മാരകരോഗങ്ങളിൽ നിന്ന് ആരോഗ്യപ്രവർത്തകരെ രക്ഷിക്കുന്ന എൻ95 മാസ്കിന്റെ കഥ ഇങ്ങനെ

By Babu RamachandranFirst Published Mar 27, 2020, 2:01 PM IST
Highlights

ഡോ. വുവിന്റെ സിദ്ധാന്തം തെറ്റാണ് എന്ന് തെളിയിക്കാൻ  വേണ്ടി ആ ഫ്രഞ്ച് ഡോക്ടർ പ്ളേഗ് ബാധിതർ കിടന്നിരുന്ന ആശുപത്രിയിൽ മാസ്ക് ധരിക്കാതെ കയറിച്ചെല്ലുകയും, ആ സന്ദർശനത്തിനിടെ പ്ളേഗ് പിടിപെട്ട്, മൂന്നാം നാൾ മരിക്കുകയും ചെയ്തു

കൊറോണാക്കാലത്തിന്റെ പ്രതീകം ഒരു മാസ്കാണ്. അതില്ലാതെ നമ്മുടെ നാട്ടിൽ കൊവിഡ് 19 -നെതിരായ ഒരു പോരാട്ടവും സങ്കൽപ്പിച്ചു തുടങ്ങാൻ പോലുമാവില്ല. സാങ്കേതികത്വം ഒട്ടും വിടാതെ പറയണം എന്നുണ്ടെങ്കിൽ അതിനെ 'N95 റെസ്പിറേറ്റർ' എന്നുതന്നെ പറയണം. നമ്മൾ സാമാന്യമായി 'മാസ്ക്' എന്ന പേരിലേക്ക് ഒതുക്കിയ ഈ രോഗാണുപ്രതിരോധക ഉപകരണത്തിന് നൂറുവർഷത്തെ പരിണാമചരിത്രമുണ്ടെന്നു പറഞ്ഞാൽ എത്രപേർ വിശ്വസിക്കും? 

ആദ്യം തന്നെ ഈ മാസ്കിന്റെ പേരിലെ '95' എന്ന സംഖ്യയുടെ സാംഗത്യത്തിലേക്ക് വരാം. മുഖത്ത് ഇറുക്കി ഉറപ്പിച്ചാൽ ഈ മുഖാവരണം ശ്വാസവായുവിലൂടെ ശരീരത്തിലേക്ക് വന്നുകേറാൻ സാധ്യതയുള്ള അഥവാ 'എയർബോൺ' ആയ അണുക്കളിൽ 95 ശതമാനത്തെയും പ്രതിരോധിക്കും. രോഗമുണ്ടാക്കുന്ന വൈറസുകൾ പോലുള്ള അണുക്കളിൽ നിന്ന് ഇത്രക്ക് സുരക്ഷിതത്വം പകരാൻ സാധാരണ സർജിക്കൽ മാസ്കുകൾക്ക് കഴിയില്ല. ഇന്ന്, കൊവിഡ് 19 ഭൂമുഖത്ത് പടർന്നുപിടിച്ച മഹാമാരിക്കാലത്ത് അതൊരു ജീവൻരക്ഷാ ഉപകരണമായി മാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ വളരെയധികം ഡിമാന്റുള്ള ഒന്നും. ലോകത്തിന്റെ പലഭാഗത്തും ഇതിന്റെ സ്റ്റോക്കുള്ളവർ കൂടിയ വിലയ്ക്ക് വിൽക്കാൻ വേണ്ടി പൂഴ്ത്തിവെപ്പുവരെ തുടങ്ങിക്കഴിഞ്ഞു. 

പോളിമർ വെട്ടി നാല് ലേസും പിടിപ്പിച്ച ഒരു സാധനം ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഏറ്റവും പ്രധാനപ്പെട്ട ജീവൻ രക്ഷോപായങ്ങളിൽ ഒന്നായി മാറിയതിന്റെ പിന്നിലെ രഹസ്യമെന്താവും?  അതിനെപ്പറ്റിയാണ് ഇനി. 

