'കൈകഴുകാതെ ഇങ്ങോട്ട് പ്രവേശിക്കരുത്' , ഈ ഗ്രാമം പറയുന്നു

By Web TeamFirst Published Mar 27, 2020, 3:13 PM IST
Highlights

കൈ കഴുകാതെ പുറത്തുനിന്നുള്ളവരെ ഗ്രാമത്തിൽ പ്രവേശിക്കാൻ നാട്ടുകാർ അനുവദിക്കുന്നില്ലെന്ന് കാർഗിൽ ഹിൽ കൗൺസിൽ ചീഫ് എക്‌സിക്യൂട്ടീവ് കൗൺസിലർ ഫിറോസ് ഖാൻ പറഞ്ഞു. “ഇത് വളരെ വിലമതിക്കാനാവാത്ത നടപടിയാണ്. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ കാർഗിലിലെ ആളുകൾ മുൻപന്തിയിലാണ്, ”അദ്ദേഹം പറഞ്ഞു.

COVID-19 ലോകത്തിൽ പിടിമുറുക്കുമ്പോൾ, പല ലോകരാജ്യങ്ങളും അതിനെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെടുകയാണ്. രോഗം വന്നു തുടങ്ങുമ്പോൾ തന്നെ അതിനെ നിയന്ത്രിക്കാൻ ആവശ്യമായ നിർദേശങ്ങൾ സർക്കാർ പുറപ്പെടുവിക്കുന്നുണ്ടെങ്കിലും, ജനങ്ങൾ അത് വേണ്ട രീതിയിൽ ഏറ്റെടുക്കുന്നില്ല എന്നതാണ് പ്രധാന കാരണം. ഈ കാര്യത്തിൽ സർക്കാരിന് ചെയ്യാവുന്ന കാര്യങ്ങൾക്ക് ഒരു പരിധിയുണ്ട്. നമ്മുടെ നാടിനെ ഈ അപകടത്തിൽനിന്ന് രക്ഷിക്കാൻ കഴിയുന്നത് നമ്മൾ ജനങ്ങൾക്ക് മാത്രമാണ്. വിദ്യാസമ്പന്നരാണ് എന്ന് വീമ്പു പറയുന്നവർ പോലും പക്ഷേ, അത്തരം നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തുന്നു എന്നതാണ് സത്യം. ഒരാളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന നേരിയ അശ്രദ്ധപോലും ഒരു സമൂഹത്തെ മുഴുവൻ കുഴപ്പത്തിലാക്കാം. വ്യക്തമായ അറിവുണ്ടായിട്ട് കൂടി സ്വന്തം ഭാഗത്തുനിന്ന് കാണിക്കേണ്ട ഉത്തരവാദിത്വം പലപ്പോഴും ആളുകൾ കാണിക്കുന്നില്ല എന്നത് ദുഖകരമാണ്. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്ഥമാണ് ലഡാക്ക് യൂണിയൻ ടെറിട്ടറിയിലെ (യുടി) നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഒരു കൊച്ചു ഗ്രാമം. മാരകമായ ഈ വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനായി ഗ്രാമവാസികൾ നൂതനമായ ഒരു രീതി പരീക്ഷിക്കുകയാണ്.  

ലാറ്റൂ ഗ്രാമത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് അതിന്റെ അതിർത്തി കവാടത്തിന് മുൻപിൽ പുതുതായി കൊത്തിയെടുത്ത ഒരു ഫലകം കാണാം. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു, “കൈകഴുകാതെ ഈ ഗ്രാമത്തിൽ പ്രവേശിക്കരുത്.” 40-45 വീടുകളുള്ള ആ ഗ്രാമത്തിലേക്ക് സന്ദർശകർ പ്രവേശിക്കുന്നതിനുമുമ്പ് കൈ കഴുകണമെന്നത് ഇവിടത്തെ പരമപ്രധാനമായ നിയമമാണ്. ഇത്തരമൊരു നിയമം കൊണ്ടുവരാൻ അവർക്ക് വ്യക്തമായ കാരണങ്ങൾ ഉണ്ട്. ഈ പ്രദേശം പകർച്ചവ്യാധിയുടെ പിടിയിലാണ്. ലഡാക്ക് യുടിയിൽ ഇതുവരെ 13 പേരാണ് കൊവിഡ് -19 സ്ഥിതീകരിച്ചിരിക്കുന്നത്. ഇതിന്റെ ഗൗരവം മനസിലാക്കിയ ഗ്രാമവാസികൾ ഇപ്പോൾ കൊറോണ വൈറസിനെതിരെ പോരാടാൻ അണിചേരുകയാണ്. കൈ കഴുകാതെ പുറത്തുനിന്നുള്ളവരെ ഗ്രാമത്തിൽ പ്രവേശിക്കാൻ നാട്ടുകാർ അനുവദിക്കുന്നില്ലെന്ന് കാർഗിൽ ഹിൽ കൗൺസിൽ ചീഫ് എക്‌സിക്യൂട്ടീവ് കൗൺസിലർ ഫിറോസ് ഖാൻ പറഞ്ഞു. “ഇത് വിലമതിക്കാനാവാത്ത നടപടിയാണ്. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ കാർഗിലിലെ ആളുകൾ മുൻപന്തിയിലാണ്” അദ്ദേഹം പറഞ്ഞു.

കാർഗിൽ ഡെപ്യൂട്ടി കമ്മീഷണർ ബസീർ-ഉൽ-ഹഖ് ചൗധരി ട്വീറ്റ് ചെയ്തു: “റോൾ മോഡൽ # ലാറ്റൂ ഗ്രാമത്തിലെ താമസക്കാർ തങ്ങളുടെ ഗ്രാമത്തിലേക്ക് ആരെയും കൈകഴുകാതെ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് തീരുമാനിച്ചിരിക്കുന്നു. ഇപ്പോൾ ഇതുമായി കൂടുതൽ ഗ്രാമങ്ങൾ മുന്നോട്ട് വരികയാണ്. # FightagainstCOVID19 # അവർക്ക് കൂടുതൽ ശക്തി പകരുന്നു(sic). ”

click me!