ഇത് തീ കൊണ്ടുള്ള കളി, കണ്ട് കയ്യടിക്കരുത് ; കൊറോണാക്കാലത്ത് പൊലീസ് ഇക്കാര്യങ്ങള്‍ കൂടി ഓര്‍ക്കണ്ടേ?

By Speak UpFirst Published Mar 27, 2020, 2:05 PM IST
Highlights

ആറു ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് പരീക്ഷണം മുഴുപ്പിക്കാനാവാതെ അവസാനിപ്പിക്കേണ്ടി വന്നു. ഗാർഡുകളായി വേഷമിട്ട വിദ്യാർത്ഥികൾ  കുറ്റവാളികളുടെ വേഷമിട്ട  തങ്ങളുടെ സഹപാഠികളോട് അതിക്രൂരമായിട്ടാണ് പെരുമാറിക്കൊണ്ടിരുന്നത്. 

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

ഈ കൊറോണ കാലത്ത് സ്വന്തം ജീവനും സുരക്ഷയും വരെ കാര്യമാക്കാതെ പൊലീസ് നടത്തുന്ന  നിസ്തുലവും നിസ്വാർത്ഥവുമായ സേവനത്തെ അങ്ങേയറ്റം ബഹുമാനിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. നിസ്സാരമായി കാരണങ്ങൾ പറഞ്ഞ് റോഡിലിറങ്ങുന്നവരെ വിരട്ടിയോടിക്കുക തന്നെ വേണം. പക്ഷേ, അതിനുമപ്പുറം പലയിടങ്ങളിലും പൊലീസ് ആളുകളെ തവളച്ചാട്ടം ചാടിക്കുകയും അക്രമിക്കുകയും ചെയ്യുന്നുണ്ട്. ഓർക്കുക അധികാരികൾ ചില കാര്യങ്ങൾ കൂടി മനസ്സിലാക്കിയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും... ബിഹേവിയറൽ സൈക്കോളജിസ്റ്റായ റോബിൻ കെ മാത്യു എഴുതുന്നു

ബംഗാളിൽ പാലു വാങ്ങാൻ പോയ ആളെ പൊലീസ് തല്ലിക്കൊന്നു. ഇന്ത്യയിൽ  പല സ്ഥലത്തും പൊലീസ് പൗരന്മാരെ തല്ലി ഓടിക്കുന്നുണ്ട്... നിസ്സാര കാരണങ്ങൾ പറഞ്ഞ് ഒരു കാരണവുമില്ലാതെ നിരത്തിൽ ഇറങ്ങുന്നവരെ വിരട്ടി ഓടിക്കുകയാണ് വേണ്ടത്. പക്ഷേ, ഒരു വ്യക്തിക്കെതിരെ കേസ് എടുക്കുമ്പോൾ അവന്‍റെ കുടുംബം മുഴുവൻ കഷ്ടപ്പെടുകയാണ്  എന്നോർക്കുക. എത്രനാൾ അയാൾ നിയമ കുരുക്കിൽ പെട്ടുപോകും? സാമ്പത്തികമായും സാമൂഹികമായും മനുഷ്യൻ നീറിക്കഴിയുന്ന ഈ അവസ്ഥയിൽ  കൂടുതൽ ബുദ്ധിമുട്ടുകൾ  ജനത്തിന് വരുത്തി വയ്ക്കണോ.  ഇതുപോലുള്ള ഓരോ പൊലീസ് അതിക്രമത്തിനും ജനം കയ്യടിക്കുന്നത് കാണാം.
 
ഇന്നലെ റോഡിലിറങ്ങിയവർക്ക് ഇന്നിറങ്ങുന്നവരെ കാണുമ്പോൾ പുച്ഛം. അത്യാവശ്യം സാധനസാമഗ്രികൾ പോലും വാങ്ങാൻ പറ്റാതെ ജനം വീടിന് ഉള്ളിൽ  ഭയന്ന് കഴിയുമെന്ന് ഓർക്കുക. മദ്യം നിർത്തിയപ്പോൾ ഉണ്ടായ ആത്മഹത്യ പോലെ ആളുകൾ പട്ടിണി കിടന്നു മരിക്കും.  ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ പൊലീസ് അതിക്രമങ്ങളിൽ മരിക്കുന്നവർ കൊറോണ വന്നു മരിക്കുന്നവരെക്കാളും കൂടുതലാവും. ഒരിക്കൽ അധികാരത്തിന്റെ ലഹരി പിടിച്ചുപറ്റിയാൽ പിന്നെ അത് എങ്ങനെയാകും പിന്നീട് ഒരാളുടെ പെരുമാറ്റങ്ങളിൽ പ്രതിഭലിക്കുന്നത് എന്നതിന്റെ മനശാസ്ത്ര വിശകലനം:
 
