Latest Videos

ഇറോം ശര്‍മിള; തിരിച്ചു വരാതിരിക്കാന്‍ നിനക്കാവില്ല!

By അഞ്ജലി ദിലീപ്First Published Mar 14, 2017, 9:30 AM IST
Highlights

അതങ്ങനെയാണ്; ചില ആളുകള്‍, സംഭവങ്ങള്‍,സാഹചര്യങ്ങള്‍. അവയെ കാണാതെ, അവരോടു മിണ്ടാതെ, കടന്നുപോകാന്‍ കഴിയാറില്ല. കാരണങ്ങള്‍ പലതും ആകാം. വളരെ ശക്തമാണ് ആ കാരണങ്ങള്‍  തീര്‍ത്ത വേരുകള്‍.  ആഴത്തില്‍ പതിഞ്ഞ വേരുകളെ അടര്‍ത്തി മാറ്റി മുന്നോട്ടു പോകുക ദുഷ്‌കരമാണ്. ഇറോം ശര്‍മിള ഒരാല്‍ മരമാണ്. വേരുകള്‍ ഉറച്ച ആല്‍  മരം. 

കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി മണിപ്പൂരിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ചെന്നെത്തി നില്‍ക്കുന്നത് ഒരേ ഒരു വ്യക്തിയില്‍ മാത്രമാണ്. ഇറോം ശര്‍മിള എന്ന ഇറോം ചാനു ശര്‍മിളയില്‍  

പത്രങ്ങള്‍ ആഘോഷിക്കുക തന്നെ ആയിരുന്നു അവരെ; മണിപ്പൂരിലെ തൗബലില്‍ നിന്നുള്ള അവരുടെ തോല്‍വിയെ. പത്രത്താളുകളുടെ  തലക്കെട്ടുകള്‍ എടുത്തു നോക്കിയാല്‍ കാണാം പരാജയത്തില്‍ പരവശയായി പിന്തിരിഞ്ഞു ഓടാന്‍ തയ്യാറായി ഈറനണിഞ്ഞ കണ്ണുകളോടെ നില്‍ക്കുന്ന ഇറോമിനെ.

humiliating loss for irom sharmila.
irom sharmila, retires hurt
irom sharmila defeated

ഇങ്ങനെ പോകുന്നു പത്രങ്ങളിലെ തലക്കെട്ടുകള്‍.

 മാധ്യമങ്ങള്‍ക്കൊപ്പം നേര്‍രേഖയില്‍ തന്നെ ഉണ്ടായിരുന്നു ഇറോം എന്നും. എന്നാല്‍ പലപ്പോഴും അവരെ കണ്ടില്ലെന്നു നടിക്കുക തന്നെ ആയിരുന്നു. കണ്ടപ്പോഴൊക്കെ ഇറോം എന്ന വ്യക്തി മാത്രമായിരുന്നു ചിത്രത്തില്‍. പ്രണയവും, കവിതയും എന്തിനേറെ അവളുടെ ആശുപത്രി മുറി വരെ ചര്‍ച്ച വിഷയമായപ്പോള്‍ മറന്നത് ആ ആത്മസമര്‍പ്പണത്തിനു  പിന്നിലെ കാരണങ്ങളും ചരിത്രവും. കണ്ണിനും കാതിനും രസകരവും ആന്ദകരവും ആയ കാര്യങ്ങള്‍ എപ്പോള്‍ ഉണ്ടാകുന്നു അപ്പോള്‍ മാത്രമേ വാര്‍ത്തകള്‍ ജനിക്കുന്നുള്ളു. മണിപ്പൂരില്‍നിന്നും ഇറോം ഡല്‍ഹിയില്‍ എത്തി ജന്തര്‍ മന്ദറിന് മുന്‍പില്‍ നിരാഹാരം ഇരുന്നപ്പോള്‍ അത് വാര്‍ത്തയായി. പിന്നീട് ദേശീയ മാധ്യമങ്ങള്‍ അവളെ കണ്ടില്ല. കണ്ടെങ്കിലും കാണാതെ  കണ്ണുകള്‍ ഇറുക്കി അടച്ചു. ഇറോം ശര്‍മിള താലോമില്‍ പരാജയപ്പെട്ടിട്ടുണ്ടെങ്കില്‍ അതില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക് മറച്ചു വയ്ക്കാവുന്നതല്ല 
 
പിന്നീട് ചിത്രത്തിലൂടെ തെളിഞ്ഞു കണ്ടത് ഇറോമിലെ പ്രണയിനിയെയും കവയിത്രിയെയുമാണ്. അതിലൊന്നും നമ്മുടെ ചീഞ്ഞളിഞ്ഞ ഭരണകൂട വ്യവസ്ഥിതിയെ നയിക്കാന്‍ പോന്ന ചാണക്യ തന്ത്രങ്ങള്‍ മെനെഞ്ഞെടുക്കുന്ന കപട മുഖക്കാരിയെ കണ്ടില്ല. മറിച്ച്  കൊച്ചു കുഞ്ഞിന്റെ നിഷ്‌കളങ്കതയോടെ ജീവിതത്തെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചും പ്രേമത്തെക്കുറിച്ചും വാചാലയാകുന്ന ഇറോമിനെ ആണ് .  ആരുടേയും പ്രേരണയാലല്ല ശര്‍മിള 2000 നവമ്പര്‍ ന് 16 വര്‍ഷം നീണ്ട ലോകത്തെ ഏറ്റവും വലിയ പ്രതിരോധ സമരം തുടങ്ങുന്നത്.  

