വീടുകള്‍ക്ക് വാതിലും പൂട്ടുമില്ല, മോഷണമില്ല, കള്ളന്മാരും പിടിച്ചുപറിക്കാരുമില്ലാത്ത ഗ്രാമം?

Web Desk   | others
Published : Mar 01, 2020, 11:21 AM IST
വീടുകള്‍ക്ക് വാതിലും പൂട്ടുമില്ല, മോഷണമില്ല, കള്ളന്മാരും പിടിച്ചുപറിക്കാരുമില്ലാത്ത ഗ്രാമം?

Synopsis

പട്ടണത്തിന്റെ ഹൃദയഭാഗത്ത് മേൽക്കൂരയില്ലാത്ത ഒരിടത്ത് ഗ്രാമീണർ വിഗ്രഹം പ്രതിഷ്ഠിച്ചു. അതിനുശേഷം എല്ലാ വാതിലുകളും പൂട്ടുകളും വേണ്ടെന്ന് വയ്ക്കാൻ അവർ തീരുമാനിച്ചു.

വീടുകൾക്ക് വാതിലുകളില്ലാത്ത, കടകൾക്ക് പൂട്ടുകളില്ലാത്ത എല്ലാത്തിലുമുപരിയായി കള്ളന്മാരും പിടിച്ചുപറിക്കാരുമില്ലാത്ത ഒരു ഗ്രാമത്തെ സങ്കല്പിക്കാമോ? അങ്ങനെ ഒരു ഗ്രാമമുണ്ട്. പിടിച്ചുപറിയും, മോഷണവും, കുറ്റകൃത്യങ്ങളൊന്നും തന്നെ ഇല്ലാത്ത ഒരു ഗ്രാമം. മഹാരാഷ്ട്രയിലെ ശനി ശിംഘനാപൂര്‍ എന്ന ഗ്രാമത്തിന്‍റെ കഥയാണിത്. ഗ്രാമത്തിന്റെ രക്ഷാധികാരിയായി അവര്‍ കണക്കാക്കുന്ന ശനിദേവനിലുള്ള അചഞ്ചലമായ വിശ്വാസമാണ് ഇതിന് കാരണം.

ആ ഗ്രാമത്തിൽ ആർക്കും ഭയം വേണ്ട. പണവും പണ്ടവും വീട്ടിൽ വച്ച്, വാതിലുകൾ പൂട്ടാതെ അവർക്ക് എവിടെ വേണമെങ്കിലും പോകാം. തങ്ങളുടെ പാവന രക്ഷാധികാരിയായ ശനി ദേവൻ തങ്ങളെ എന്ത് അപകടത്തിൽ നിന്നും സംരക്ഷിക്കുമെന്ന് അവർ ഉറച്ച് വിശ്വസിക്കുന്നു. ഗ്രാമത്തിലെ പൊതു ടോയ്‌ലറ്റുകൾക്ക് പോലും വാതിലുകളില്ല. വാതിലിന്‍റെ സ്ഥാനത്ത് സ്വകാര്യതയ്ക്കായി നേർത്ത തിരശ്ശീല മാത്രമാണ് ഉള്ളത്.

2015 സെപ്റ്റംബറിൽ മാത്രമാണ് ആ ഗ്രാമത്തിൽ ഒരു പൊലീസ് സ്റ്റേഷൻ ആരംഭിച്ചത്. എന്നാൽ, ഗ്രാമവാസികളിൽ നിന്ന് പരാതിയൊന്നും  അവർക്ക് ലഭിക്കാറില്ല എന്നാണ് പറയുന്നത്. അത് മാത്രമോ, 2011 -ൽ ആരംഭിച്ച യുണൈറ്റഡ് കൊമേഴ്‌സ്യൽ ബാങ്ക് പോലും ഇന്ത്യയിലെ ആദ്യത്തെ പൂട്ടില്ലാത്ത ബാങ്ക് ബ്രാഞ്ചാണ്. ഒരു ചില്ലിന്‍റെ പ്രവേശന കവാടവും, ഗ്രാമീണരുടെ വിശ്വാസം മാനിച്ച് കാണാൻ പോലും കഴിയാത്ത നിയന്ത്രിത വൈദ്യുതകാന്തിക ലോക്കും മാത്രമാണ് സുരക്ഷക്കായി സ്ഥാപിച്ചിട്ടുള്ളത്.

