
എട്ടുമാസത്തെ തടവുശിക്ഷയ്ക്കുശേഷം പാലസ്തീന്‍ ആക്ടിവിസ്റ്റായ അഹദ് തമീമി ജയില്‍ മോചിതയായിരിക്കുന്നു. എട്ട് മാസത്തെ ജയില്‍ ജീവിതം അവളെ തളര്‍ത്തുകയല്ല, മറിച്ച് വീണ്ടും വീണ്ടും പോരാടാനുള്ള കരുത്ത് പകരുകയാണ് ചെയ്തത്. തമീമി തന്നെ അത് വ്യക്തമാക്കി കഴിഞ്ഞു. അവളുടെ ഓരോ വാക്കിലും ആ കനലുകളുണ്ട്.
എട്ട് മാസത്തെ ജയില്‍ ജീവിതം തമീമി വിനിയോഗിച്ചത് നിയമം പഠിക്കാനാണ്. തടവ് സമയത്ത് ഇന്‍റര്‍നാഷണല്‍ ലോ പഠിച്ചത് എന്നെങ്കിലുമൊരിക്കല്‍ രാജ്യന്തരകോടതിയില്‍ ഇസ്രായേലിനെതിരെ കേസ് വാദിക്കാന്‍ തനിക്ക് കൂടുതല്‍ കരുത്ത് പകരുമെന്ന് അവള്‍ പ്രതീക്ഷിക്കുന്നു. 'ദൈവം സഹായിച്ചാല്‍ താന്‍ നിയമം പഠിക്കും. പാലസ്തീനികള്‍ക്കു നേരെ നടക്കുന്ന ക്രൂരതകള്‍ക്കെതിരെ താന്‍ വാദിക്കും. വലിയൊരു വക്കീലാകും. തന്‍റെ രാജ്യത്തിന്‍റെ അവകാശങ്ങള്‍ തിരിച്ചുപിടിക്കും.' അവള്‍ പറയുന്നു.
തമീമിയും കൂടെയുണ്ടായിരുന്ന മറ്റ് പാലസ്തീനി തടവുകാരും തങ്ങളുടെ തടവുകാലം നിയമപുസ്തകങ്ങള്‍ പഠിക്കാനായാണ് ഉപയോഗിച്ചിരുന്നത്. ജയില്‍ ഒരു സ്കൂളാക്കി മാറ്റാനായിരുന്നു നമ്മുടെ ശ്രമമെന്ന് തമീമി പറയുന്നു.
നബി സലേഹിലുള്ള തന്റെ വീടിന് പുറത്ത് നില്‍ക്കുന്ന ആയുധധാരികളായ ഇസ്രായേലി സൈനികരുടെ മുഖത്തടിക്കുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്നായിരുന്നു തമീമിയെയും മാതാവിനേയും അറസ്റ്റ് ചെയ്തത്. 2017 ഡിസംബറിലായിരുന്നു അറസ്റ്റ്. മാതാവ് രണ്ട് മാസം മുമ്പ് ജയില്‍ മോചിതയായിരുന്നു.
'അറസ്റ്റ് ചെയ്യപ്പെട്ട അനുഭവം വളരെ പ്രയാസകരമായിരുന്നു. എനിക്കത് വിവരിക്കാനറിയില്ല. പക്ഷെ, ആ അനുഭവം എന്‍റെ ജീവിതത്തിന് പുതിയൊരു മൂല്ല്യമുണ്ടാക്കിത്തന്നു. എനിക്ക് കൂടുതല്‍ പക്വത വച്ചു. കൂടുതല്‍ ശ്രദ്ധയും ആത്മവിശ്വാസവും കൈവന്നു.' തമീമി ആ തടവുകാലത്തെ കുറിച്ച് പറയുന്നു.
'നിയമം പഠിക്കാന്‍ തന്നെ സഹായിച്ചത് തടവുജീവിതമാണ്. ഉദാഹരണത്തിന്, ഞാന്‍ ചോദ്യം ചെയ്യപ്പെട്ടു. അവിടെ പലവിധത്തിലുള്ള അവകാശലംഘനങ്ങളും നേരിട്ടു. സാര്‍വ ദേശീയമായ നിയമം പറയുന്നത് എനിക്കെതിരെ അത്തരത്തില്‍ ഒരു നിയമലംഘനം നടക്കരുതായിരുന്നുവെന്നാണ്. അതെന്‍റെ അവകാശങ്ങള്‍ക്കെതിരാണ്. തടവുസമയത്ത് പഠിച്ച നിയമങ്ങളാണ് അതെനിക്ക് മനസിലാക്കിത്തന്നത്.'
ലോകത്തിന്‍റെ എല്ലാ ഭാഗത്തുനിന്നും തമീമിക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. അതും സൈന്യത്തെ ദേഷ്യം കൊള്ളിച്ചിരുന്നു. പുറത്തുള്ള യൂണിവേഴ്സിറ്റിയില്‍ പഠിക്കാനായി അവള്‍ക്ക് സ്കോളര്‍ഷിപ്പും വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. അവളതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് തമിമിയുടെ മാതാപിതാക്കള്‍ പറയുന്നു.