ഇറോം, നീ സമാനതകളില്ലാത്തവളാണ്. കൊടുമുടിയും നേര്‍രേഖയുമാണ്.

മണിപ്പൂരിലെ മാലോമില്‍ ബസ് കാത്തു നിന്ന സാധാരണക്കാരായ പത്തു പേരെ സൈനികര്‍ വെടിവച്ചു കൊല്ലുമ്പോള്‍ കഥയും കവിതയും നെഞ്ചോട് ചേര്‍ത്ത് നടന്ന ഒരു മനുഷ്യാവകാശ പ്രവര്‍ത്തകയ്ക്ക് അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.  അന്ന് തുടങ്ങിയതാണ് ഇറോമിനെ  ഇന്ത്യയുടെ ഉരുക്കു വനിത ആക്കിയ നിരാഹാര സത്യാഗ്രഹം. അതൊരു വികാരപരമായ തീരുമാനം മാത്രമായിരുന്നു എന്ന് പിന്നീട് വന്ന ഇറോമിന്റെ വാക്കുകളും , കവിതകളും, ഉറക്കെ പറയുന്നുണ്ടായിരുന്നു. 'ഞാന്‍ ജീവിതത്തെ സ്‌നേഹിക്കുന്നു. എനിക്ക് മരിക്കണ്ട. എന്ന് എന്റെ സമരത്തെ ഭരണകൂടം മനസിലാക്കി നിയമത്തെ തിരിച്ചെടുക്കുന്നുവോ അന്ന് ഞാന്‍ ഭക്ഷണം കഴിക്കും'.. 

ഇറോം, രാഷ്ട്രീയക്കാരന്റെ കാപട്യം നിറഞ്ഞ മുഖത്തേക്കാള്‍ നിനക്ക്  ചേരുന്നത് കവിതയുടെ മഞ്ഞവര്‍ണം ചാലിച്ച സാന്ദ്രതയാണ്. അക്ഷരങ്ങളെപ്പോലെ ഉഗ്രശക്തിയുള്ള ആയുധം നിന്റെ കൈയിലുള്ളപ്പോള്‍ നീയെന്തിനാണ് ചീഞ്ഞു നാറിയ രാഷ്ട്രീയ വ്യവസ്ഥിതിയിലേക്കു എത്തി നോക്കിയത്?ആളൊഴിഞ്ഞ തെരഞ്ഞെടുപ്പ് യോഗങ്ങളും, വിജനമായ തെരുവുകളും എന്തേ  നിന്നെ ഓര്‍മപ്പെടുത്തിയില്ല ഈ തട്ടകം നിനക്കുള്ളതല്ല എന്ന്? അപ്പോഴും നീ പറഞ്ഞു  'അവര്‍ എന്നെ സ്‌നേഹിക്കുന്നുണ്ട്. ഇറോം നീ വരൂ, നമുക്ക് സംസാരിക്കാം എന്നവര്‍ പറയുന്നു. ഞാന്‍ സന്തോഷവതിയാണ'. പക്ഷെ നിനക്ക് തെറ്റി. മണിപ്പൂരിന് വേണ്ടത് നിന്നിലൂടെ  ഒരു പ്രതിരോധം മാത്രമായിരുന്നു. നീ എന്തിനു വേണ്ടിയാണോ നിന്റെ ജീവാംശത്തെ പകുത്തു നല്‍കിയത് അതിന്റെ കാരണം  പോലും അവര്‍ മറന്നിരിക്കുന്നു. 

ഇറോം, നീ സമാനതകളില്ലാത്തവളാണ്. കൊടുമുടിയും നേര്‍രേഖയുമാണ്. കൊടുമുടിക്ക് ഒരു ദിവസം അലിഞ്ഞില്ലാതാവാന്‍ കഴിയില്ല. നേര്‍രേഖയ്ക്കു  അവസാനിക്കുവാനും. നിന്റെ പ്രണയവും കവിതകളും നിനക്ക് ഊര്‍ജം പകരും. അക്ഷരങ്ങളിലൂടെ നീ തിരിച്ചു വരും. ഈ ലോകം മുഴുവന്‍ നിനക്ക് തലകീഴായി മറിക്കാം. നിന്റെ കൈയിലെ പേന മാത്രം മതിയാകും. അതിലൂടെ ഊര്‍ന്നിറങ്ങുന്ന അക്ഷരങ്ങളാല്‍ പ്രതിരോധത്തിന്റെ വന്മതില്‍ തീര്‍ക്കാന്‍ നിനക്കാകും. അപ്പോഴാണ് നീ യഥാര്‍ത്ഥ ഇറോം ശര്‍മിള ആകുന്നത് .അതായിരിക്കണം നിന്റെ പുനര്‍ജന്‍മം 

click me!