ആദ്യത്തെ മാസ്ക് ഉപയോഗം ദുർഗന്ധം തടയാൻ

പണ്ടേക്കു പണ്ട്, വായുവിലൂടെ പാറിനടന്നു രോഗം പരത്തുന്ന വൈറസുകളെയും ബാക്ടീരിയങ്ങളെയും പറ്റിയൊക്കെ മനസ്സിലാക്കിയെടുക്കുന്നതിനു മുമ്പുതന്നെ മനുഷ്യർ തുണികൾ വെട്ടി മുഖത്തിന് ചുറ്റും കെട്ടാൻ പാകത്തിനാക്കിയെടുത്തിരുന്നു. നവോത്ഥാനകാലത്തിനു മുമ്പുള്ള ക്‌ളാസ്സിക് പെയ്ന്റിങ്ങുകളിൽ തന്നെ ഇതിനുള്ള ഉദാഹരണങ്ങളുണ്ട്. പലതിലും മൂക്ക് കൈലേസിനാൽ പൊത്തി നിൽക്കുന്ന സുന്ദരികളായ തരുണികളെക്കാണാം.

1720 -ലെ ബുബോണിക് പ്ളേഗ് കാലത്തെ ചില റിയലിസ്റ്റിക് ചിത്രമെഴുത്തുകളിൽ കുഴിവെട്ടുകാരുടെയും ശവമെടുപ്പുകാരുടേയുമൊക്കെ മുഖങ്ങൾക്കു കുറുകെ മാസ്കുപോലെന്തോ വരച്ചിരിക്കുന്നത് കാണാം. അന്ന് എലികളോട് സംസർഗമുണ്ടായിരുന്ന ചെള്ളുകൾ വഴിയാണ് പ്ളേഗ് പരന്നിരുന്നത് എന്നായിരുന്നു പരക്കെയുണ്ടായിരുന്ന ധാരണയെങ്കിൽ പോലും, ഈ മുഖം മറയ്ക്കൽ പ്രസക്തമാണ്. 

അത് രോഗസംക്രമണത്തെ തടയാൻ വേണ്ടി ആയിരുന്നില്ല എന്നുവേണം മനസ്സിലാക്കാനെന്ന് സെന്റ് ആൻഡ്രൂസ് സർവകലാശാലയിലെ നരവംശശാസ്ത്രം പ്രൊഫസർ ക്രിസ്റ്റോസ് ലിന്റെറിസ് പറയുന്നു. മെഡിക്കൽ മാസ്ക് ഹിസ്റ്ററിയിൽ അഗ്രഗണ്യനായ പ്രൊഫ. ലിന്റെറിസ് പറയുന്നത് പ്ളേഗ് പോലുള്ള മഹാമാരികൾ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതാണ് എന്ന് അന്നത്തെ ശാസ്ത്രത്തിന് അറിവില്ലായിരുന്നു എന്നാണ്. മണ്ണിൽ നിന്നുയർന്നു വന്ന് വായുവിൽ പടർന്നു നിൽക്കുന്നതാണ് ആ മാരകവ്യാധിയുടെ കാരണമായ അണുക്കൾ എന്നായിരുന്നു അവർ ധരിച്ചിരുന്നത്. ആ അദൃശ്യമായ രോഗത്തോടുള്ള പൊതുവായ പ്രതിരോധം മാത്രമായിരുന്നു ഈ മുഖം മറയ്ക്കൽ. അവർ ആ സങ്കല്പത്തെ 'തിയറി ഓർ മയാസ്മാ' എന്ന് വിളിച്ചു.

