കവിത അയച്ചുതന്നത് ദീപാ നിശാന്ത്; ഒക്ടോബര്‍ 15 ന് വാട്സാപ്പിലൂടെയെന്നും എകെപിസിടിഎ മാസിക

Published : Nov 30, 2018, 02:21 PM ISTUpdated : Nov 30, 2018, 05:23 PM IST
കവിത അയച്ചുതന്നത് ദീപാ നിശാന്ത്; ഒക്ടോബര്‍ 15 ന് വാട്സാപ്പിലൂടെയെന്നും എകെപിസിടിഎ മാസിക

Synopsis

എഡിറ്റോറിയൽ ബോർഡ് അംഗം രാജേഷ് എം ആർ ആണ് ദീപയുടെ കവിത എത്തിച്ചതെന്ന് ജേർണൽ എഡിറ്റർ സണ്ണി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് വ്യക്തമാക്കി. ദീപ നിശാന്ത് വാട്‌സാപ്പിലൂടെയാണ് കവിത അയച്ചുതന്നതെന്നും പ്രസിദ്ധീകരിക്കാമോയെന്ന് ചോദിച്ചതായും എഡിറ്റോറിയൽ ബോർഡ് അംഗം എംആർ രാജേഷും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. ഒക്ടോബർ പതിനഞ്ചാം തിയതിയാണ് പ്രസ്തുത കവിത അയച്ചുതന്നതെന്നും അദ്ദേഹം വ്യക്തമാക്കി

തിരുവനന്തപുരം: ദീപ നിശാന്ത് തന്നെയാണ് വിവാദമായ കവിത അയച്ചുതന്നതെന്ന് കവിത പ്രസിദ്ധീകരിച്ച മാസികയുടെ ഔദ്യോഗിക പ്രതികരണം. എകെപിസിടിഎ മാസികയിലാണ് ദീപ നിശാന്തിന്റെ കവിത പ്രസിദ്ധീകരിച്ചത്. ഇതിനുപിന്നാലെ യുവകവി എസ് കലേഷ് കവിത തന്റേതാണെന്നും ദീപ അത് വികലമാക്കി പ്രസിദ്ധീകരിക്കുകയായിരുന്നെന്നും ആരോപിച്ച് രംഗത്തു വന്നത്. കവിത കലേഷിന്റേതാണെന്ന് സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നതിനിടെയാണ് മാസികയുടെ എഡിറ്റോറിയൽ ബോർഡ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

എഡിറ്റോറിയൽ ബോർഡ് അംഗം രാജേഷ് എം ആർ ആണ് ദീപയുടെ കവിത എത്തിച്ചതെന്ന് ജേർണൽ എഡിറ്റർ സണ്ണി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് വ്യക്തമാക്കി. ദീപ നിശാന്ത് വാട്‌സാപ്പിലൂടെയാണ് കവിത അയച്ചുതന്നതെന്നും പ്രസിദ്ധീകരിക്കാമോയെന്ന് ചോദിച്ചതായും എഡിറ്റോറിയൽ ബോർഡ് അംഗം എംആർ രാജേഷും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. ഒക്ടോബർ പതിനഞ്ചാം തിയതിയാണ് പ്രസ്തുത കവിത അയച്ചുതന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കലേഷിന്റെ ആരോപണം പൂർണരൂപത്തിൽ

2011 മാർച്ച് നാലിനാണ് അങ്ങനെയിരിക്കെ മരിച്ചു പോയി ഞാൻ / നീ എന്ന കവിത എഴുതിതീർത്ത് ബ്ലോഗിൽ പോസ്റ്റ് ചെയ്യുന്നത്. അന്നത് മികച്ച പ്രതികരണം ഉണ്ടാക്കിയെന്നോർക്കുന്നു. ആ കവിതയിലൂടെ എന്റെ കവിതയ്ക്ക് അനേകം പുതിയ സുഹൃത്തുക്കളെ കിട്ടി. പിന്നീടത് മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. അതുവായിച്ച് ഇഷ്ടപ്പെട്ട ഏ.ജെ തോമസിന്റെ Alaichanickal Joseph Thomasഅഭിപ്രായപ്രകാരം സി. എസ്. വെങ്കിടേശ്വരൻ Venkit Eswaran കവിത ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് ഇന്ത്യൻ ലിറ്ററേച്ചറിൽ പ്രസിദ്ധീകരിച്ചു. 2015-ൽ ഇറങ്ങിയ ശബ്ദമഹാസമുദ്രത്തിൽ ആ കവിത ഉൾപ്പെട്ടു. ഇന്നലെ അതേ കവിത മറ്റൊരു വ്യക്തിയുടെ പേരിൽ വരികൾ ചിലയിടത്ത് അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും പ്രസിദ്ധീകരിച്ചതിന്റെ പകർപ്പ് ചില സുഹൃത്തുക്കൾ അയച്ചു തന്നു. AKPCTA യുടെ ജേർണലിലാണ് കവിത അച്ചടിച്ചുവന്നത്. വിഷമം തോന്നി. അല്ലാതെന്ത് തോന്നാൻ!

