താരരാജാക്കന്‍മാരേ,  കാലം മാറുകയാണ്...

അഖില പ്രേമചന്ദ്രന്‍ |  
Published : Jun 28, 2018, 01:03 PM ISTUpdated : Oct 02, 2018, 06:42 AM IST
താരരാജാക്കന്‍മാരേ,  കാലം മാറുകയാണ്...

Synopsis

'അമ്മ' അറിയാന്‍ ഒരു ഹോളിവുഡ് കഥ!  അഖില പ്രേമചന്ദ്രന്‍ എഴുതുന്നു

സിനിമാ പ്രവര്‍ത്തകരുടെ സംഘടന ആദ്യം മുതല്‍തന്നെ പ്രതിയുടെ ഒപ്പമായിരുന്നു. തങ്ങളുടെ അംഗമായിരുന്നു ഇരയായ നടി എന്ന കാര്യം പോലും മറന്ന് അവര്‍ പ്രതിക്കു വേണ്ടി നിലയുറപ്പിച്ചു. അക്കാര്യം പൊതുമധ്യത്തില്‍, വ്യക്തമായി പറയാന്‍ അവര്‍ക്ക് മടിയുമില്ലായിരുന്നു. ഇന്നും അവരങ്ങനെതന്നെ പറയുന്നു. ഒരു ഘട്ടത്തില്‍പ്പോലും, പൃഥ്വിരാജും മ്മൂട്ടിയും കൂടി തിരക്കിട്ട് ദിലീപിനെ പുറത്താക്കിയതായി പ്രഖ്യാപിക്കുന്ന അവസരത്തില്‍പോലും, അമ്മ എന്ന സംഘടന ആക്രമണത്തിന് ഇരയായ തങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് ഒപ്പം നിന്നില്ല. 

പാശ്ചാത്യ ലോകം നമ്മുടേതിനേക്കാള്‍ വിശാലമായ കാഴ്ചപ്പാടുകളും ധാരണകളും വച്ചുപുലര്‍ത്തുന്നവരാണെന്നൊരു ധാരണ നമുക്കുണ്ട്. എന്നാല്‍ ഹോളിവുഡിലെ ഏറ്റവും പ്രമുഖരായ നിര്‍മ്മാതാക്കളില്‍ ഒരാളായ ഹാര്‍വെ വെന്‍സ്റ്റീനെക്കുറിച്ച് ലൈംഗിക ആരോപണങ്ങള്‍ ഉയരാന്‍ എടുത്തത് വര്‍ഷങ്ങളാണ്. പക്ഷേ അത് പുറത്തുവന്നപ്പോള്‍ തുറന്നുപറച്ചിലുമായി കൂടുതല്‍ നടിമാര്‍ രംഗത്തെത്തി. വെയ്ന്‍സ്റ്റീന്‍ൈറ ലൈംഗിക താല്‍പ്പര്യങ്ങള്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ അവസരം നിഷേധിക്കപ്പെട്ടതിന്റെ കഥകള്‍, ലൈംഗിക അതിക്രമത്തിന്റെയും ബലാത്സംഗത്തിന്റെയും വരെ കഥകള്‍. ഉറക്കെ വിളിച്ചുപറയാന്‍ അവര്‍ തയ്യാറായപ്പോള്‍,  ഈ ലോകം മുഴുവന്‍ അവര്‍ക്കൊപ്പം നിന്നു. 'മീ ടൂ' എന്ന ക്യാമ്പെയിനിന്റെ വിജയവും അതായിരുന്നു. വെയ്ന്‍സ്റ്റീന്റെ അടുത്ത സുഹൃത്തുക്കള്‍, ശക്തരായ രാഷ്ട്രീയ നേതാക്കള്‍ പോലും അദ്ദേഹത്തെ തള്ളപ്പറഞ്ഞു. 'മീ ടൂ' എന്ന  ക്യാമ്പെയിനിന്റെ അലയൊലികള്‍ ഓസ്‌കര്‍ വേദിയില്‍വരെ നമ്മള്‍ കണ്ടു. മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ ഫ്രാന്‍സിസ് മക്‌ഡോര്‍മന്റ് ശക്തമായ ശബ്ദത്തില്‍ അത് വിളിച്ചുപറഞ്ഞു. നല്ല തിരക്കഥകളുമായി ഞങ്ങളെ കാണാന്‍ വരൂ എന്നാണ് അവര്‍ തിരക്കഥാകൃത്തുക്കളെയും പ്രൊഡക്ഷന്‍ ഹൗസുകളേയും ക്ഷണിച്ചത്. ഒരു മാറ്റത്തിന് തുടക്കം കുറിക്കാന്‍ അവിടെ മുന്‍നിരയില്‍ സ്ത്രീകളുണ്ടായി. കുറ്റാരോപിതനെ സംരക്ഷിക്കാന്‍ എന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ മുന്നോട്ടുവരണമെന്ന ആശയത്തിനാണ് അവിടെ മുന്‍ഗണന കിട്ടിയത്. 