പക്ഷികളുടെ മുഖത്തിനോട് സമാനമായ ആകൃതിയായിരുന്നു അന്നത്തെ മുഖാവരണങ്ങൾക്ക്. കൊക്കുകൾ പോലും ആ പ്ളേഗ് മാസ്കുകൾക്ക് മുന്നിലുണ്ടായിരുന്നു. മണമാണ് പ്രശ്നമെന്നായിരുന്നു അന്നത്തെ പൊതുധാരണ. അതുകൊണ്ട് ഈ കൊക്കിന്റെ അവസാനം അവർ സുഗന്ധദ്രവ്യങ്ങൾ നിറച്ച് സുഗന്ധപൂരിതമായ വായു ശ്വസിച്ചുപോന്നു. അത് രോഗം അകറ്റുമെന്നും ധരിച്ചുപോന്നു. എന്നാൽ ഇത്തരത്തിലുള്ള പക്ഷിമുഖ മാസ്കുകൾ ഉണ്ടാക്കിയ ഭയം തന്നെയായിരുന്നു പാതി മരണങ്ങൾക്കും കാരണമെന്നാണ് പലരുടെയും അഭിപ്രായം. 

 

 

ബുബോണിക് പ്ളേഗിനും 150 വർഷങ്ങൾക്ക് അപ്പുറം 1870 -ലാണ് ശാസ്ത്രജ്ഞർ 'ബാക്ടീരിയ' കണ്ടെത്തുന്നത്. മയാസ്മാ തിയറി അതോടെ മറവിയിൽ മാ ഞ്ഞു. പിന്നീട് നിർമിക്കപ്പെട്ട മാസ്കുകൾക്ക് പക്ഷിക്കൊക്കുകൾ ഉണ്ടായിരുന്നില്ല എങ്കിലും അവയെല്ലാം തന്നെ മയാസ്മാ സിദ്ധാന്തത്തിന്റെ ഹാങ്ങോവർ പേറുന്ന ഡിസൈനുകൾ തന്നെയായിരുന്നു.

സർജിക്കൽ മാസ്ക് അഥവാ ഗ്ലോറിഫൈഡ് തൂവാല 

1897 അടുപ്പിച്ചാണ് ഡോക്ടർമാർ ആദ്യമായി സർജിക്കൽ മാസ്കുകൾ ധരിച്ചു തുടങ്ങിയത്. സാധാരണ കൈലേസുകൾ മുഖത്തിന് കുറുകെ വലിച്ചു കെട്ടുന്നതിനേക്കാൾ ഒട്ടും അധികം ശാസ്ത്രീയത ഉള്ളവ ആയിരുന്നില്ല അവയും. വായുവിലൂടെ പകരുന്ന അണുക്കളെ തടയാനുള്ള കഴിവില്ലായിരുന്നു ആ സർജിക്കൽ മാസ്കുകൾക്ക്. അന്നും ഇന്നും സർജിക്കൽ മാസ്കുകളുടെ പ്രാഥമികോദ്ദേശ്യവും അതല്ലായിരുന്നു എന്നത് മറ്റൊരു കാര്യം. അത് സർജൻമാർ ചുമയ്ക്കുമ്പോൾ വായിൽ നിന്ന് ദ്രാവകരൂപത്തിലോ ഖരരൂപത്തിലോ ഉള്ളതൊന്നും തന്നെ പുറത്തേക്ക് തെറിക്കാതിരിക്കുക, അവർ ശസ്ത്രക്രിയ ചെയ്തുകൊണ്ടിരുന്ന രോഗികളുടെ ശരീരത്തിലെ മുറിവിനുള്ളിലേക്ക് പതിക്കാതിരിക്കുക എന്നതായിരുന്നു. 

