാണ് വാർദ്ധക്യം ഇടം കോലിടുന്നത്. എന്നാലും ദൈവം അവരുടെ കൈ പിടിച്ചു കടത്തി വിട്ടു എന്നുതന്നെ ഞാൻ കരുതുന്നു, ഒരു ലോകത്തിൽ നിന്നും മറ്റൊന്നിലേക്ക്, ഒന്നിച്ച്‌ തന്നെ..

മരിപ്പിന്റെ പ്രസംഗത്തിൽ എനിയ്ക്ക് പറയാതിരിക്കാനായില്ല.. അവരുടേത് അത്ഭുതകരമായ ഒരു മരണമായിരുന്നു!

നോർമാ ജൂൺ പ്ലാറ്റെൽ(90), ഫ്രാൻസിസ് ഏണസ്റ്റ് പ്ലാറ്റെൽ(92)- എന്റെ മമ്മയും പപ്പയും- മിനിറ്റുകളുടെ വ്യത്യാസത്തിന് മരണപ്പെട്ടു. ദിവസങ്ങളുടെയല്ല.. മണിക്കൂറുകളുടെയല്ല.. വെറും മിനിറ്റുകളുടെ വ്യത്യാസത്തിന്...

ജനുവരി ആറാം തീയതി രാത്രി 11.35 -ന് അടുപ്പിച്ചിട്ട രണ്ടു ആസ്പത്രിക്കട്ടിലുകളിൽ കൈകൾ കോർത്തുപിടിച്ചുകൊണ്ട് അവർ തങ്ങളുടെ അവസാന നിമിഷങ്ങൾ കഴിച്ചുകൂട്ടി. മമ്മയുടെ ശ്വാസത്തിന് പതിവില്ലാത്ത ഒരു വേഗം വന്നു. പപ്പയും തന്റെ മെത്തയിൽ ആകെ അസ്വസ്ഥനായിരുന്നു. നഴ്‌സ് ഇടയ്ക്കിടെ വന്ന് അവരെ പരിശോധിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. അങ്ങനെ കിടന്നുകൊണ്ടവർ ഏതാനും മിനിറ്റുകളുടെ വ്യത്യാസത്തിന് മരിച്ചുപോയി.. അവസാന ശ്വാസങ്ങളാണ് എന്ന് ബോധ്യം വന്നപ്പോൾ നഴ്‌സ് ഡോക്ടറെ വിളിക്കാനോടി.. വന്നു പരിശോധിച്ച ഡോക്ടർക്കും കൃത്യമായി പറയാനായില്ല അവരിൽ ആരാണ് ആദ്യം മരിച്ചുപോയതെന്ന്. 

ആസ്പത്രിക്കാർ ഞങ്ങൾക്കുതന്ന മരണ സർട്ടിഫിക്കറ്റിൽ രണ്ടു പേരുടെയും മരണ സമയം ഒന്നായിരുന്നു. 

അവരുടെ ഒന്നിച്ചുള്ള മരണം അതിശയകരമാവാൻ വേറെയും കാരണമുണ്ടായിരുന്നു. അൽഷിമേഴ്‌സ് രോഗത്തിന്റെ മൂര്ധന്യാവസ്ഥയിലായിരുന്ന മമ്മ ഒരു വർഷത്തിലധികം ജീവിച്ചിരിക്കില്ലെന്ന് മൂന്നു വർഷം മുമ്പ് പറഞ്ഞിരുന്നു ഡോക്ടർമാർ. ഓർമപോയി.. മിണ്ടാനുള്ള, കേൾക്കാനുള്ള, തിരിച്ചറിയാനുള്ള കഴിവുകളൊക്കെപ്പോയി അങ്ങനെ കിടന്നു മമ്മ പിന്നെയും. അവർ അവസാനമായി പറഞ്ഞ വാക്കും, "എന്റെ ഭർത്താവ്.." എന്നായിരുന്നു. 

ഒറ്റയ്ക്ക് മമ്മയെ നോക്കാൻ പപ്പയ്ക്കാവില്ലായിരുന്നു. മമ്മയെ പാർപ്പിച്ചിരുന്ന കെയർ ഹോമിൽ ദിവസവും ചെന്നിരിക്കുമായിരുന്നു മമ്മയ്ക്കരികിൽ. ഒരു ദിവസം അറിയാതൊന്നു വീണുപോകും വരെ എന്നും പോകുമായിരുന്നു പപ്പ. ആ വീഴ്ചയിൽ പപ്പയുടെ ആരോഗ്യം പാടെ ക്ഷയിച്ചു പോയി. അവർ രണ്ടുപേരും ഒന്നിച്ചു പാർത്തിരുന്ന, മൂന്നുമക്കളെ പോറ്റിവളർത്തി വലുതാക്കിയ, അവരുടെ സ്വന്തമായിരുന്ന, വില്ലയിൽ നിന്നും ഒടുവിൽ പപ്പയെയും കൊണ്ടുപോവേണ്ടി വന്നു മമ്മ കിടന്നിരുന്ന അതേ കെയർ ഹോമിലേക്ക്. 

എന്തൊക്കെപ്പറഞ്ഞാലും, പപ്പയ്ക്ക് വിഷമം തോന്നിക്കാണില്ല.. പപ്പയ്‌ക്കെന്നും മമ്മയുള്ളിടം തന്നെയായിരുന്നല്ലോ വീട്.. 

