ഇതൊരു സമുദ്രമായിരുന്നു;  തീരമാകെ ദിനോസറുകളും!

By നിര്‍മലFirst Published Mar 14, 2017, 6:59 AM IST
Highlights

പിറ്റേന്ന് രാവിലെ തന്നെ സെഡോണക്കു പുറപ്പെട്ടു. Red Rock Coutnry എന്നറിയപ്പെടുന്ന ഇവിടുത്തെ പാറകള്‍ക്ക് ചുവന്ന നിറമാണ്. കേരളത്തിലായിരുന്നെങ്കില്‍ കുട്ടനാടും കാക്കനാടും പോലെ ഇത് ചെമ്പാറനാട് ആവുമായിരുന്നു. 

എന്തൊരു സൗന്ദര്യമാണ് സെഡോണക്ക്!  ചില സ്ഥലങ്ങള്‍ കണ്ടപ്പോള്‍ ഊട്ടിപോലെ എന്ന് ചെറിയാന്‍ ഓര്‍മ്മിപ്പിച്ചു. റിട്ടയര്‍ ചെയ്തവര്‍ താമസിക്കുന്ന പല ഭവനസമുച്ചയങ്ങളും മനോഹരമായ റിസോര്‍ട്ടുകളും സെഡോണയില്‍ കണ്ടു.  കത്തീഡ്രല്‍ പാറ കാണുകയാണ് ആദ്യത്തെ ആഗ്രഹം. ഫോട്ടോഗ്രാഫേഴ്‌സ് വിടാതെ പോകുന്ന സ്ഥലമാണ് ഇത്, അരിസോണയില്‍ ഏറ്റവും കൂടുതല്‍ ഫോട്ടോകള്‍ക്ക് പോസ് ചെയ്തിട്ടുള്ള ക്രെഡിറ്റും ഈ പാറകള്‍ക്കാണ്. 

അധികം നടക്കാതെ ഇതിന്റെ പിന്‍ഭാഗത്ത് എത്താനുള്ള വഴി  ഇന്‍ഫോര്‍മേഷന്‍ കുട്ടി പറഞ്ഞു തന്നു. അവര്‍ പറഞ്ഞ വഴിയെ പോയി പാര്‍ക്കിംഗ് ലോട്ടില്‍  അവസാനത്തെ ഇടം കണ്ടുപിടിച്ചു ഞങ്ങളും മലകയറാന്‍ തുടങ്ങി. 5000 അടി പൊക്കമുള്ള ചുവന്ന മണല്‍പ്പാറയില്‍പ്പെട്ട കത്തീഡ്രല്‍ പാറക്ക് ലക്ഷക്കണക്കിനു വര്‍ഷങ്ങളുടെ ചരിത്രമുണ്ട്.  

ഏറ്റവും കൂടുതല്‍ ഫോട്ടോകള്‍ക്ക് പോസ് ചെയ്തിട്ടുള്ള ക്രെഡിറ്റും ഈ പാറകള്‍ക്കാണ്. 

കത്തീഡ്രല്‍ പാറയിലേക്കുള്ള പാത

ഇവിടെ ഒരു സമുദ്രം ഉണ്ടായിരുന്നു!
പണ്ടൊരു കാലത്ത് ഇവിടം ഉഷ്ണമേഖലയായിരുന്നെന്നും ഇവിടെ ഒരു സമുദ്രം ഉണ്ടായിരുന്നെന്നും അതിന്റെ തീരത്ത് ദിനോസറുകള്‍ വിഹരിച്ചിരുന്നുവെന്നും  ചരിത്രകാരന്മാര്‍ പറയുന്നു. ഭീമാകാരന്‍ ഉല്‍ക്ക വന്നു വീണു അതിന്റെ പൊടിയില്‍ സൂര്യനെത്തന്നെ കാണാന്‍ പറ്റാത്തത്ര ഇരുട്ടുമായി വര്‍ഷങ്ങള്‍ പോയി.  അങ്ങനെ ചെടികളും മരങ്ങളും ക്രമേണ ഇല്ലാതായി, മൃഗങ്ങള്‍ ചത്തൊടുങ്ങി.  ചരിത്രം കൊത്തിയ വളയങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്ന പാറകളില്‍ വ്യക്തമായി കാണാം.

വെയിലാണെങ്കിലും ചൂടുണ്ടെങ്കിലും മലയിറങ്ങി വരുന്നവരുടെയെല്ലാം മുഖത്ത് ഒരു പ്രഭ ഉള്ളതുപോലെ എനിക്കു തോന്നി.  ക്ഷീണിച്ചും പരാതിപ്പെട്ടും ഒരാളും വരുന്നില്ല.   പൊരിവെയിലില്‍ ഒരു തൊപ്പിയുടെ നിഴലില്‍ ഇടക്കൊന്നിരുന്നും  കണ്ണുകൊണ്ട് ചുറ്റുപാടു മുഴുവനും ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചും ഞങ്ങളും മുകളിലേക്ക് പോയി. അവിടെ നിന്നുമുള്ള കാഴ്ചയെ വിശേഷിപ്പിക്കാന്‍ 'അവര്‍ണനീയം' എന്ന തേഞ്ഞുപോയ വാക്കല്ലാതെ മറ്റൊന്നും തികയില്ല. സെഡോണയില്‍ തന്നെയാണ് മണിയുടെ ആകൃതിയുള്ള ബെല്‍ റോക്ക്.

