ആമിര്‍ ഖാന്റെ പുതിയ സിനിമ  'ദംഗലിന്റെ യഥാര്‍ത്ഥ കഥ!

By Web DeskFirst Published Oct 20, 2016, 9:55 AM IST
Highlights

ആരായിരുന്നു മഹാവീര്‍ സിംഗ് ഫൊഗാത് എന്നറിയുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവും. 

ഹരിയാനയിലെ ബിവാലി ജില്ലയിലുള്ള ബല്‍ഗാലി എന്ന കുഗ്രാമത്തിലാണ് മഹാവീര്‍ ജനിച്ചത്. പിതാവ് മാന്‍ സിംഗ് പ്രശസ്തനായ ഫയല്‍വാനായിരുന്നു. ആ വഴി പിന്തുടര്‍ന്ന് ചെറുപ്പത്തിലെ മഹാവീര്‍ അഖാഡയില്‍ ക~ിന പരിശീലനങ്ങള്‍ തുടങ്ങി. വൈകാതെ ഫയല്‍വാന്‍ എന്ന നിലയില്‍ അറിയപ്പെട്ട മഹാവീര്‍ പിന്നീട് സമീപഗ്രാമങ്ങളിലും ഹരിയാനയിലെ നഗരങ്ങളിലും മറ്റും ഗുസ്തി മല്‍സരങ്ങളില്‍ പങ്കാളികളായി. ഗുസ്തിയിലെ കിരീടം വെക്കാത്ത രാജാവായി മാറിയ മഹാവീറിന് വൈകാതെ അയല്‍ സംസ്ഥാനങ്ങളില്‍നിന്നും ക്ഷണങ്ങള്‍ ഏറെ വന്നു. അര ലക്ഷം രൂപയായിരുന്നു ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളില്‍ മഹാവീറിന്റെ പ്രതിഫലം. എന്നാല്‍, ദേശീയ തലത്തില്‍ നേട്ടങ്ങള്‍ കൊയ്യാന്‍ മഹാവീറിന് കഴിഞ്ഞില്ല. വിദ്യാഭ്യാസ യോഗ്യത അടക്കമുള്ളവയായിരുന്നു അയാള്‍ക്ക് തടസ്സമായത്. 

മഹാവീറും മക്കളും ആമിറിനൊപ്പം

രാജ്യത്തിന് ഒരു ഒരു സ്വര്‍ണ്ണം. അതായിരുന്നു മഹാവീറിന്റെ സ്വപ്‌നം. തനിക്ക് കഴിയാത്തത് പിന്‍മുറക്കാരിലൂടെ നേടിയെടുക്കണമെന്ന് അയാള്‍ ആഗ്രഹിച്ചു. അങ്ങനെയാണ് ഒരു പുത്രനു വേണ്ടി മഹാവീര്‍ ആഗ്രഹിച്ചത്. ഭാര്യ ദയാ കൗര്‍ ഗര്‍ഭിണിയായപ്പോള്‍ അയാള്‍ പ്രതീക്ഷയോടെ കാത്തിരുന്നു. എന്നാല്‍, അയാളെ നിരാശപ്പെടുത്തി, ഭാര്യ ഒരു പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി. ഭാര്യ വീണ്ടും ഗര്‍ഭിണിയായപ്പോള്‍ അത് ആണ്‍കുഞ്ഞ് ആവുമെന്ന് വീണ്ടുമയാള്‍ പ്രതീക്ഷിച്ചു. അതും പെണ്‍കുട്ടിയായിരുന്നു. ഗീത എന്നും ബബിത കുമാരി എന്നും അവര്‍ക്ക് പേരിട്ടു. അഞ്ചു മക്കളായിരുന്നു മഹാവീറിന്. നാല് പെണ്‍മക്കള്‍. അവസാനത്തേത് ആണ്‍കുട്ടി. ബബിതയ്ക്കും ഗീതയ്ക്കും ശേഷം വന്ന മറ്റു മൂന്ന് കുട്ടികളും ഗുസ്തി പരിശീലനത്തില്‍ സജീവമായിരുന്നു. വളര്‍ന്നു വരുന്ന താരങ്ങളാണ് അവരിപ്പോള്‍. കുടുംബത്തിലെ മറ്റു പെണ്‍കുട്ടികളും നാട്ടിലെ തല്‍പ്പരരായ പെണ്‍കുട്ടികളും പിന്നീട് മഹാവീറിന്റെ അടുത്ത് ശിഷ്യകളായി എത്തി. സ്വന്തം ജിംനേഷ്യവും അഖാഡകളുമായി നിരവധി പെണ്‍കുട്ടികള്‍ക്ക് മഹാവീര്‍ പരിശീലനം നല്‍കുന്നുണ്ട്. 

ഗീതയും ബബിതയും മാത്രമല്ല, മഹാവീറിന്റെ സഹോദരന്റെ മകന്‍ വിനേഷും ഗുസ്തി താരമാണ്. അവര്‍ക്കൊപ്പമായിരുന്നു വിനേഷിന്റെയും പരിശീലനം. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വിനേഷും മെഡല്‍ നേടി. 