അവിടെ വെച്ച് പപ്പ വീണ്ടും ഒരിക്കൽകൂടി വീണു. പിന്നെ എണീറ്റില്ല. ഒരിക്കൽ ഞാൻ കാണാൻ ചെന്നു.   കൈ പിടിച്ചപ്പോൾ പപ്പ കണ്ണ് തുറന്നു. എന്നോട് പറഞ്ഞു, " മോളെ.. എനിക്ക് വീട്ടിൽ പോവണം.. " - വില്ലയിലെക്കെന്നാണോ അതോ അങ്ങ് മുകളിലേക്കെന്നാണോ പപ്പ ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ലെനിക്ക്. 

അസാധാരണമായ ചിലത് അവിടെ നടന്നു എന്ന് ആസ്പത്രി ജീവനക്കാർ എന്നോട് പറഞ്ഞു. പപ്പ വീണു കിടപ്പിലായതിന്റെ തലേന്ന് വരെ എണീറ്റ് നടന്നിരുന്ന മമ്മയും, പപ്പാ കിടപ്പിലായതിൽ പിന്നെ സ്വന്തം കിടക്ക വിട്ടെണീറ്റില്ലത്രേ.

പപ്പയെത്തന്നെ  നോക്കിക്കൊണ്ടു കിടക്കും മമ്മ. പപ്പ തിന്നാൻ മടി കാണിച്ചാൽ മമ്മയും ഒരു വക കഴിക്കില്ല. പപ്പ വെള്ളം കുടിച്ചില്ലേൽ മമ്മയും പിന്നെ ജലപാനമില്ല. പപ്പയെ അനുകരിക്കുകയാണോ എന്നുവരെ തോന്നും നമുക്ക്. 90 വയസ്സുള്ള അൽഷിമേഴ്‌സ് മൂർച്ഛിച്ച ഒരു വൃദ്ധയുടെ തലച്ചോർ മൃതമാണെന്നാണ് പറയുക. എന്നാൽ മമ്മയ്ക്ക് അങ്ങനെയല്ലായിരുന്നു. പപ്പയുടെ ഓരോ ചലനവും മമ്മ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു. എന്നിട്ട് അതുപോലെതന്നെ പ്രവർത്തിച്ചും പോന്നു. 

സാധാരണ ക്രിസ്ത്യൻ ദമ്പതികളായിരുന്നു അവർ. അവരെ അസാധാരണരാക്കുന്നതെന്തെന്ന് അവരെ അടുത്തറിയുന്നവർ മാത്രമറിഞ്ഞു - എഴുപതാണ്ടു നീണ്ട അവരുടെ സ്നേഹബന്ധം. 

ഒരിക്കലും ചേരാത്ത രണ്ടു പശ്ചാത്തലങ്ങളിൽ നിന്നുമാണ് അവർ ഒരുമിച്ചത്. പപ്പ, പത്താം  ക്ലാസിൽ പഠിപ്പുപേക്ഷിച്ചൊരു മിഡിൽക്ലാസ്സ് ചെറുപ്പക്കാരൻ. മമ്മയാണെങ്കിൽ, പിയാനോവിൽ കമ്പമുണ്ടായിരുന്ന, ഒരു കോൺവെൻറ് എജ്യൂക്കേറ്റഡ് അപ്പർമിഡിൽക്ലാസ്സ് യുവതിയും.എന്നിട്ടും വിധി അവരെ ഒരുമിപ്പിച്ചു. പലരും പറഞ്ഞതിന് വിരുദ്ധമായി അവർ പരസ്പരം സ്നേഹിച്ചു. കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. അവർക്ക് വേണ്ടുവോളം സ്നേഹം നൽകി. എഴുപതുകൊല്ലം ഒന്നിച്ചു ജീവിച്ചു. 

അതുകൊണ്ടുതന്നെ അവരുടെ മരണവും ഞങ്ങൾ മക്കൾക്ക് അതിശയകരമെങ്കിലും സ്വാഭാവികം എന്നുതന്നെ തോന്നി. കൈകൾ കോർത്തുപിടിച്ച് അവർ മരിച്ചു. അവരെ ഒന്നിച്ചുതന്നെ സെമിത്തേരിയിലേക്കും കൊണ്ടുപോയി. പപ്പയുടെ പെട്ടി ആദ്യം. പിന്നെ മമ്മയുടേത്.. അല്ലെങ്കിലും, പപ്പ എന്നും അങ്ങനെ തന്നെയായിരുന്നു. ചെന്ന് സ്വന്തം നോക്കി സുരക്ഷിതമെന്ന് ഉറപ്പിച്ചിട്ടേ എങ്ങും മമ്മയെ കൊണ്ടുചെന്നിരുന്നുള്ളൂ.. 

അടുത്ത പ്രഭാതത്തിൽ ഞാൻ എന്റെ പൂന്തോട്ടത്തിലേക്കു ചെന്ന് രണ്ടു കുങ്കുമപ്പൂക്കൾ കമ്പോടെ ഒടിച്ചെടുത്തു. ഒരു വെളുത്ത റിബ്ബൺ കൊണ്ട് രണ്ടും കൂട്ടിക്കെട്ടി.  സെമിത്തേരിയിലെ അവരുടെ കല്ലറയ്ക്ക് മുന്നിൽ വെച്ചു. അവരും ഒന്നിച്ചിരിക്കട്ടെ, രണ്ടു കുങ്കുമപ്പൂക്കൾ..! 


 

click me!