ആ മഴ ഉമ്മയുടെ കണ്ണീരായിരുന്നു!

By ഫസീല മൊയ്തുFirst Published Jun 27, 2018, 7:45 PM IST
Highlights
  • ആ മഴ ഇനിയും തോര്‍ന്നിട്ടില്ല
  • ഫസീല മൊയ്തു എഴുതുന്നു

ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.

അന്നൊക്കെ ഓല മെടയാന്‍ അയല്‍പക്കത്തെ താത്തമാരും എത്തുമായിരുന്നു. കുതിര്‍ത്താന്‍ അട്ടിക്കിട്ട പട്ടകളെടുത്ത് ഓരോരുത്തരും പലകയിട്ടിരുന്ന് മെടയും. പ്രത്യേകിച്ചൊരു കൂലിയും കിട്ടില്ലെങ്കിലും ഞങ്ങടെ പെര വര്‍ഷക്കാലമെത്തുന്നതിന് മുമ്പ് മേയുകയായിരിക്കും അവരുടെ ഉന്നം. കളര്‍ പോയ മുക്കുവളകള്‍ ഇറുകിക്കിടക്കുന്ന കയ്യുകള്‍ ഓരോ പട്ടയുടെ മൊടച്ചിലിലും ഒഴുകി നടക്കുന്നത് കാണുമ്പോള്‍ അന്നൊക്കെ എനിക്ക് അതിശയം തോന്നുമായിരുന്നു. അമ്മായിയമ്മപ്പോരും, നാത്തൂന്‍പോരും തുടങ്ങി അടുക്കളസൊറകളുടേയും മാസക്കുളി തിരുമ്പലുകളുടേയും സൊറകളൊക്കെ ഓരോ പട്ട മെടഞ്ഞുതീരുമ്പോഴേക്കും മുറുകി വരും. അങ്ങനെ എല്ലാവരും കൂടി മെടയാനിരുന്നാല്‍ ഏകദേശം കുതിര്‍ന്ന ഓലക്കെട്ടുകള്‍ തീരാറുണ്ടായിരുന്നു. പിന്നെ പിറ്റേ ദിവസം പെരക്കാര്‍ വെയിലത്തിട്ട് അവ ഉണക്കി കെട്ടാക്കി വെക്കും. കെട്ടുകള്‍ കുറച്ചാകുമെങ്കിലും കൂലികൊടുക്കാനുള്ള വകക്കും ചോറും കൂട്ടാനുമുള്ള വകയില്ലാത്തതുകൊണ്ടും അന്ന് തറവാടിന്റെ മേയല്‍ നീണ്ടുപോവുമായിരുന്നു. 

മാനത്ത് കാറ് പരന്നുതുടങ്ങിയാല്‍ പിന്നെ ആകെ പരക്കംപാച്ചിലിലായിരിക്കും എല്ലാരും. മഴയിപ്പോ പെയ്യും. പട്ട മെടച്ചില്‍ കഴിയാത്തതുകൊണ്ട് പെരമേച്ചല്‍ കഴിഞ്ഞിട്ടില്ലാത്ത വീടിന്റെ ഓരോ ചുമരിലും പിഞ്ഞാണങ്ങള്‍ നിറയും. കാറ്റ് തുടങ്ങിയാല്‍ തന്നെ മഴക്കുള്ള കോളുണ്ടെന്ന് കുടിക്കാര്‍ തിരിച്ചറിയും. അപ്പോള്‍ തന്നെ ഓരോരുത്തരും മഴയെ നേരിടാനുള്ള പണികള്‍ തുടങ്ങിയിരിക്കും. കാറ്റ് വന്ന് പോവുന്നതോടെ മഴ പെയ്യാന്‍ തുടങ്ങും. കോരിച്ചൊരിയുന്ന മഴയില്‍ വെള്ളമാകെ പെരക്കുള്ളിലായിരിക്കും. ഓരോ പിഞ്ഞാണവും നിറഞ്ഞൊഴുകുന്ന വെള്ളം ചുമരിലൂടെ ഒലിച്ചിറങ്ങി ഇടന്നാഴിയും കോലായയും നിറയും. അടുക്കളയിലും പാത്രങ്ങള്‍ നിരന്നിട്ടുണ്ടാവും. 