മാസ്കും റെസ്പിറേറ്ററും തമ്മിലുള്ള വ്യത്യാസം 

'റെസ്പിറേറ്റർ' എന്ന സുരക്ഷാ ഉപകരണവും സാധാരണ സർജ്ജിക്കൽ മാസ്കും തമ്മിലുള്ള വ്യത്യാസം അറിഞ്ഞിരിക്കണം. അത് പലർക്കും അറിയില്ല. പ്രത്യേകിച്ച് ഭരണയന്ത്രത്തിന്റെ തലപ്പത്തു വരുന്ന ഉദ്യോഗസ്ഥർക്ക്. റെസ്പിറേറ്റർ ഉപയോഗിക്കേണ്ടിടത്ത്, അത് ലഭ്യമില്ലാതാകുമ്പോൾ അതിനു പകരം സർജിക്കൽ മാസ്കുകൾ ഉപയോഗിക്കാൻ മേലധികാരികൾ പറയുമ്പോൾ ആരോഗ്യരംഗത്തെ പ്രൊഫഷണലുകൾക്ക് കോപം വരുന്നതും അതുകൊണ്ടുതന്നെ. ഒരു റെസ്പിറേറ്റർ ചെയ്യുന്ന ധർമം ഒരിക്കലും ഒരു സർജിക്കൽ മാസ്കിന് ചെയ്യാനാകില്ല. മാസ്കുകൾ നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്ന വസ്‌തുതന്നെ വേറെയാണ്. മാത്രമല്ല മാസ്ക് മുഖത്ത് വളരെ അയഞ്ഞാണ് ഇരിക്കുക. അണുക്കൾക്ക് മുഖത്തിനും മാസ്കിനും ഇടയിലെ വിടവിലൂടെയും അകത്തേക്ക് കയറാൻ സാധിക്കും. എന്നാൽ റെസ്പിറേറ്ററുകളിൽ കൃത്യമായ ഒരു എയർടൈറ്റ് സീൽ ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ അവയുടെ ഫിൽറ്ററിങ്ങും കണിശമായിരിക്കും. 

 

മറ്റൊരു പ്ളേഗ് കാലത്തെ വംശീയ വിദ്വേഷത്തിൽ നിന്ന് ആദ്യത്തെ റെസ്പിറേറ്ററിന്റെ പിറവി 

1910 ലെ ശരത്കാലം. ചൈനയുടെ വടക്കുകിടക്കുന്ന മഞ്ചൂരിയയിൽ പ്ളേഗ് പടർന്നു പിടിച്ചകാലം. റഷ്യയും ചൈനയും തമ്മിലുള്ള അധികാരത്തർക്കങ്ങൾക്കിടയിൽ ആകെ തകർന്നടിഞ്ഞു കിടന്നിരുന്ന ഒരു പ്രദേശമായിരുന്നു അന്ന് മഞ്ചൂരിയ. ആ പ്ളേഗ് ഒരു അന്തകരോഗമായിരുന്നു. പിടിപെട്ടാൽ മരണം സുനിശ്ചിതം. അതും രോഗത്തിന്റെ ആദ്യലക്ഷണങ്ങൾ കണ്ടുതുടങ്ങി നാല്പത്തെട്ടാം മണിക്കൂറിൽ മരണം സംഭവിച്ചിരിക്കും. 

അന്നേ മത്സരബുദ്ധ്യാ പ്രവർത്തിച്ചുപോന്നിരുന്ന ചൈനയും റഷ്യയും തമ്മിൽ ഈ അസുഖത്തെ പ്രതിരോധിക്കുന്ന കാര്യത്തിലും, ഇതിനു മരുന്ന് കണ്ടെത്തുന്ന കാര്യത്തിലും ഒക്കെ മത്സരം തുടങ്ങി. ചൈന ഈ ദുഷ്കര ദൗത്യം ഏൽപ്പിച്ചത് പെനാങിൽ ജനിച്ച് കേംബ്രിഡ്ജിൽ വൈദ്യശാസ്ത്രം പഠിച്ചിറങ്ങിയ ഡോ. ലിയൻ തെ വു എന്ന വിദഗ്ധനെ ആയിരുന്നു. മറ്റുള്ള ഡോക്ടർമാരെക്കാളൊക്കെ സമർത്ഥനായിരുന്നു ഡോ. വു എങ്കിലും മാൻഡറിൻ മാത്രമേ സംസാരിക്കാൻ അറിയൂ എന്നത് അയാളെ പ്രാദേശിക പ്രശസ്തിയിൽ ഒതുക്കിനിർത്തി. എന്നാൽ, തന്റെ ഗവേഷണങ്ങളുടെ ഭാഗമായി പ്ളേഗ് ബാധിതരുടെ മൃതദേഹങ്ങളുടെ ഓട്ടോപ്സി നടത്തിയ ഡോ. വു വളരെ പ്രസക്തമായ ഒരു കാര്യം കണ്ടെത്തി. പ്ളേഗ് പരന്നിരുന്നത് എല്ലാവരും കരുതിയിരുന്ന പോലെ ചെള്ളുകൾ വഴിയല്ല, മറിച്ച് വായുവിലൂടെ പരക്കുന്ന സൂക്ഷ്മാണുക്കൾ വഴിയാണ് എന്നതായിരുന്നു ആ കണ്ടുപിടുത്തം. 