ഒരു മനുഷ്യർ എങ്ങനെ കാട്ടാളനായി മാറുന്നു എന്നതിനെ കുറിച്ച് ഏറ്റവും അധികം പാഠങ്ങൾ നടത്തിയ സമൂഹ മനശ്ശാസ്ത്രജ്ഞന്മാരാണ് ഡോക്ടർ ഫിലിപ്പ് ജി സിംബാർഡോ, ഡോ. സ്റ്റാൻലി മിൽഗ്രാം എന്നിവർ... ഓരോ മനുഷ്യനും ഒരു മദർ തെരേസയോ ഒരു ഹിറ്റ്ലറോ  ആകാൻ സാഹചര്യങ്ങൾ കാരണമാകുന്നു എന്ന് അവർ അഭിപ്രായപ്പെടുന്നു. തങ്ങളുടെ ചെയ്തികൾ  അറിയപ്പെടുകയില്ല  എന്നും പിടിക്കപ്പെടുകയില്ല എന്നും ഉറപ്പുള്ള അവസ്ഥയിൽ ആളുകൾ കൂടുതൽ ക്രൂരന്മാരായി തീരും.

ഒരേ തരത്തിലുള്ള വസ്ത്രങ്ങൾ (യൂണിഫോമുകൾ ), ആയുധങ്ങൾ, ചിഹ്നങ്ങൾ ഇവയൊക്കെ ധരിക്കുമ്പോൾ ആളുകളിൽ അക്രമവാസന കൂടിവരുന്നു. തങ്ങൾക്ക് അധികാരം ലഭിച്ചാൽ കാര്യങ്ങൾ മുഴുവൻ തങ്ങളുടെ നിയന്ത്രണത്തിലാക്കുവാനുള്ള ഒരു വാസന, കിരാതമായ ഒരു വെമ്പൽ തുടങ്ങിയവ ഓരോ വ്യക്തിയിലും ഉണ്ടാക്കുമെന്നാണ്  ഡോക്ടർ ഫിലിപ്പ് ജി സിംബാർഡോയുടെ സ്റ്റാൻഫോർഡ് ജയിൽ പരീക്ഷണത്തിൽ തെളിയുന്നത്. 1971 -ൽ ഡോ. സിംബാർഡോ  സ്റ്റാൻഫോർഡ് സർവകലാശാലയിലെ തന്റെ വിദ്യാർത്ഥികളെ ഒരു പരീക്ഷണത്തിന് വിധേയരാക്കി. അദ്ദേഹം അവരെ  തിരിച്ച് കുറ്റവാളികളുടെയും ജയിൽ വാർഡന്മാരുടെയും, റോൾ നൽകി. 

ആറു ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് പരീക്ഷണം മുഴുപ്പിക്കാനാവാതെ അവസാനിപ്പിക്കേണ്ടി വന്നു. ഗാർഡുകളായി വേഷമിട്ട വിദ്യാർത്ഥികൾ  കുറ്റവാളികളുടെ വേഷമിട്ട  തങ്ങളുടെ സഹപാഠികളോട് അതിക്രൂരമായിട്ടാണ് പെരുമാറിക്കൊണ്ടിരുന്നത്. തങ്ങൾക്ക് അധികാരം കിട്ടി എന്ന തോന്നൽ പോലും അവരിൽ ക്രൂരമായ ഒരു മനോവിശേഷം ഉണ്ടാക്കിയെടുത്തു. അധികാരത്തിന്റെ യൂണിഫോം, സംഘബലം, ചിഹ്നങ്ങൾ, ശക്തി ഇവയെല്ലാം തങ്ങളുടെ സഹപാഠികളോട് ക്രൂരമായി പെരുമാറാൻ ഇവരെ പ്രേരിപ്പിക്കുകയായിരുന്നു. 

അതുപോലെയാകരുത് ഈ കൊറോണ കാലത്ത് രാജ്യത്തെ പൊലീസ് അതിന്‍റെ പൌരന്മാരോട് പെരുമാറുന്നത്. ഇത് വളരെ മോശൺ കാലമാണ്. ഈ കാലം കടന്നുപോവാന്‍ നിയമം നടപ്പിലാക്കേണ്ടതുണ്ട്. പക്ഷേ, അത് കുറച്ച് മൃദുവായിട്ട് വേണം. 

ഒരിക്കല്‍ കൂടി പറയുന്നു, ഈ കൊറോണ കാലത്ത് പൊലീസ് നടത്തുന്ന നിസ്തുലവും നിസ്വാർത്ഥവുമായ സേവനത്തെ അങ്ങേയറ്റം ബഹുമാനിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. പക്ഷേ, മേല്‍പറഞ്ഞ കാര്യങ്ങൾ കൂടി മനസ്സിലാക്കിയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും.
 

(ചിത്രം പ്രതീകാത്മകം)

click me!