ബബിതയും ഗീതയും 

ഹരിയാനയില്‍ ഗുസ്തി അന്ന് പുരുഷന്‍മാരുടെ മാത്രം കുത്തകയായിരുന്നു. ഗോദകളിലും അഖാഡകളിലും ആണ്‍കുട്ടികള്‍ക്കു മാത്രമായിരുന്നു പ്രവേശനം. അതിനാല്‍, മഹാവീര്‍ നിരാശനായി. എന്നാല്‍, കുഞ്ഞുന്നാള്‍ മുതലേ ഗുസ്തി കണ്ടു വളര്‍ന്ന പെണ്‍മക്കള്‍ അതിനോട് ഏറെ താല്‍പ്പര്യം കാട്ടിയത് അയാളെ മാറിച്ചിന്തിപ്പിച്ചു. എന്തു കൊണ്ട് തന്റെ പെണ്‍മക്കള്‍ക്ക് ഗുസ്തിക്കാരായിക്കൂടാ എന്നയാള്‍ ചിന്തിച്ചു. വലിയൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു അത്. 

അഖാഡകളില്‍ പെണ്‍കുട്ടികള്‍ക്ക് ഇടമില്ലാത്തതിനാല്‍, സ്വന്തം അഖാഡയില്‍ അയാള്‍ പെണ്‍മക്കളെ പരിശീലിപ്പിക്കാന്‍ തുടങ്ങി. പിതാവില്‍നിന്നും സ്വാംശീകരിച്ച ഗുസ്തി തന്ത്രങ്ങള്‍ മുഴുവന്‍ അയാള്‍ പെണ്‍മക്കള്‍ക്ക് പകര്‍ന്നു നല്‍കി. പെട്ടെന്നുതന്നെ ഗുസ്തിയില്‍ ഇരുവരും പ്രതിഭ തെളിയിച്ചു. എന്നാല്‍, ഗുസ്തി മല്‍സര വേദികളില്‍ അവര്‍ക്ക് പ്രവേശനമില്ലായിരുന്നു. ആണ്‍കുട്ടികള്‍ക്ക് മാത്രമുള്ള ഇടത്ത് ഗീതയും ബബിതയും വരുന്നതില്‍ നാട്ടുകാര്‍ എതിര്‍പ്പു പ്രകടിപ്പിച്ചു. അതിനിടെ, മഹാവീറിന്റെ കുടുംബത്തെ നാട്ടുകാര്‍ സാമൂഹ്യമായി ഒറ്റപ്പെടുത്തി.  

മഹാവീറും മക്കളും ആമിറിനൊപ്പം

ടര്‍ന്ന് മക്കളുമായി മഹാവീര്‍ സോനാപത്തിലുള്ള സായ് പരിശീലന കേന്ദ്രത്തില്‍ ചെന്നു. ബബിതയുടെയും ഗീതയുടെയും പ്രതിഭ തിരിച്ചറിഞ്ഞ സായ് പരിശീലകര്‍ അവരെ തെരഞ്ഞെടുത്തതോടെ കഥ മാറി. ആധുനിക പരിശീലനം  അവരുടെ പ്രതിഭയെ തേച്ചുമിനുക്കി. പിതാവില്‍നിന്നും സ്വായത്തമാക്കിയ പാഠങ്ങളും പ്രതിഭയും അതിന് സഹായകമായി. പിന്നീട് സംഭവിച്ചത് ചരിത്രമാണ്. 

ഇരുവരും ഗുസ്തിയിലെ മിന്നും താരങ്ങളായി മാറി. നിരവധി മല്‍സരങ്ങളില്‍ സമ്മാനം നേടി. ഒടുവില്‍ ഗീത 2010ല്‍ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടി. നാലു വര്‍ഷങ്ങള്‍ക്കു ശേഷം ബബിതയും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രാജ്യത്തിനു വേണ്ടി സ്വര്‍ണ്ണം നേടി. ഗീത ഒളിമ്പിക്‌സ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ ഒളിമ്പിക്‌സ് ടീമില്‍ ഇടം നേടിയ ആദ്യ വനിതാ ഗുസ്തി താരമായി അവള്‍ മാറി. പരിശീലകനെന്ന നിലയില്‍ മഹാവീര്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് പിന്നീട് രാജ്യം ദ്രോണാചാര്യ പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചു. 

ഹരിയാനയിലെ സ്ത്രീകളോടുള്ള വിവേചനത്തെ മറികടന്നവരായാണ് ഗീതയെയും ബബിതയെയും ലോകം അടയാളപ്പെടുത്തുന്നത്. പിന്നില്‍ ഉരുക്കു കോട്ടപോലെ ഉറച്ചുനിന്ന പിതാവായിരുന്നു അവരുടെ വിജയത്തിന്റെ മുഴുവന്‍ ഊര്‍ജസ്രോതസ്സ്. ആ മഹത്തായ ജീവിതമാണ് ആമിര്‍ ഖാനിലൂടെ തിരശ്ശീലയില്‍ എത്തുന്നത്. 

 

 

click me!