യൂറോപ്പിൽ പ്രചാരത്തിലിരുന്ന സർജിക്കൽ മാസ്കുകളിന്മേൽ ചെറിയ പരിഷ്കരണങ്ങൾ വരുത്തിയ ഡോ. വു, പഞ്ഞിയുടെയും, കോട്ടണിന്റെയും ഓരോ പാളി കൂടി കൂട്ടിച്ചേർത്ത് ആ മാസ്കിന്റെ പ്രതിരോധ ശേഷി വർധിപ്പിച്ചു. സർജിക്കൽ മാസ്കുണ്ടാക്കുന്ന അതേ തുണികളിക്കിടയിൽ ആയിരുന്നു ഈ അധിക ലേയറുകൾ. അങ്ങനെ വർദ്ധിതമായ പ്രതിരോധശേഷിയുണ്ടായിരുന്ന ഈ ഭാരം കൂടിയ മാസ്‌കുകൾ മുഖത്ത് വരിഞ്ഞു കെട്ടാൻ ഡോ. വു ഉപദേശിച്ചു. എന്നാൽ, ഇങ്ങനെ ഒരു ഡിസൈൻ ആദ്യമായി വന്നപ്പോൾ അതിന്റെ ഫലസിദ്ധിയിൽ പലർക്കും സംശയങ്ങളും സ്വാഭാവികമായും  ഉണ്ടായിരുന്നു. 

 

 

അന്ന് വ്യാപകമായ വംശീയ അധിക്ഷേപങ്ങൾക്കും വിധേയനായിരുന്നു ഡോ. വു. തന്റെ മാസ്ക് പരിചയപെടുത്തിക്കൊണ്ട് പ്ളേഗിന്റെ വായുവിലൂടെയുള്ള സംക്രമണ സാധ്യതകളെപ്പറ്റി പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ച ഡോ. വുവിനെ ഒരു ഫ്രഞ്ച് ഡോക്ടർ കണക്കറ്റു കളിയാക്കി, " എന്തൊരു വിഡ്ഢിത്തമാണിയാൾ പറയുന്നത് ? അല്ലെങ്കിലും, ഒരു ചൈനക്കാരനിൽ നിന്ന് നമ്മൾ വിഡ്ഢിത്തങ്ങൾ അല്ലാതെ എന്താണ് പ്രതീക്ഷിക്കേണ്ടത് ?" എന്നായിരുന്നു അയാളുടെ ആക്ഷേപം. ഡോ. വുവിന്റെ വായുവിലൂടെയുള്ള രോഗസംക്രമണ സിദ്ധാന്തം തെറ്റാണ് എന്ന് തെളിയിക്കാൻ  വേണ്ടി അതിനുശേഷം ആ ഫ്രഞ്ച് ഡോക്ടർ പ്ളേഗ് ബാധിതർ കിടന്നിരുന്ന ആശുപത്രിയിൽ മാസ്ക് ധരിക്കാതെ കയറിച്ചെല്ലുകയും, ആ സന്ദർശനത്തിനിടെ പ്ളേഗ് പിടിപെട്ട്, മൂന്നാം നാൾ മരിക്കുകയും ചെയ്തു എന്നത് വേറെക്കാര്യം. 