അവര്‍ക്ക് സത്യത്തെ ഭയമാണ്
പാലസ്തീനിയന്‍ ഗവണ്‍മെന്‍റ് ഇസ്രായേലിനെതിരെ നിരവധി പരാതികള്‍ നല്‍കിയിരുന്നു. അതില്‍ യുദ്ധനിയമലംഘനങ്ങളും ഉള്‍പ്പെടുന്നു. എന്നാല്‍ ഇസ്രായേല്‍ അതെല്ലാം നിഷേധിക്കുകയാണുണ്ടായത്.
'ഇസ്രായേലിന് സത്യത്തെ ഭയമാണ്. അവര്‍ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പിന്നെന്തിനാണവര്‍ സത്യത്തെ ഭയക്കുന്നത്. സത്യം അവരെ ഭയപ്പെടുത്തുന്നു. ആ സത്യമെല്ലാം ഈ ലോകത്തെ അറിയിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. എനിക്ക് ഇത്രയും ശ്രദ്ധലഭിച്ചതില്‍ അവര്‍ക്ക് തീര്‍ച്ചയായും ഭയമുണ്ട്. കാരണം, അവര്‍ക്ക് എല്ലായ്‌പ്പോഴും സത്യത്തെ ഭയമാണ്. അവരാണ് അധിനിവേശം നടത്തുന്നത്. ഞങ്ങള്‍ ആ അധിനിവേശത്തിനു കീഴിലാണ്.'
സൈന്യത്തെ അടിച്ചതില്‍ തനിക്ക് ഒട്ടും കുറ്റബോധമില്ലെന്നും തമിമി പറയുന്നു. അവളുടെ 15 വയസുള്ള കസിന്‍റെ തലയില്‍ റബ്ബര്‍ ബുള്ളറ്റ് കൊണ്ട് വെടിയുതിര്‍ത്ത ആളെയാണ് താന്‍ അടിച്ചതെന്നും തമീമി പറയുന്നുണ്ട്.
'പാലസ്തീന്‍ അനുഭവിക്കുന്നത് ലോകത്തിന് കാണിച്ചുകൊടുത്തയാളെന്ന നിലയിലും പോരാട്ടത്തിന്‍റെ അടയാളമായി മാറിയതിലും തനിക്ക് അഭിമാനമുണ്ട്. അത് കാത്തുസൂക്ഷിക്കണം, അതെനിക്കൊരു ഭാരമായിരിക്കാം. അത് വലിയ കടമയാണ്. പക്ഷെ, തനിക്കത് ചെയ്യാനാകുമെന്ന് പൂര്‍ണ വിശ്വാസമുണ്ട്. അതില്‍ ആത്മവിശ്വാസമുണ്ട്.' അവളുടെ ആത്മവിശ്വാസം തന്നെയാണ് അവളെ നയിക്കുന്നത്.
ഇനിയെന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. കുറച്ച് വിശ്രമം ഇപ്പോഴാവശ്യമാണ്. അതിനുശേഷം എന്ത് ചെയ്യണമെന്ന് തീരുമാനമെടുക്കും. തമീമി പറയുന്നു, ‘അവസാനം ഞാന്‍ മതില്‍ക്കെട്ടുകളില്ലാതെ ആകാശം കണ്ടിരിക്കുന്നു. തട്ടമിടാതെ എനിക്കിപ്പോള്‍ തെരുവിലൂടെ നടക്കാനാകുന്നു. എനിക്കു നക്ഷത്രങ്ങള്‍ കാണാം, ചന്ദ്രനേയും കാണാം. കുറേക്കാലമായി ഞാനവയെ ഒന്നും കാണാറേല്ലായിരുന്നു. ഇപ്പോള്‍ ഞാന്‍ എന്റെ കുടുംബത്തിനൊപ്പമാണ്.’
തന്നെ, ഇസ്രായേലി അധിനിവേശത്തിന്‍റെ ഇരയെന്ന് വിളിക്കരുതെന്നും തമീമി പറയുന്നുണ്ട്.‘ഞാന്‍ അധിനിവേശത്തിന്റെ ഇരയല്ല. അങ്ങനെ വിളിക്കരുത്. പതിനഞ്ചാമത്തെ വയസില്‍ റൈഫിളും കയ്യില്‍കൊണ്ടുനടക്കേണ്ടിവരുന്ന ജൂതനുണ്ട്. അവരാണ് യഥാര്‍ത്ഥത്തില്‍ അധിനിവേശത്തിന്റെ ഇരകള്‍. എനിക്ക് തെറ്റും ശരിയും തിരിച്ചറിയാന്‍ കഴിയും. പക്ഷേ അവന് അത് കഴിയില്ല. അവന്റെ കാഴ്ചപ്പാടുകള്‍ മേഘങ്ങളാല്‍ മൂടപ്പെട്ടിരിക്കുകയാണ്. അവന്‍റെ ഹൃദയം നിറയേ പാലസ്തീനികള്‍ക്കെതിരായുളള വിദ്വേഷവും വെറുപ്പും കൊണ്ട് നിറഞ്ഞിരിക്കുന്നു. അവനാണ് ശരിക്കും ഇര, ഞാനല്ല. ഞാനൊരു സ്വാതന്ത്ര്യസമര പോരാളിയാണെന്നാണ് ഞാനെപ്പോഴും പറയാറ്. അതുകൊണ്ട് എനിക്ക് ഇരയാവാനും കഴിയില്ല.’
കടപ്പാട്: ദ ഗാര്‍ഡിയന്‍