ഇങ്ങ് കൊച്ചുകേരളത്തില്‍ ജോലിക്ക് പോയി മടങ്ങുമ്പോള്‍ അതിക്രൂരമായി ആക്രമിക്കപ്പെട്ട നടി മണിക്കൂറുകള്‍ക്കകം പരാതിയുമായി പൊലീസിനെ സമീപിച്ചു. വാര്‍ത്ത രാജ്യം മുഴുവന്‍ അറിഞ്ഞു. അവള്‍ക്കുവേണ്ടി നാടിന്റെ ശബ്ദം ഉയര്‍ന്നു. ഒപ്പം, കുറ്റാരോപിതനുവേണ്ടിയും. ചില ഘട്ടത്തില്‍ അത് ഇരയ്ക്കു വേണ്ടി ഉയര്‍ന്ന ശബ്ദത്തേക്കാള്‍ ഒച്ചത്തിലായിരുന്നു. കേസില്‍ ദിലീപ് ഉള്‍പ്പെട്ടതായി ചെറിയ സൂചന വന്നതുമുതല്‍ ദിലീപിന് വേണ്ടി പെയ്ഡ് വാര്‍ത്തകള്‍ നിറഞ്ഞു. ഫാന്‍സ് എന്ന വിളിപ്പേരുള്ള ഗുണ്ടകള്‍ ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയെ വീണ്ടും വീണ്ടും ആക്രമിച്ചു. ഏറ്റവും ഒടുവില്‍, കേസില്‍, ജാമ്യം കിട്ടിയ ആരോപിതനെ വീരോചിതമായി സ്വീകരിച്ചാനയിച്ച് വീട്ടില്‍ക്കൊണ്ടുവിട്ടു.

സിനിമാ പ്രവര്‍ത്തകരുടെ സംഘടന ആദ്യം മുതല്‍തന്നെ പ്രതിയുടെ ഒപ്പമായിരുന്നു. തങ്ങളുടെ അംഗമായിരുന്നു ഇരയായ നടി എന്ന കാര്യം പോലും മറന്ന് അവര്‍ പ്രതിക്കു വേണ്ടി നിലയുറപ്പിച്ചു. അക്കാര്യം പൊതുമധ്യത്തില്‍, വ്യക്തമായി പറയാന്‍ അവര്‍ക്ക് മടിയുമില്ലായിരുന്നു. ഇന്നും അവരങ്ങനെതന്നെ പറയുന്നു. ഒരു ഘട്ടത്തില്‍പ്പോലും, പൃഥ്വിരാജും മ്മൂട്ടിയും കൂടി തിരക്കിട്ട് ദിലീപിനെ പുറത്താക്കിയതായി പ്രഖ്യാപിക്കുന്ന അവസരത്തില്‍പോലും, അമ്മ എന്ന സംഘടന ആക്രമണത്തിന് ഇരയായ തങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് ഒപ്പം നിന്നില്ല. 
 
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രൂപപ്പെട്ട സിനിമയിലെ വനിതകളുടെ സംഘടനയെ ആഭാസത്തരം മാത്രം പറയുന്ന ഒരു സ്‌കിറ്റ് വച്ച് അപമാനിക്കാനും ഈ താരങ്ങള്‍തന്നെ മുന്നിലുണ്ടായിരുന്നു. ആ സ്‌കിറ്റ് മാത്രം മതി അവരുടെ കലയുടെ നിലവാരം അറിയാന്‍, അവരുടെ പൊതുബോധത്തിന്റെ നിലവാരം അറിയാന്‍, അവര്‍ എത്രത്തോളം തരംതാഴ്ന്നവരാണെന്ന് അറിയാന്‍.

സ്ത്രീവിരുദ്ധതയ്ക്ക് ഫെമിനിസം പോലെ തന്നെ ജെന്‍ഡര്‍ ഇല്ലെന്ന് ഇവരിനി എന്നറിയും?

ജനറല്‍ ബോഡി യോഗത്തില്‍ ഒരു സ്ത്രീയെക്കൊണ്ട് ദിലീപിനെ പുറത്താക്കിയത് ചോദ്യം ചെയ്യിക്കുക വഴി സംഘടനയില്‍ സ്ത്രീവിരുദ്ധത ഇല്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് ഈ അല്‍പബുദ്ധികള്‍. സ്ത്രീവിരുദ്ധതയ്ക്ക് ഫെമിനിസം പോലെ തന്നെ ജെന്‍ഡര്‍ ഇല്ലെന്ന് ഇവരിനി എന്നറിയും? സതി നിരോധിച്ചപ്പോള്‍ കരഞ്ഞവരിലും കാണും ഒരു ഊര്‍മ്മിള ഉണ്ണി. ദിലീപ് കേസ് കൊടുക്കാതിരുന്നത് ഭാഗ്യമെന്ന് സിദ്ദിഖ് അരുളിച്ചെയ്യുമ്പോള്‍ ദിലീപിനെ പുറത്താക്കിയെന്ന് പ്രഖ്യാപിച്ച, മാധ്യമങ്ങള്‍ക്ക് അത് എഴുതി നല്‍കിയ മമ്മൂട്ടിയും അത് കേട്ടിരുന്നില്ലേ? മോഹന്‍ലാല്‍ ഇന്നസെന്റിന്റെ സ്ഥാനത്തെത്തുമ്പോള്‍ ശുഭാപ്തി വിശ്വാസത്തിന്റെ ഒരു കണിക പോലും ആരുടെയും മനസ്സില്‍ വേണ്ട. ഈ മോഹന്‍ലാലും മമ്മൂട്ടിയും തന്നെയാണ് തലയില്‍ വെളിച്ചമുള്ള ആരെയും അറപ്പിക്കുന്ന ആ സ്‌കിറ്റില്‍ നിറഞ്ഞാടിയത്. 