ദീപ നിശാന്തിന്റെ പ്രതികരണം പൂർണരൂപത്തിൽ

കവിത മോഷ്ടിച്ചവൾ എന്നൊരു തസ്തിക കൂടി ഇന്ന് പുതുതായി ലഭിച്ചിട്ടുണ്ട്. എസ് കലേഷ് മുൻപെഴുതിയ ഒരു കവിത ഞാൻ മോഷ്ടിച്ച് പ്രസിദ്ധീകരിച്ചു എന്നാണ് ഒരുപാട് പേർ ആർത്തുവിളിക്കുന്നത്. കിട്ടിയ സന്ദർഭം മുതലാക്കി മുൻപു മുതലേ എന്റെ നിലപാടുകളിൽ അമർഷമുള്ളവരും ആഘോഷം തുടങ്ങിയിട്ടുണ്ട്. അവസരം മുതലാക്കി ആർപ്പുവിളിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഒരു സർവ്വീസ് മാസികയുടെ താളിൽ ഒരു കവിത മോഷ്ടിച്ചു നൽകി എഴുത്തുകാരിയാകാൻ മോഹിക്കുന്ന ഒരാളാണ് ഞാനെന്ന് വിശ്വസിക്കുന്നവർ അങ്ങനെ വിശ്വസിക്കുക. തെളിവുകളാണല്ലോ സുപ്രധാനം. ചില എഴുത്തുകൾക്കു പുറകിലെ വൈകാരികപരിസരങ്ങളെ നമുക്ക് അക്കമിട്ട് നിരത്തി തെളിയിക്കാനാകില്ല.

കവിത എന്റെ സ്ഥിരം തട്ടകമേയല്ല. കവിതയിലല്ല ദീപാനിശാന്ത് എന്ന പേര് ഇന്ന് ആരും അറിയുന്നതും. ഒരു സർവ്വീസ് പ്രസിദ്ധീകരണത്തിനായി സ്വന്തം ആധികാരികത മുഴുവൻ ചോദ്യം ചെയ്യുന്ന ഒരു പ്രവൃത്തി ഞാൻ ചെയ്യും എന്നു കരുതുന്നുണ്ടെങ്കിൽ അങ്ങനെ തന്നെ മുന്നോട്ട് പോകുക.

ഞാനിതിൽ വീണുപോകും എന്ന് ആരും മോഹിക്കേണ്ടതില്ല. കഴിഞ്ഞ കുറേക്കാലമായി പരിഹാസങ്ങൾക്കും അപവാദങ്ങൾക്കും മധ്യേയാണ് എന്റെ ജീവിതം കടന്നു പോയത്. ഇതും അതിലൊരധ്യായം എന്നേ കരുതുന്നുള്ളൂ. എന്റെ സർഗാത്മക ജീവിതവും രാഷ്ട്രീയ ജീവിതവുമെല്ലാം ശിരസ്സുയർത്തിപ്പിടിച്ചു തന്നെ ഇനിയും തുടരും.

എന്റേതല്ലാത്ത ഒരു വരിയും ഇന്നുവരെ എന്റേതെന്ന് അവകാശപ്പെടാതിരുന്നിട്ടും എനിക്ക് ഇന്ന് സംഭവിച്ച ദുഃഖത്തിൽ ഒപ്പം നിൽക്കുന്ന എല്ലാവരോടും നന്ദിയുണ്ട്.

ഇക്കാര്യത്തിൽ എന്റെ ആദ്യത്തെയും അവസാനത്തെയും വിശദീകരണമാണിത്. ഇതിൽ കൂടുതലായി ഒന്നും പറയാനില്ല. ചില അനുഭവങ്ങൾ ഇങ്ങനെയും ബാക്കിയുണ്ടാവും എന്നു മാത്രം കരുതുന്നു.

PREV
click me!

Recommended Stories

അമ്മയുടെ വർക്ക് ഫ്രം ഹോം അപേക്ഷ നിരസിച്ചതിന് പിന്നാലെ നവജാത ശിശു മരിച്ചു; 211 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി
അത്ര 'പാവ'മല്ല, സങ്കരയിനം നായകൾ; സ്വഭാവവൈകല്യങ്ങൾ കൂടുന്നതായി പഠന റിപ്പോർട്ട്