പിന്നെ പോയത് സ്ലൈഡ് റോക്ക് സ്‌റ്റേറ്റ് പാര്‍ക്കിലേക്കാണ്.  കുട്ടികള്‍ കളിക്കുകയും തിമിര്‍ക്കുകയും ചെയ്യന്ന ശബ്ദം കേള്‍ക്കാനുണ്ടായിരുന്നു.  ഇത് പ്രകൃതി സൃഷ്ടിച്ച വാട്ടര്‍ സ്ലൈഡാണ്. വെള്ളത്തില്‍ക്കളിക്കാനുള്ള കോപ്പൊന്നും ഇല്ലാതിരുന്നതുകൊണ്ട് അവിടെ കയറാതെ 221 കിലോമീറ്റര്‍ അകലെയുള്ള പെട്രിഫൈഡ ഫോറസ്റ്റിലേക്ക് വെച്ചുപിടിച്ചു.  നാല്‍പ്പതാം നമ്പര്‍ ഹൈവേയിലൂടെ രണ്ടു മണിക്കൂര്‍ പടിഞ്ഞാറെക്കുള്ള യാത്രയാണിത്.  പേരു പോലെ തന്നെ കല്ലായി മാറിയ വനം.  

കാണുമ്പോള്‍ മുറിച്ചിട്ട തടികളാണെന്നേ തോന്നൂ.

മുറിച്ചിട്ട തടികള്‍ പോലെ ശിലകള്‍

മരുഭൂവിലെ കല്‍മരങ്ങള്‍
Pterified Forest National Parkന്റെ ഗേറ്റിനടുത്തുതന്നെയുള്ള അന്വേഷണ വിഭാഗത്തില്‍ നിന്നും പാര്‍ക്കിന്റെ മാപ്പും ഓരോ മുക്കിലുമുള്ള പ്രത്യേകതകളും വിശദമാക്കിത്തരും.  45 കിലോമീറ്റര്‍ നീളമുള്ളതാണ് പാര്‍ക്കിനു നടുവിലൂടെയുള്ള റോഡ്.  എല്ലാ പോയിന്റിലും നിര്‍ത്തി കാണാനാണ് പരിപാടിയെങ്കില്‍ ഒരു ദിവസം വേണ്ടിവരുമെന്നു തോന്നുന്നു.  ഇവിടെ ഹൈക്കിംഗിനുള്ള വഴികളും തിരിച്ചിട്ടുണ്ട്.  ബ്ലൂമേസ ട്രെയില്‍ ഏകദേശം ഒന്നര കിലോമീറ്റര്‍ ദൂരമേയുള്ളൂ. 

Pterified wood ദൂരെനിന്നും കാണുമ്പോള്‍ മുറിച്ചിട്ട തടികളാണെന്നേ തോന്നൂ.  അടുത്തു ചെന്ന് തൊട്ടു നോക്കിയാല്‍ നല്ല വെള്ളാരങ്കല്ലിന്റെ തണുപ്പും മിനുപ്പും.   225 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്ന മരങ്ങളാണ് ഭൂമിക്കടിയിലായിപ്പോയതും ചീയാതെ അഴുകാതെ കല്ലായി മാറിയതും. 

ഇവിടെ രണ്ടായിരം വര്‍ഷങ്ങള്‍ പഴക്കമുള്ള ശിലാലിഖിതങ്ങള്‍ കാണും.  അറുന്നൂറിലേറെ ശിലാലിഖിതങ്ങളും  ശിലാചിത്രങ്ങളും സൂക്ഷിച്ചുവെച്ചിരുന്ന ഈ പാറകളെ ന്യൂസ്‌പേപ്പര്‍ റോക്‌സ് എന്നു വിളിക്കുന്നു. പുരാതന ഹഹോഗം (Hohokam) ഗോത്രത്തിന്റെതാണ് ഈ ശിലാലിഖിതങ്ങള്‍.  

പുരാതന ഹഹോഗം (Hohokam) ഗോത്രത്തിന്റെതാണ് ഈ ശിലാലിഖിതങ്ങള്‍.  

ന്യൂസ്‌പേപ്പര്‍ റോക്‌സ്

ഈ പാര്‍ക്കിലെ ആറു കിലോമീറ്ററോളം ദൂരത്തില്‍ നിറം പൂശിയ കുന്നുകളും പാറകളും കണ്ടപ്പോള്‍ നാഷണല്‍ ജിയോഗ്രാഫിക്‌സിന്റെ ഒരു പേജിലാണോ നില്‍ക്കുന്നത് എന്ന് തോന്നിപ്പോയി.  Painted desert എന്ന പേരു പോലെ തന്നെ പല നിറങ്ങളുള്ള അടുക്കുകളായിട്ടാണ് മലകളും കുന്നുകളും രൂപപ്പെട്ടിരിക്കുന്നത്. 