റിമയും രമ്യയും അടക്കമുള്ളവര്‍ എന്തുകൊണ്ട് യോഗത്തിനെത്തി പ്രതിഷേധം അറിയിച്ചില്ല എന്ന് ചോദിക്കുന്നവര്‍, ഉത്തരം അറിയാതെ ചോദിക്കുകയല്ല. അതത്ര നിഷ്‌കളങ്കവുമല്ല. മലയാള സിനിമയിലെ കൊടികുത്തിവാഴുന്ന താര രാജാക്കന്മാര്‍ നിരന്നിരിക്കുന്ന സദസില്‍, അവരുടെ തന്നെ അംഗമായ നടി ആക്രമിക്കപ്പെട്ടു എന്നറിയാത്ത ഒരാളെങ്കിലുമുണ്ടോ? പിന്നെന്താണ് ഈ നടിമാര്‍ ആ യോഗത്തില്‍ വന്ന് പറയേണ്ടിയിരുന്നത്. ഇവര്‍ പറഞ്ഞാല്‍ മാത്രമേ ഇതൊക്കെ മനസ്സിലാക്കാന്‍ ഇവര്‍ക്ക് പറ്റുകയുള്ളോ? 

ഈ സംഘടനയില്‍നിന്ന് പുറത്തുവരിക വഴി ഈ നടിമാര്‍ നടത്തിയത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. ഒരു നിലപാടുണ്ടാകുന്നതും അതുറക്കെ വിളിച്ചുപറയുന്നതും പോലെ വലിയ രാഷ്ട്രീയ പ്രവര്‍ത്തനം ഈ കെട്ട കാലത്തില്ല. നിസ്സംഗതയുടെ ഇരുട്ടിലേക്ക് സമൂഹം വീണുപോകുമോ എന്ന് ഭയക്കുമ്പോഴാണ് ഇത്തരം കരുത്തുറ്റ ഉദാഹരണങ്ങള്‍ നമുക്ക് മുന്നില്‍ വരുന്നത്. പക്ഷേ 'അവര്‍ പോയാല്‍ പോകട്ടെ നമുക്കെന്താ' എന്ന് ചിന്തിക്കുന്ന അമ്മ ഭാരവാഹികള്‍ മനസ്സിലാക്കേണ്ടത്, നിങ്ങളീ ചെയ്യുന്നത് തെറ്റാണെന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് അവരെടുത്ത ഈ നിലപാട് ആണ് സമാനതകളില്ലാത്ത ഒന്നായി ചരിത്രം അടയാളപ്പെടുത്തുക എന്നതാണ്.  അല്ലാതെ ഫോട്ടോ എടുത്ത് രസിക്കാന്‍ ചേര്‍ന്ന നിങ്ങളുടെ ജനറല്‍ ബോഡിയോഗമല്ല, ചരിത്രം പരിഗണിക്കുക. 
 
നിലപാടുള്ളവര്‍ അറിയേണ്ടതും പറയേണ്ടതും നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. അതിനി അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ പറഞ്ഞിട്ട് മനസ്സിലാക്കേണ്ടതല്ല. ഉറങ്ങുന്നവരെ ഉണര്‍ത്താം, ഉറക്കം നടിക്കുന്നവര്‍ ഒരിക്കലും ഉണരില്ല. മൂട്ടില്‍ക്കൊണ്ട് പടക്കം പൊട്ടിച്ചാല്‍ പോലും.

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

click me!

Recommended Stories

മാസം 3.2 ലക്ഷം ശമ്പളമുണ്ട്, 70 ലക്ഷം ഡൗൺ പേയ്‌മെന്റും നൽകാനാവും, 2.2 കോടിക്ക് വീട് വാങ്ങണോ? സംശയവുമായി യുവാവ്
മോനേ, ഇതിവിടെ പറ്റില്ല; സി​ഗരറ്റ് വലിച്ചുകൊണ്ട് യുവാവ്, തിമിം​ഗലം ചെയ്തത് കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