ഗ്രാമത്തിന് പുറത്തുപോകുമ്പോൾ അയൽവാസികളോട് 'വീട് ഒന്ന് ശ്രദ്ധിച്ചേക്കണേ' എന്ന് നമ്മൾ പറയും പോലെ അവിടെ ആരും പറയില്ല. കാരണം വാതിൽ തുറന്ന് കിടന്നാൽ കൂടി ആരും കയറി മോഷ്ടിക്കില്ല എന്നവർക്ക് ഉറപ്പാണ്. ഇനി അഥവാ അങ്ങനെ ആരെങ്കിലും മോഷ്ടിച്ചാൽ അവർ അന്ധരായിത്തീരുമെന്നാണ് അവരുടെ വിശ്വാസം. ഒരിക്കൽ, ഗ്രാമത്തിലെ ഒരാൾ തന്റെ വീടിന് വിശ്വാസത്തിന് എതിരായി വാതിൽ പണിതപ്പോൾ, അടുത്ത ദിവസം തന്നെ അദ്ദേഹത്തിന് ഒരു വാഹനാപകടമുണ്ടായതായി എന്ന് ഗ്രാമീണർ പറയുന്നു. 

എന്നാൽ, ഈ ഗ്രാമത്തിന്റെ ഈ വിചിത്രമായ രീതികൾക്ക് പിന്നിൽ ഒരു ഐതിഹ്യമുണ്ട്. ഏകദേശം 300 വർഷങ്ങൾക്ക് മുമ്പ്, ഒരു വെള്ളപ്പൊക്കത്തിനു ശേഷം പനസ്നാല നദിയുടെ തീരത്ത് കനത്ത കറുത്ത പാറക്കല്ലുകൾ വന്നടിഞ്ഞു. അതിലൊരു പാറയിൽ നാട്ടുകാർ വടികൊണ്ട് തൊട്ടപ്പോൾ അതിൽ നിന്ന് രക്തമൊഴുകാൻ തുടങ്ങി. അന്നുരാത്രി, ഗ്രാമത്തലവന്‍റെ സ്വപ്‍നത്തില്‍ ശനി പ്രത്യക്ഷപ്പെട്ടു. പാറക്കല്ല് തന്റെ വിഗ്രഹമാണെന്ന് വെളിപ്പെടുത്തി. അത് ഗ്രാമത്തിൽ സൂക്ഷിക്കണമെന്നും ദേവൻ ഉത്തരവിട്ടു. എന്നാൽ, ശനിക്ക് ഒരു നിബന്ധന ഉണ്ടായിരുന്നു: വിഗ്രഹം ഒരിക്കലും അടച്ചുമൂടി വയ്ക്കരുത്. കാരണം ഗ്രാമത്തെ തടസ്സമില്ലാതെ നോക്കാന്‍ അദ്ദേഹത്തിന് കഴിയണം. തുടർന്ന് ശനി അദ്ദേഹത്തെ അനുഗ്രഹിക്കുകയും, ഗ്രാമത്തെ അപകടത്തിൽ നിന്ന് സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. പട്ടണത്തിന്റെ ഹൃദയഭാഗത്ത് മേൽക്കൂരയില്ലാത്ത ഒരിടത്ത് ഗ്രാമീണർ വിഗ്രഹം പ്രതിഷ്ഠിച്ചു. അതിനുശേഷം എല്ലാ വാതിലുകളും പൂട്ടുകളും വേണ്ടെന്ന് വയ്ക്കാൻ അവർ തീരുമാനിച്ചു. അങ്ങനെയാണ് പൂട്ടുകളിലാത്ത ഒരു ഗ്രാമമായി അത് മാറിയെന്നാണ് അവിടുത്തുകാര്‍ വിശ്വസിക്കുന്നത്.

ഈ വിചിത്രമായ ചരിത്രം കാരണം, ശനി ശിംഘനാപൂര്‍ ഇന്ത്യയിലുടനീളമുള്ള ഭക്തരെ ആകർഷിക്കുന്നു. വിപുലമായ സ്വത്തും സംഭാവനകളുമുള്ള ഒരു വലിയ ക്ഷേത്രമായി വളർന്ന ഈ അമ്പലം കാണാൻ കുറഞ്ഞത് 40,000 സന്ദർശകരെങ്കിലും ഇവിടെയ്ക്ക് ഓരോ ദിവസവും വരുന്നു. 400 വര്‍ഷം സ്ത്രീകള്‍ക്ക് പ്രവേശനമില്ലാതിരുന്ന ക്ഷേത്രമാണ് ഇവിടത്തേത്. എന്നാല്‍, കോടതിയുത്തരവിനെ തുടര്‍ന്ന് 2016 -ല്‍ ക്ഷേത്ര ട്രസ്റ്റി തന്നെ സ്ത്രീകള്‍ക്കായി ക്ഷേത്രത്തിന്‍റെ വാതിലുകള്‍ തുറന്നുകൊടുത്തു. 

PREV
click me!

Recommended Stories

എഐ ചിത്രങ്ങളോടുള്ള പ്രതിഷേധം: സഹപാഠിയുടെ കലാസൃഷ്ടികൾ ചവച്ചരച്ച് വിഴുങ്ങി വിദ്യാർത്ഥി, പിന്നാലെ അറസ്റ്റിൽ
ഇരട്ട സഹോദരന്മാരെ ഒരേസമയം ഡേറ്റ് ചെയ്ത് യുവതി; പിന്തുണച്ച് ഇരുകുടുംബങ്ങളും