അക്കാലത്ത് പല ഡോക്ടർമാരും ജീവൻ രക്ഷിക്കാൻ അവനവന്റെ ബുദ്ധിക്ക് തോന്നിയ പോലെ പല തരത്തിലുള്ള മാസ്കുകളും സ്വയം നിർമിച്ച് ധരിച്ചു. എന്നാൽ അക്കൂട്ടത്തിൽ പ്രയോഗത്തിൽ മികച്ചു നിന്നത് ഡോ. വുവിന്റെ മാസ്ക് തന്നെയായിരുന്നു. കാരണം അത് ബാക്ടീരിയങ്ങളിൽ നിന്ന് ഡോക്ടർമാരെ സംരക്ഷിച്ചു നിർത്തി. അത് വിലക്കുറവുള്ള അസംസ്കൃത വസ്തുക്കളാൽ നിർമിക്കാൻ സാധിക്കുന്നതും, താരതമ്യേന കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാൻ സാധിക്കുന്നതും ആയിരുന്നു. താമസിയാതെ ആ മാസ്കുകൾ ഡോക്ടർമാരും നേഴ്സുമാരും മാത്രമല്ല, പട്ടാളക്കാരും, സാധാരണക്കാരും വരെ ധരിച്ചു. പ്ളേഗിൽ നിന്ന് അത് അവരെ രക്ഷിച്ചു നിർത്തി. മഹാമാരിയെ സധൈര്യം മുഖത്തോടുമുഖം നേരിട്ട് ജയിക്കാൻ ശ്രമിക്കുന്ന ആധുനിക വൈദ്യശാസ്ത്രത്തിന്റെ പ്രതീകമായി ഡോ. വു നിർമിച്ച മാസ്കുകൾ മാറി. 1918 -ൽ സ്പാനിഷ് ഫ്ലൂ എന്ന ഭീതിദമായ മഹാമാരി കോടിക്കണക്കിനു പേരുടെ ജീവനെടുത്തുകൊണ്ട് ഈ ലോകത്തിലൂടെ തേരോട്ടം നടത്തിയപ്പോഴേക്കും ഡോ. വുവിന്റെ മാസ്കുകൾ ലോകത്തിന് പരിചിതമായിരുന്നു. അത് അന്ന് വ്യവസായികാടിസ്ഥാനത്തിൽ നിർമ്മിക്കപ്പെട്ടു. പലരെയും സ്പാനിഷ് ഫ്ലുവിൽ നിന്ന് കാത്തുരക്ഷിച്ചു. 

 

 

N95  വ്യവസായത്തിനായി നിർമ്മിക്കപ്പെട്ടു, ഒടുവിൽ ആശുപത്രികളിലേക്കുമെത്തി

ഡോ. വു നിർമിച്ച മാസ്കുകളുടെ പിന്തുടർച്ചയാണ് N95 മാസ്കുകൾ. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾ നടക്കുന്നതിനിടയിലാണ് ശാസ്ത്രജ്ഞർ എയർ ഫിൽറ്ററിങ് ഗ്യാസ് മാസ്കുകൾ കണ്ടുപിടിക്കുന്നത്. തല മൊത്തമായി മൂടിക്കൊണ്ട് ധരിച്ചിരുന്ന അവ ശുദ്ധവായു ഉറപ്പുവരുത്തി. താമസിയാതെ ഫൈബർ ഗ്ലാസ് ഫിൽറ്ററുകൾ വരവറിയിച്ചു. അവ ചേർത്തുണ്ടാക്കിയ മാസ്കുകൾ ഖനികളിൽ പ്രവർത്തിക്കുന്നവരുടെ ശ്വാസകോശങ്ങൾ സംരക്ഷിച്ചു. അന്നത്തെ റെസ്പിറേറ്റർസ് എല്ലാം തന്നെ നല്ല വലിപ്പമുള്ളവയായിരുന്നു. അവ കഴുകി രണ്ടാമതും ഉപയോഗിക്കാവുന്നവയും ആയിരുന്നു. 