കാല്‍ കുത്താനിടമില്ലാതെ നിരന്നിരിക്കുന്ന പാത്രത്തില്‍ നിറയുന്ന മഴവെള്ളത്തിന് അന്നൊക്കെ കണ്ണീരിന്റെ ചൂടായിരുന്നു. ഇടക്ക് മഴയൊന്ന് കനംകുറഞ്ഞാല്‍ അടുക്കളയിലേക്ക് എത്തിനോക്കിയാല്‍ വെള്ളം നിറഞ്ഞ പാത്രങ്ങള്‍ മാത്രമേ കാണൂ. ആ പാത്രങ്ങളിലൊന്നും അന്ന് ഞാന്‍ വയറ് നിറച്ചുതിന്നാന്‍ ഒന്നും കണ്ടിട്ടില്ല. ചോറൂറ്റിവെച്ച പാത്രത്തിലും കലത്തിലും വെള്ളം തളം കെട്ടിനില്‍ക്കുന്നുണ്ടാവും. ചോറുവെച്ച് കഴുകാതെ വെച്ച കലത്തിനുമുകളിലൂടെ നിറഞ്ഞുതുളുമ്പി ഒഴുകുന്ന മഴവെള്ളമാണ് അന്ന് എന്റെ നാട്ടിലെ തോടും പാടവുമൊക്കെ നിറച്ചിരുന്നതെന്ന് കുട്ടിയായ ഞാന്‍ വിചാരിച്ചിരുന്നു. 

ഓരോ മഴത്തുള്ളികളിലും ഒരു പ്രണയവും അനുഭവിക്കാനാവുന്നില്ലെനിക്ക്.

മഴവെള്ളം അടിച്ചും തെളിച്ചും വറ്റിച്ച ഇടനാഴികളില്‍ താങ്ങാന്‍ പറ്റാത്ത തണുപ്പിനെ സഹിച്ച് വെള്ളം ഊറ്റിയ ചോറുതിന്നു ജീവിച്ചിരുന്ന കുട്ടിക്കാലമായിരുന്നു എന്റേത്. കാട് മുടിഞ്ഞുകിടക്കുന്ന അടുത്ത പറമ്പിലെ മുള്ളുവേലി പൊളിച്ച് കടന്ന് ഇട്ടുകൊണ്ടുവരുന്ന ചക്ക എല്‍സേരി വെച്ചാണ് ചോറിന് കൂട്ടാനുണ്ടാക്കാറ്. ചിലപ്പോള്‍ ചക്കക്കുരു മാങ്ങയിട്ട് വെച്ചതായിരിക്കും. അങ്ങനെ തിന്നും കുടിച്ചും ഞങ്ങളുറങ്ങുമ്പോള്‍ മഴ വീണ്ടും വരും. രാത്രിയില്‍ കാലവര്‍ഷം കനത്ത് പെയ്തിറങ്ങുമ്പോള്‍ ആ വീട്ടിനുള്ളില്‍ ആരും ഉറങ്ങാറില്ലായിരുന്നു. കിട്ടിയ പഴയ പുള്ളിമുണ്ടിന്‍േറയോ പാവാടയുടേയോ ചൂടില്‍ വെള്ളമെത്താത്ത മുറിയുടെ മുക്കില്‍ എല്ലാവരും കൂടി ചേര്‍ന്നിരിക്കും. അന്നൊക്കെ ഉണ്ണികള്‍ മടിയിലുറങ്ങുന്നുണ്ടാവും. ഇടക്ക് ഞാനും ഉറങ്ങിവീഴും. അപ്പോഴും ഞങ്ങള്‍ മക്കളെയെല്ലാം ചേര്‍ത്തുപിടിച്ച് ഉറങ്ങാതെ മഴ തോരാന്‍ കാത്തിരിക്കുന്ന ഉമ്മയും താത്തയും ഇന്നും എന്റെ ഓര്‍മ്മകളിലുണ്ട്. 