ഞങ്ങള്‍ അവിടെ നിന്നുമിറങ്ങിയത് സൂര്യസ്തമയത്തിനു തൊട്ടു മുന്‍പായിരുന്നു.  അതുകൊണ്ടോ എന്തോ നോക്കെത്തുന്ന ദൂരത്തെങ്ങും വണ്ടികളോ ആളുകളോ ഉണ്ടായിരുന്നില്ല. വിസ്തരിച്ചു കിടക്കുന്ന സൗന്ദര്യം മുഴുവനായും ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചും അത് സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞും മനസ്സില്ലാമനസ്സോടെ അന്നത്തെ കാഴ്ചകള്‍ മതിയാക്കി അന്ന് ഫ്‌ലാഗ് സ്റ്റാഫില്‍ താമസിച്ചു.   

നാഷണല്‍ ജിയോഗ്രാഫിക്‌സിന്റെ ഒരു പേജിലാണോ നില്‍ക്കുന്നത് എന്ന് തോന്നിപ്പോയി.

പല നിറങ്ങളുള്ള അടുക്കുകളായി മലകളും കുന്നുകളും

പ്രൗഢഗിരികന്ദരം (The Grand Canyon)  

ഈ യാത്രയുടെയും അരിസോണയുടെയും അഭിവാജ്യഭാഗമായ ഗ്രാന്‍ഡ് കാന്യനില്‍ പിറ്റേ ദിവസം മുഴുവന്‍ ചിലവഴിച്ചു.  ഗ്രാന്‍ഡ് കാന്യന്‍ പാര്‍ക്കിന്റെ തെക്കേ വിളുമ്പില്‍ (south rim) നിന്നാണ് കാഴ്ച തുടങ്ങിയത്.  ഇവിടെ നാല് വഴികളിലായി പോകുന്ന ബസുകളുണ്ട്. ഇത് പാര്‍ക്കിന്റെ പ്രവേശനത്തുകയില്‍ ഉള്‍പ്പെട്ടതാണ്.  ഈ ബസുകള്‍ പോകുന്ന വഴികളെ അവിടുത്തെ പ്രത്യകതകള്‍ തുടങ്ങിയവ വിവരിക്കുന്ന മാപ്പ് നോക്കി നമുക്ക് കാഴ്ചകള്‍ തീരുമാനിക്കാം.    

'നാലുപാടും നീലമേലാപ്പു കെട്ടിയ അനന്തചക്രവാളം. മേഘമാലകള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്ത അഗാധ നീലിമ; കണ്ണെത്താത്ത സൗന്ദര്യസരസ്സിനു കരങ്കല്‍പ്പടവുകള്‍ തീര്‍ത്ത മലനിരകള്‍; കിഴക്കും തെക്കും പടിഞ്ഞാറും വടക്കും ഇതള്‍ വിരിഞ്ഞ ഗിരിനിരകളുടെ നീലത്താമരത്തടാകങ്ങള്‍. കിനാവുകളുടെ അനന്തസാമ്രാജ്യം'  കവിയുടെ കാല്‍പ്പാടുകള്‍ (പി. കുഞ്ഞിരാമന്‍ നായര്‍) ഗ്രാന്‍ഡ്  കാന്യനില്‍ നിന്നാണോ തുടങ്ങുന്നത്  എന്ന് തോന്നിപ്പോവും.

പി. കുഞ്ഞിരാമന്‍ നായര്‍ ഗ്രാന്‍ഡ്  കാന്യനില്‍ നിന്നാണോ തുടങ്ങുന്നത് എന്ന് തോന്നിപ്പോവും 

The Grand Canyon

 ഇതാണ് കണ്‍മുമ്പില്‍ നിരക്കുന്നതെങ്കിലും  അരിസോണ കാല്‍പനിക സൗന്ദര്യമല്ല എനിക്ക് തന്നത്.  അതിന്റെ വന്യത, രൂക്ഷ രസങ്ങളോടെ പരുഷമായി എന്നില്‍ നിറയുകയായിരുന്നു. .  

ഭൂപ്രതലത്തിന്റെ tectonic ചലനത്തില്‍ 60 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ പൊങ്ങി വന്നതാണ് കൊളറാഡോ പീഠഭൂമി.  അമ്പലത്തിന്റെയും താറാവിന്റെയും മാത്രമല്ല ഉപമയില്ലാത്ത പല  രൂപങ്ങളിലും പര്‍വ്വതങ്ങള്‍ നിരന്നു നില്‍ക്കുന്നു. അതിനെയൊക്കെ ചുറ്റിപ്പിടിച്ച്  താഴെത്താഴെ ചുവട്ടിലൂടെ കൊളറാഡോ നദി അങ്ങനെ ഒഴുകിക്കൊണ്ടിരിക്കുന്നു.

( അടുത്ത ഭാഗം നാളെ )  
 

ആദ്യ ഭാഗം: ഈ മലകയറിയവരാരും മടങ്ങിവന്നിട്ടില്ല!
 

click me!