1970 -കളിലാണ് 3M എന്ന കമ്പനി ആദ്യത്തെ റീയൂസബിൾ N95 റെസ്പിറേറ്ററുകൾക്ക് പേറ്റന്റ് എടുക്കുന്നത്. ഫൈബർ ഗ്ലാസ് ഫിൽറ്ററുകൾക്ക് പകരം പോളിമർ ഉരുക്കിയെടുത്ത് അതിനെ എയർ ബ്ലാസ്റ്റ് ചെയ്ത് അടരുകളാക്കി എടുത്തുകൊണ്ടുള്ള ഒരു സവിശേഷ ടെക്‌നോളജിയാണ് അവർ വികസിപ്പിച്ചെടുത്തത്. ആസ്ബറ്റോസിൽ അടങ്ങിയ സിലിക്കയായാലും, വൈറസോ ബാക്ടീരിയയോ ആയാലും ഈ പോളിമർ അടരുകൾക്കിടയിലൂടെ കടന്നു പോയിരുന്നില്ല. ഈ സവിശേഷ ഫൈബർ ഡിസൈനിന് പുറമെ ചെറിയൊരു ഇലക്ട്രോ സ്റ്റാറ്റിക് ചാർജ്ജ് കൂടി ചേർത്തു. ആ ചാർജ് ഇതുവഴി വന്നിരുന്ന സൂക്ഷ്മാണുക്കളെ ഫൈബറുകളിലേക്ക് വലിച്ചടുപ്പിച്ചു. 

എത്ര നേരം N95 റെസ്പിറേറ്ററുകൾ ധരിക്കുന്നുവോ അത്രയും അതിന്റെ ഫലസിദ്ധി കൂടും. കാരണം ഈ ഫിൽറ്ററുകളിൽ വന്നടിയുന്ന സൂക്ഷ്മാണുക്കളെ അതിന്റെ ദ്വാരങ്ങൾ കൂടുതൽ ചെറുതാക്കി. അവയെ കൂടുത്തൽ സൂക്ഷ്മാണുക്കളെ തടുക്കാൻ ശേഷിയുള്ളതാക്കി. ഈ പുതിയ ഡിസൈൻ ക്ഷയത്തെ ചെറുക്കാൻ ഏറെ സഹായകരമായിരുന്നു. എന്നാൽ N95 റെസ്പിറേറ്ററുകൾക്കും അതിന്റെതായ ചില പോരായ്മകളുണ്ട്. അവ കുഞ്ഞുങ്ങളുടെയും, മുഖത്ത് രോമമുള്ളവരുടെയും കാര്യത്തിൽ കൃത്യമായ സീലിംഗ് നൽകില്ല. കൃത്യമായി സീൽ ചെയ്യാതെ അവ ഫലപ്രദമായി അണുക്കളെ ചെറുക്കുകയുമില്ല. 

ചൈനയ്ക്കു വേണ്ടി ആദ്യത്തെ റെസ്പിറേറ്റർ ഉണ്ടാക്കിയെടുത്ത ഡോ. വു ആണ് രാജ്യത്ത് പകർച്ച വ്യാധികൾ തടയാനുള്ള സെന്റർ ഫോർ ഡിസീസസ് കൺട്രോൾ തുടങ്ങിയതും. അദ്ദേഹത്തിന് നോബൽ സമ്മാനം തലനാരിഴയ്ക്കാണ് അന്ന് നഷ്ടപ്പെട്ടത്. 3M നിർമിച്ച N95 റെസ്‌പിറേറ്ററുകൾ അവയുടെ ഡിസൈനിൽ പിന്നെയും പരശ്ശതം പുരോഗതികൾ വരുത്തി. ഇന്ന് കൊറോണാ വൈറസിനോടുള്ള പോരാട്ടത്തിലും മനുഷ്യന് ഏറ്റവും വലിയ പിൻബലമാകുന്നത് ഇതേ N95 സംരക്ഷണ കവചങ്ങളാണ്. 

click me!