കാലം കാലിനടിയില്‍ നിന്ന് ഒലിച്ചുപോയിരിക്കുന്നു. ഓരോ മഴക്കാലവും കഴിഞ്ഞുപോയി. ഞാന്‍ വളര്‍ന്നു. കൂടെ ഉണ്ണികളും വളര്‍ന്നു വലുതായി. കാലത്തിന്റെ വളര്‍ച്ചയില്‍ സാമൂഹിക ഇടങ്ങളിലും ചെറുതല്ലാതെ സജീവമായി. മഴ കണ്ടാല്‍ പ്രണയമെന്നും മഴകൊള്ളുന്നത് ഗൃഹാതുരമെന്നും കാല്‍പ്പനികമായി എഴുതുന്ന സുഹൃത്തുക്കള്‍ എനിക്കുമുണ്ടായി. പക്ഷേ, ഇങ്ങനെയൊന്നും എഴുതാനാവാത്ത ഒരു കാലത്തെ ഞാനിപ്പോഴും ചുടുകണ്ണീര്‍ കൊണ്ട് ഓര്‍മ്മിക്കുകയാണ്. അന്ന് തോട്ടിലൂടെ ഒഴുകിയിരുന്ന മഴവെള്ളം മുഴുവനും എന്റുമ്മാന്റെ കണ്ണീരാണെന്നും ആ കാലം കണ്ണീര്‍ക്കാലമാണെന്നും എഴുതാനെനിക്ക് അപകര്‍ഷതയും വന്നിരിക്കുന്നു. ഇന്നും മഴപെയ്യുന്നത് കാണുമ്പോള്‍, അന്നത്തെ പെരുമഴക്കാലം ഞാനോര്‍ക്കും. മാനത്ത് നിന്ന് വീഴുന്ന ഓരോ മഴത്തുള്ളികളിലും ഒരു പ്രണയവും അനുഭവിക്കാനാവുന്നില്ലെനിക്ക്. പകരം അന്ന് കനത്ത തുള്ളികള്‍ വന്നുവീണുണ്ടായ വേദനയാണിപ്പോഴും, ദേഹത്തും മനസ്സിലും.

 

ഇനിയും തോരാത്ത മഴകള്‍

സുനു പി സ്‌കറിയ: മഴയുടെ സെല്‍ഫ് ഗോള്‍!

ധന്യ മോഹന്‍പെരുമഴയത്തൊരു കല്യാണം!

ജില്‍ന ജന്നത്ത്.കെ.വി: പെണ്‍മഴക്കാലങ്ങള്‍

ജാസ്മിന്‍ ജാഫര്‍: എന്‍റെ മഴക്കു‍ഞ്ഞുണ്ടായ കഥ...

നിഷ മഞ്‌ജേഷ്: മഴയോടും കാറ്റിനോടും തോറ്റുപോയൊരു  വീട്

കന്നി എം: കാറ്റ് കുട പിടിച്ച് വലിക്കുന്നു;  കടല്‍ ഞങ്ങളെയും!

ജ്യോതി രാജീവ്: ആ മഴ നനയാന്‍ അപ്പ ഉണ്ടായിരുന്നില്ല

സ്മിത അജു: ഇടുക്കീലെ മഴയാണ് മഴ!

കെ.വി വിനോഷ്: പാതിരാമഴയത്തെ പുഴയില്‍ ചൂണ്ടയിട്ടിരുന്നിട്ടുണ്ടോ?

ജാസ്‌ലിന്‍ ജെയ്‌സന്‍: മഴയ്ക്കും മഞ്ഞിനുമൊപ്പം  ആയിരം അടി മുകളില്‍!

സഫീറ മഠത്തിലകത്ത്: സ്വപ്നങ്ങള്‍ അടര്‍ന്നു വീഴുന്ന മഴക്കാലം

ഹാഷ്മി റഹ്മാന്‍: കനലെരിഞ്ഞുതീര്‍ന്നൊരു മഴ

ഡോ. ഹസനത് സൈബിന്‍: ചാരായം മണക്കുന്നൊരു മഴ!

ഷാദിയ ഷാദി: മഴയെ എനിക്ക് ഭയമായിരുന്നു

ശരത്ത് എം വി: പറയാതെ പോയൊരു പ്രണയം; പെയ്യാതെ പോയ മഴ!

രോഷ്‌ന ആര്‍ എസ്: ആലിംഗനത്തിന്റെ ജലഭാഷ!

നിച്ചൂസ് അരിഞ്ചിറ: ചാപ്പപ്പുരയിലെ മഴക്കാലങ്ങള്‍

ശരണ്യ മുകുന്ദന്‍: വയല്‍ പുഴയാവുംവിധം

ഗീതാ സൂര്യന്‍​: മഴയില്‍ നടക്കുമ്പോള്‍  ഞാനുമിപ്പോള്‍ കരയും​

റീന പി ടി: മഴയെടുത്ത ഒറ്റച്ചെരിപ്പ്
 

click me!